Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘ബ്രൂ’ വിവാദത്തിൽ പൊള്ളി മിസോറം; തിരഞ്ഞെടുപ്പു കമ്മിഷനെതിരെ കലാപം

Mizoram-Election-2014 മിസോറം തിരഞ്ഞെടുപ്പിൽ നിന്ന് (ഫയൽ ചിത്രം)

ഐസോൾ∙ സുഗമമായ തിരഞ്ഞെടുപ്പിനു വിഘാതം സൃഷ്ടിക്കുന്നെന്നാരോപിച്ചു സംസ്ഥാന ആഭ്യന്തര പ്രിൻസിപ്പൽ സെക്രട്ടറിയെ ചുമതലകളിൽനിന്നൊഴിവാക്കിയ നടപടിക്കെതിരെ മിസോറമിൽ വൻ പ്രതിഷേധം. പ്രിൻസിപ്പൽ സെക്രട്ടറി ലാൽനൻമാവിയ ചുവാങോയെ സ്ഥാനത്തുനിന്നു മാറ്റണമെന്നു തിരഞ്ഞെടുപ്പു കമ്മിഷനോട് ആവശ്യപ്പെട്ട ചീഫ് ഇലക്ടറൽ ഓഫിസർ(സിഇഒ) എസ്.ബി. ശശാങ്കിനെതിരെയാണു സന്നദ്ധ–സാമൂഹിക സംഘടനകളുടെ ഏകോപനസമിതിയുടെ നേതൃത്വത്തിലുള്ള പ്രതിഷേധം.

വിവിധ സന്നദ്ധ സംഘടനകളുടെയും വിദ്യാർഥി സംഘടനകളുടെയും നേതൃത്വത്തില്‍ ശശാങ്കിന്റെ ഓഫിസ് പിക്കറ്റ് ചെയ്യുകയാണ്. നവംബർ അഞ്ചിനു മിസോറം വിടണമെന്ന് ഏകോപനസമിതി ശശാങ്കിന നിർദേശം നൽകിയിരുന്നു. എന്നാൽ അതുണ്ടായില്ല. തുടർന്നാണ് ഓഫിസിലേക്കു സിഇഒയെ കയറ്റില്ലെന്നു പറഞ്ഞ് ഏകോപനസമിതിയുടെ നേതൃത്വത്തിൽ പിക്കറ്റിങ് ആരംഭിച്ചത്. സിഇഒ ഓഫിസിൽ ഇല്ലെന്നു പൊലീസ് വ്യക്തമാക്കി. സംഘർഷസാധ്യതയുള്ളതിനാൽ അദ്ദേഹം ഔദ്യോഗിക വസതിയിൽ തുടരുകയാണ്.

തിരഞ്ഞെടുപ്പ് പ്രക്രിയയിൽ ഇടപെടുന്നുവെന്നാരോപിച്ചാണു മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥനായ ചുവാങോയെ ഉടൻ നീക്കാൻ തിരഞ്ഞെടുപ്പു കമ്മിഷൻ മിസോറം സർക്കാരിനോടു കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടത്. വിവിധ മാധ്യമങ്ങളും ഇതു സംബന്ധിച്ചു കമ്മിഷനു പരാതി നൽകിയിരുന്നു. ഗുജറാത്ത് കേഡറിൽനിന്നു ഡപ്യൂട്ടേഷനിലുള്ള ഉദ്യോഗസ്ഥനായ ഇദ്ദേഹത്തിനു തിരഞ്ഞെടുപ്പ് കഴിയുന്നതു വരെ മിസോറമിൽ ഒരു ചുമതലയും നൽകരുതെന്നാണ് കമ്മിഷൻ സർക്കാരിനോടാവശ്യപ്പെട്ടത്. ത്രിപുരയിലെ അഭയാർഥി ക്യാംപുകളിൽ കഴിയുന്ന ബ്രൂ വംശജർക്കു വോട്ടു ചെയ്യാൻ അവസരം നിഷേധിച്ചത് അടക്കം 6 പരാതികളാണു ചുവാങോക്കെതിരെ ഉന്നയിച്ചത്. 1990കളിൽ വംശീയകലാപത്തെത്തുടർന്നു ബ്രൂ സമുദായത്തിലെ ആയിരങ്ങളാണു ത്രിപുരയിലേക്ക് ഓടിപ്പോയത്.

എന്നാൽ ചുവാങോയെ പുറത്താക്കാനുള്ള നീക്കം നടത്തിയതിലൂടെ ശശാങ്കിന്മേലുള്ള വിശ്വാസം ജനങ്ങൾക്കു നഷ്ടപ്പെട്ടതായി സമരക്കാർ പറഞ്ഞു. തിരഞ്ഞെടുപ്പിന്റെ സുഗമമായ നടത്തിപ്പിനു സിഇഒയെയാണു മാറ്റേണ്ടതെന്നു ആവശ്യപ്പെട്ട് മിസോറം മുഖ്യമന്ത്രി ലാൽ തൻഹാവ്‌ലയും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു കത്തയച്ചു. നവംബർ 28നാണു മിസോറമിലെ 40 അംഗ നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ്.

മിസോറമിലെ സർക്കാർ ജീവനക്കാരുടെ സംഘടനകളോടും സമരത്തെ അനുകൂലിച്ചു ജോലിയിൽനിന്നു വിട്ടുനിൽക്കണമെന്ന് ഏകോപനസമിതി ആവശ്യപ്പെട്ടിട്ടുണ്ട്. മിസോറം മർച്ചന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ ഐസോൾ നഗരത്തിലെ വ്യാപാരസ്ഥാപനങ്ങളും അടച്ചിട്ടു. ആഭ്യന്തര വകുപ്പിന്റെ അനുമതിയില്ലാതെ മിസോറമിലേക്കു സൈനികരെ കൊണ്ടുവരാനുള്ള ശശാങ്കിന്റെ നീക്കത്തിനെതിരെയും പരാതിയുണ്ട്.

സൈനികരെ വിന്യസിക്കുന്നതിനുള്ള ചെലവു സംസ്ഥാനമാണു വഹിക്കേണ്ടത്. എന്നാൽ ഇതു പാഴ്ച്ചെലവാണെന്നു സമരക്കാർ പറയുന്നു. മുൻവർഷങ്ങളിൽ സംസ്ഥാന പൊലീസിന്റെ നേതൃത്വത്തിൽ സമാധാനപരമായാണു മിസോറമിൽ തിരഞ്ഞെടുപ്പു നടന്നിരുന്നത്. സൈന്യത്തെ വിന്യസിക്കാനുള്ള ശശാങ്കിന്റെ തീരുമാനത്തെ ചുവാങോ ചോദ്യം ചെയ്തതും പരാതിക്കു കാരണമായി.

മിസോറമിലേക്കു തിരഞ്ഞെടുപ്പിനു മറ്റിടങ്ങളിൽനിന്നു സൈനികരെ എത്തിക്കുന്നതിനു വാഹനങ്ങൾ വിട്ടുകൊടുക്കരുതെന്നു സ്വകാര്യ വാണിജ്യവാഹനങ്ങളുടെ ഉടമകളോടും ആവശ്യപ്പെട്ടിരിക്കുകയാണു സമരക്കാർ. സൈനികരെ മിസോറമിലേക്ക് എത്തിക്കാൻ അസമിലേക്കു പോകുകയായിരുന്ന വാഹനങ്ങൾ സമരക്കാർ പലയിടത്തും തടഞ്ഞു. അസം അതിർത്തിയിൽ 76 വാഹനങ്ങളാണ് ഇതുവരെ യങ് മിസോ അസോസിയേഷന്റെ നേതൃത്വത്തിൽ തടഞ്ഞിട്ടത്. ഇവയിൽ പലതും ഐസോളിലേക്കു മടങ്ങി. എന്നാൽ തിരഞ്ഞെടുപ്പു കമ്മിഷൻ പറഞ്ഞ കാര്യം അനുസരിക്കുക മാത്രമാണു താന്‍ ചെയ്തതെന്നായിരുന്നു സിഇഒ വ്യക്തമാക്കിയത്.

ബ്രൂ വംശജർക്കു വോട്ടു ചെയ്യാൻ സഹായിക്കുന്ന ഒരു വിജ്ഞാപനം ഇക്കഴിഞ്ഞ സെപ്റ്റംബർ 11നു ശശാങ്ക് പുറത്തുവിട്ടിരുന്നു. ‘ഐഡന്റിഫിക്കേഷൻ സ്‌ലിപ്പുകൾ’ ഔദ്യോഗിക രേഖയായി ഉപയോഗിച്ചു വോട്ടുചെയ്യാമെന്നായിരുന്നു ജില്ലാ തിരഞ്ഞെടുപ്പ് ഓഫിസർമാർക്കും ഇലക്ടറൽ റജിസ്ട്രേഷൻ ഓഫിസർമാർക്കും നൽകിയ നിർദേശം. എന്നാൽ സ്വദേശത്തേക്കു മടങ്ങി വരാനുള്ള രേഖയായിട്ടല്ലാതെ ബ്രൂ വംശജർ മറ്റൊന്നിനും ഐഡന്റിഫിക്കേഷന്‍ സ്‌ലിപ്പുകൾ ഉപയോഗിക്കരുതെന്ന വിജ്ഞാപനം സെപ്റ്റംബർ 13നു ചുവാങോ പുറത്തിറക്കി. തിരഞ്ഞെടുപ്പു കമ്മിഷന്റെ നടപടിയിലുള്ള ചുവാങോയുടെ ഈ ഇടപെടലാണു ശശാങ്കിനെ ചൊടിപ്പിച്ചത്.

ത്രിപുരയിലെ അഭയാർഥി ക്യാംപുകളിൽ കഴിയുന്ന ബ്രൂ വംശജരുടെ വോട്ടർപട്ടിക പുതുക്കാനുള്ള നീക്കത്തിനെതിരെയും നേരത്തേ തിരഞ്ഞെടുപ്പ് കമ്മിഷൻ വിമർശനം ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. മിസോറമിലേക്കു മടങ്ങാതെ ത്രിപുരയിൽ തുടരുന്ന ബ്രൂ അഭയാർഥികളുടെ വോട്ടവകാശം ഉൾപ്പെടെ റദ്ദാക്കണമെന്നും വിവിധ സംഘടനകൾ ആവശ്യപ്പെടുന്നു. ബ്രൂ വംശജരെ പിന്തുണച്ചതിലൂടെ മിസോറമിലെ ജനങ്ങളുടെ വികാരം തിരഞ്ഞെടുപ്പു കമ്മിഷനും സിഇഒയും വ്രണപ്പെടുത്തിയെന്നാണു സമരക്കാരുടെ പരാതി.