Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കശ്മീരിൽ വെടിവയ്പ്; സൈന്യം വിട്ട് ഹിസ്ബുലിൽ ചേർന്നയാൾ ഉൾപ്പെടെ 2 മരണം

Indian Army

ശ്രീനഗർ∙ സൈന്യം വിട്ട് ഭീകര സംഘടനയിൽ ചേർന്നയാൾ ഉൾപ്പെടെ രണ്ടു പേർ കശ്മീരിൽ വെടിയേറ്റു മരിച്ചു. ഹിസ്ബുൽ മുജാഹിദീന്‍ ഭീകരന്മാരായ ഛോട്ടാ അബ്രാർ എന്നറിയപ്പെടുന്ന മുഹമ്മഹ് ഇദ്രീസ് സുൽത്താൻ, അബു സൊബാൻ എന്നു വിളിപ്പേരുള്ള ആമിർ ഹുസൈൻ റാത്തർ എന്നിവരാണു ഷോപിയാനിൽ നടന്ന വെടിവയ്പിൽ കൊല്ലപ്പെട്ടത്.

തെക്കൻ കശ്മീരിലെ സൈനപോരയിൽ സാഫനഗ്രി മേഖലയിൽ ഭീകരർ ഒളിച്ചിരിപ്പുണ്ടെന്ന വിവരത്തെത്തുടർന്നു സൈന്യം തിരച്ചിൽ നടത്തുകയായിരുന്നു. ചൊവ്വാഴ്ച പുലർച്ചെയോടെ തിരച്ചിൽ നടക്കുന്നതിനിടെ സൈന്യത്തിനു നേരെ ഒളിച്ചിരുന്ന ഭീകരർ വെടിയുതിർത്തു. തുടർന്നുണ്ടായ പ്രത്യാക്രമണത്തിലാണു രണ്ടു ഭീകരർ കൊല്ലപ്പെട്ടത്.

മേഖലയിൽ സൈനികർക്കും സാധാരണക്കാര്‍ക്കും നേരെ വിവിധ ആക്രമണങ്ങൾ നടത്തിയതിന്റെ പേരിൽ പൊലീസ് തിരയുന്ന ഹിസ്ബുൽ മുജാഹിദീൻ ഭീകരന്മാരാണ് ഇരുവരുമെന്നു സൈന്യം സ്ഥിരീകരിച്ചു. കഴിഞ്ഞ വർഷം ഏപ്രിലിലാണ് മുഹമ്മഹ് ഇദ്രീസ് സുൽത്താൻ സൈനിക സേവനം വിട്ട് ഭീകരർക്കൊപ്പം ചേർന്നത്.

ആക്രമണത്തിനിടെ മറ്റു നാശനഷ്ടങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും സൈനിക വക്താവ് വ്യക്തമാക്കി. ആയുധങ്ങളും വെടിക്കോപ്പുകളും ഉൾപ്പെടെ ഇവർ തങ്ങിയ കെട്ടിടത്തിൽനിന്നു പിടിച്ചെടുത്തു. മറ്റു ഭീകരരും ഒളിച്ചിരിപ്പുണ്ടെന്ന വിവരത്തെത്തുടർന്നു സൈന്യം തിരച്ചിൽ ശക്തമാക്കി.

വെടിവയ്പ് നടന്ന സ്ഥലത്തേക്കു വരരുതെന്നു പ്രദേശവാസികളോടു പൊലീസ് പറഞ്ഞിട്ടുണ്ട്. ഇവിടെ സ്ഫോടകവസ്തുക്കൾ ചിതറിക്കിടക്കുന്നതായാണു വിവരം. ഇവ മാറ്റിക്കഴിഞ്ഞതിനു ശേഷം മാത്രമേ പൊതുജനങ്ങൾക്കു പ്രവേശനം ഉണ്ടാകൂവെന്നും പൊലീസ് അറിയിച്ചു.