Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അയോധ്യയുടെ ദിശാസൂചകമായി രാമന്റെ പ്രതിമ ഉയരും; ആവർത്തിച്ച് യോഗി ആദിത്യനാഥ്

yogi-adityanath യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.

ലക്നൗ∙ അയോധ്യയുടെ വിശേഷണത്തിന് ഉതകുന്ന തരത്തിൽ അവിടെ രാമന്റെ പ്രതിമ നിർമിക്കുമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ദീപാവലിയോടനുബന്ധിച്ചാണ് അയോധ്യയിൽ രാമന്റെ പ്രതിമ നിർമിക്കുമെന്ന മുൻവർഷത്തെ പ്രഖ്യാപനം മുഖ്യമന്ത്രി ആവർത്തിച്ചത്. സഞ്ചാരികളെ ആകർഷിക്കുന്ന തരത്തിലാകും പ്രതിമ നിർമ്മിക്കുക.

ലഭ്യമാകുന്ന സ്ഥലത്തിനനുസരിച്ച് ഇതിന്റെ മറ്റു വിശദാംശംങ്ങൾ തീരുമാനിക്കും. ഒരു ക്ഷേത്രത്തിനുള്ളിലായിരിക്കും പ്രതിമ നിർമ്മിക്കുക. അയോധ്യയിലേക്കുള്ള ദിശാസൂചകമായി മാറുന്ന വമ്പൻ പ്രതിമയാവും ഇതെന്നും ഗുജറാത്തിലെ സർദാർ പട്ടേൽ പ്രതിമയെ സൂചിപ്പിച്ച് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. അയോധ്യയിലെ തർക്കഭൂമിയിൽ ക്ഷേത്രം പണിയുന്നതു സംബന്ധിച്ച്, ക്ഷേത്രം അവിടെയുണ്ടായിരുന്നെന്നും അവിടെ തന്നെയുണ്ടാകുമെന്നുമായിരുന്നു മറുപടി. ഭരണഘടനയുടെ അതിരുകൾക്കുളളിൽ നിന്നാവും ഇതിനുളള ശ്രമം നടത്തുകയെന്നും അദ്ദേഹം വിശദീകരിച്ചു.

അയോധ്യയിൽ രാമ പ്രതിമ നിർമ്മിക്കുമെന്ന സംസ്ഥാന സർക്കാർ കഴിഞ്ഞ വർഷം പ്രഖ്യാപിച്ചിരുന്നതാണെങ്കിലും തുടർപ്രവർത്തനങ്ങൾ നടന്നിരുന്നില്ല. പ്രതിമ സ്ഥാപിക്കേണ്ട സ്ഥലം പോലും ഇതുവരെ ഏറ്റെടുത്തിട്ടില്ല. അയോധ്യയിൽ രാമക്ഷേത്ര നിർമ്മാണമെന്ന ആവശ്യം വീണ്ടും ഉയരുന്നതിനിടെയാണ് രാമന്റെ പ്രതിമ നിർമ്മാണത്തിനും ജീവൻ വച്ചു തുടങ്ങിയിട്ടുള്ളത്. 

മൂന്നു ദിവസത്തെ ദീപാവലി ആഘോഷങ്ങൾക്കു ശേഷം ചൊവ്വാഴ്ച നടന്ന സമാപന ചടങ്ങിൽ രാമ പ്രതിമ സംബന്ധിച്ച പ്രഖ്യാപനം മുഖ്യമന്ത്രി നടത്തുമെന്നാണ് പ്രതീക്ഷിച്ചിരുന്നെങ്കിലും ക്ഷേത്ര നഗരിയിലെ വികസന പ്രവർത്തനങ്ങളെക്കുറിച്ചു മാത്രമാണ് ചടങ്ങിൽ യോഗി പ്രസംഗിച്ചത്. ശ്രീരാമന്‍റെ പേരിൽ അയോധ്യയിൽ വിമാനത്താവളവും ശ്രീരാമന്റെ പിതാവ് ദശരഥന്‍റെ പേരിൽ മെഡിക്കൽ കോളജും ആരംഭിക്കുമെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.

related stories