Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നേരിയ ഇടിവിൽ വിപണി ക്ലോസ് ചെയ്തു; രൂപയ്ക്ക് മൂല്യമുയർന്നു

stock-market പ്രതീകാത്മക ചിത്രം

കൊച്ചി∙ പുതു സംവതിൽ മുഹൂർത്ത വ്യാപാരം നൽകിയ ഉണർവിനും ഒരു ദിവസത്തെ അവധിക്കുംശേഷം വിപണി ഇന്നു വ്യാപാരം ആരംഭിച്ചതു മികച്ച നിലയിൽ. വാരാന്ത്യ വ്യാപാരം ക്ലോസ് ചെയ്യുമ്പോൾ കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ചു നേരിയ ഇടിവുണ്ടെങ്കിലും വിപണിയിൽ പോസറ്റീവ് പ്രവണത തുടരുന്നതിന്റെ ലക്ഷണങ്ങൾ തന്നെയാണു പ്രകടമാകുന്നത്. യുഎസ്, യൂറോപ്പ് വിപണിയിലും ഏഷ്യൻ വിപണിയിലും നെഗറ്റീവ് പ്രവണതകൾ ദൃശ്യമായിട്ടും ഇന്ത്യൻ രൂപ നില മെച്ചപ്പെടുത്തിയതും ക്രൂഡ് വിലയിടിവും ഇന്ത്യൻ വിപണിയെ ഉണർവോടെ നിലനിർത്തിയെന്നു സെലിബ്രസ് ക്യാപിറ്റൽ സീനിയർ അനലിസ്റ്റ് ജോസ് മാത്യു വിലയിരുത്തുന്നു.

മുഹൂർത്ത വ്യാപാരത്തിൽ 10598.4ൽ ക്ലോസ് ചെയ്ത വിപണി 10614.70 എന്ന നിലയിലാണു രാവിലെ വ്യാപാരം ആരംഭിച്ചത്. 10619.9 വരെ എത്തി വ്യാപാരം അവസാനിപ്പിക്കുമ്പോൾ 0.12% ഇടിവോടെ 10585.2 എന്ന നിലയിൽ ഇന്ന് ക്ലോസ് ചെയ്തു. സെൻസെക്സാകട്ടെ കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് 0.22% മാത്രം ഇടിവിൽ 35158,55 എന്ന നിലയിലാണു ക്ലോസ് ചെയ്തത്. നിഫ്റ്റി 10500നു മുകളിൽ വീക്കിലി ക്ലോസിങ് നടത്തിയതിനാൽ വരും ആഴ്ച 10700–10840 ആയിരിക്കും റെസിസ്റ്റൻസ് ലവലെന്നാണു വിലയിരുത്തൽ. 10500–10460–10400 എന്നതായിരിക്കും സപ്പോർട്ട് ലവൽ. 10500നു താഴെ ക്ലോസ് ചെയ്യാതിരുന്നതു വരും ദിവസങ്ങളിലും നിക്ഷേപകർ പ്രതീക്ഷ പുലർത്തുന്നതിന്റെ ലക്ഷണമായാണു കണക്കാക്കുന്നത്. കാര്യമായ സെല്ലിങ് വരും വാരത്തിലും ഉണ്ടാവില്ലെന്നാണു പ്രതീക്ഷിക്കുന്നത്.

ഇന്നു വിപണിയിൽ ആറ് സെക്ടറുകൾ പോസറ്റീവ് പ്രവണത പ്രകടമാക്കിയപ്പോൾ അഞ്ച് സെക്ടറുകൾ നഷ്ടത്തിലാണു ക്ലോസ് ചെയ്തത്. ഫാർമ, ഓട്ടോ, പ്രൈവറ്റ് ബാങ്ക് സെക്ടർ, മീഡിയ തുടങ്ങിയവയാണു നേട്ടം കൊയ്തതെങ്കിൽ മെറ്റൽസ്, ഐടി, പബ്ലിക് സെക്ടർ ബാങ്കുകൾ, റിയൽറ്റി തുടങ്ങിയവ നഷ്ടത്തിലായി. 929 സ്റ്റോക്കുകൾ ലാഭത്തിലും 802 സ്റ്റോക്കുകൾ നഷ്ടത്തിലും ക്ലോസ് ചെയ്തു. യെസ്ബാങ്ക്, ഹിന്ദു പെട്രോ, ഇന്ത്യാബുൾ, ഹൗസിങ് ഫിനാൻസ് തുടങ്ങിയവയാണ് ഇന്നു നേട്ടമുണ്ടാക്കിയ സ്റ്റോക്കുകൾ. ഭാരതി എയർടെൽ, ഇൻഫോസിസ്, ഹിന്ദാൽകോ, ഡോക്ടർ റെഡ്ഡി ഷെയറുകൾ നഷ്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു.

കഴിഞ്ഞ ദിവസം 73ന് ക്ലോസ് ചെയ്ത ഇന്ത്യൻ രൂപ ഇന്നു നില മെച്ചപ്പെടുത്തി 72.54നാണു വ്യാപാരം പുരോഗമിക്കുന്നത്. ക്രൂഡോയിൽ വിലയിലും ഇന്ന് ഇടിവാണു പ്രകടമായത്.