Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ധീരജവാൻ ആന്റണിക്ക് വിടനൽകി ഉദയംപേരൂർ; അന്ത്യോപചാരത്തിന് ആയിരങ്ങൾ

Martyred-Malayali-Soldier ലാൻസ് നായിക് കെ.എം.ആന്റണി സെബാസ്റ്റ്യന്റെ മൃതദേഹം കൊച്ചി ഉദയംപേരൂരിലെ വസതിയിൽ കൊണ്ടുവന്നപ്പോൾ അന്ത്യോപചാരം അർപ്പിക്കുന്നവർ. ചിത്രം: ജോസ്കുട്ടി പനയ്ക്കൽ

കൊച്ചി∙ കശ്മീരിൽ വീരമൃത്യു വരിച്ച ധീരജവാൻ ലാൻസ് നായിക് കെ.എം.ആന്റണി സെബാസ്റ്റ്യന്റെ മൃതദേഹം ഒരുനോക്കു കാണാൻ ബന്ധുക്കളും സുഹൃത്തുകളും നാട്ടുകാരും ഒന്നൊന്നായി എത്തുമ്പോൾ അമ്മയുടെയും ഭാര്യയുടെയും അടക്കിവച്ച തേങ്ങലുകൾ വാവിട്ട കരച്ചിലുകളായി.

പാക്ക് സൈന്യത്തിന്റെ വെടിയേറ്റുമരിച്ച ആന്റണി സെബാസ്റ്റ്യനു രാജ്യം ഇന്നു യാത്രമൊഴിയേകും. രാവിലെ നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളത്തിൽ എത്തിയ മൃതദേഹം കലക്‌ടർ മുഹമ്മദ് സഫീറുല്ലയുടെ നേതൃത്വത്തിൽ ഏറ്റുവാങ്ങി. തുടർന്ന് ഉദയംപേരൂരിലെ വസതിയിൽ കൊണ്ടുവന്നു. ആളുകൾക്കു കാണാനുള്ള സൗകര്യം മൂലം തൊട്ടടുത്തുള്ള ബന്ധുവിന്റെ വീട്ടിലാണു പൊതുദർശനത്തിനു വച്ചത്. സൈന്യത്തിന്റെ ഗാർഡ് ഓഫ് ഓണറിനു ശേഷം സംസ്കാരത്തിനായി ഇരിങ്ങാലക്കുട മുരിയാട് എംപറർ ഇമ്മാനുവൽ ചർച്ചിലേയ്ക്കു കൊണ്ടുപോയി. വൈകിട്ട് 5.30നാണു സംസ്കാരം. 

‘‘മരിക്കുന്നതിന്റെ അന്നു രാവിലെയും വിളിച്ചിരുന്നു. സന്തോഷത്തോടെയാണു സംസാരിച്ചത്. എന്നാൽ വൈകിട്ട് വിളിച്ചപ്പോൾ കിട്ടിയില്ല’– ആന്റണിയുടെ ഭാര്യ അന്ന ഡയാന ജോസഫ് പറഞ്ഞു. ‘തിരക്കായിരിക്കുമെന്നു കരുതി. പരുക്കുപറ്റി ആശുപത്രിയിൽ കൊണ്ടുപോയെന്ന സന്ദേശം രാത്രി 7.30ന് യൂണിറ്റിൽനിന്നു ലഭിച്ചു. കുറച്ചു കഴിഞ്ഞപ്പോൾ ബന്ധുക്കളും പ്രാർഥനാ ഗ്രൂപ്പിലുള്ളവരും വന്നാണു മരണവിവരം അറിയിച്ചത്.’’– അന്നയുടെ വിതുമ്പൽ നൊമ്പരമായി.

കറുകയിൽ പരേതനായ മൈക്കിളിന്റെയും ഷീലയുടെയും മകനാണ് ആന്റണി. നിയന്ത്രണരേഖയ്ക്കു സമീപം കൃഷ്ണഘട്ടി സെക്ടറിൽ (മെൻഥാർ) തിങ്കളാഴ്ച വൈകിട്ട് പാക്ക് സൈന്യം പ്രകോപനമില്ലാതെ നടത്തിയ ആക്രമണത്തിലാണു വെടിയേറ്റത്. ഉടനെ സൈനിക ആശുപത്രിയിലേക്കു മാറ്റിയെങ്കിലും മരണത്തിനു കീഴടങ്ങി. 18–ാം വയസിലാണ് ആന്റണി സൈന്യത്തിൽ ചേർന്നത്. 16 വർഷത്തെ രാജ്യസേവനം അവസാനിപ്പിച്ചു മാർച്ചിൽ മടങ്ങാനിരിക്കെയാണ് വീരമൃത്യു വരിച്ചത്. ഒക്ടോബര്‍ രണ്ടിനാണ് കശ്മീരിലേക്കു പോയത്.

Martyred-Malayali-Soldier-Kochi ലാൻസ് നായിക് കെ.എം.ആന്റണി സെബാസ്റ്റ്യനു ഗാർഡ് ഓഫ് ഓണർ നൽകുന്നു. ചിത്രം: ജോസ്കുട്ടി പനയ്ക്കൽ

വീട്ടുകാരുടെ ഏക അത്താണിയായിരുന്നു ആന്റണി. വിമാനത്താവളത്തിൽനിന്ന് ആന്റണിയുടെ മൃതദേഹം വീട്ടിൽ എത്തിച്ചപ്പോൾ ദുഃഖം സഹിക്കാൻ കഴിയാതെ ബന്ധുക്കളും നാട്ടുകാരും വിതുമ്പി. സൈനിക ഉദ്യോഗസ്ഥരും വിവിധ സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ പ്രതിനിധികളും ആദരാഞ്ജലി അർപ്പിക്കാൻ ഉദയംപേരൂരിലെ വീട്ടിൽ എത്തി.