Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രശസ്ത നാടക നടനും സംവിധായകനുമായ കേരളപുരം കലാം അന്തരിച്ചു

keralapuram-kalam കേരളപുരം കലാം

കൊല്ലം ∙ അരനൂറ്റാണ്ടിലേറെ നാടകരംഗത്തു സജീവമായിരുന്ന നടനും സംവിധായകനുമായ കേരളപുരം കലാം (77) അന്തരിച്ചു. കലാനിലയം, സർഗവീണ, നവധാര, ചാലക്കുടി സാരഥി, കോട്ടയം നാഷനൽ തിയറ്റേഴ്സ്, തിരുവനന്തപുരം ആരാധന എന്നീ സമിതികൾക്കു വേണ്ടി നാടകങ്ങൾ രചിച്ചു. ഭാര്യ: സുബൈദ. മക്കൾ: കനി, മിനിമോൾ, സുനിമോൾ. മരുമക്കൾ: ഷാജഹാൻ, ജാഫർ, ഷെജിമോൾ. കബറടക്കം വെള്ളിയാഴ്ച രാവിലെ കേരളപുരം പള്ളിയിൽ.

മുസ്‌ലിം സ്ത്രീകളുടെ സ്വാതന്ത്ര്യത്തെക്കുറിച്ച് എഴുതിയ ‘ഫസഹ്’ എന്ന നാടകം അവതരണകാലത്ത് ഏറെ വിവാദങ്ങളുയർത്തി. പലയിടത്തും യാഥാസ്ഥിതികരിൽ നിന്ന് എതിർപ്പുകൾ നേരിടേണ്ടി വന്നു. തിലകൻ സംവിധാനം ചെയ്ത ഈ നാടകം 1600 വേദികളിലാണ് അരങ്ങേറിയത്. ഫസഹ് ‘ഘോഷയാത്ര’ എന്ന പേരിൽ പിന്നീടു സിനിമയായി. ഫൈഫ് സ്റ്റാറാണ് ഇദ്ദേഹം തിരക്കഥ രചിച്ച മറ്റൊരു സിനിമ.

ഭരതം, അഭിമാനം, സിംഹനം, കൊന്നപ്പൂക്കൾ തുടങ്ങി അൻപതോളം നാടകങ്ങൾ രചിച്ചു. 1987ൽ മികച്ച നാടകരചയിതാവിനുള്ള സംസ്ഥാന അവാർഡ്, 2007ൽ സമഗ്ര സംഭാവനയ്ക്കുള്ള കേരള സംഗീത നാടക അക്കാദമി അവാർഡ്, 2010ൽ ടഗോർ ജയന്തി പ്രത്യേക സംഭാവന പുരസ്കാരം എന്നിവ ലഭിച്ചു. മികച്ച നടനായ കലാമിനെ തിരുവിതാംകൂർ ദേവസ്വം ബോർഡ് 1972ൽ ആദരിച്ചിട്ടുണ്ട്.