Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കശ്മീരിലെ പ്രതിപക്ഷ സഖ്യത്തിന് 'അതിര്‍ത്തി കടന്നുള്ള' നിർദേശം; റാംമാധവ്–ഒമർ പോര്

ram-madhav-omar-abdullah റാം മാധവ്, ഒമർ അബ്ദുല്ല

ന്യൂഡൽഹി/ശ്രീനഗർ∙ ‘അതിർത്തി കടന്നുള്ള’ നിർദേശപ്രകാരമാണ് ജമ്മു കശ്മീരിൽ ബദ്ധശത്രുക്കളായ പിഡിപിയും നാഷനൽ കോൺഫ്രൻസും ചേർന്നു സർക്കാരുണ്ടാക്കാൻ തീരുമാനിച്ചതെന്ന ബിജെപി ജനറൽ സെക്രട്ടറി റാം മാധവിന്റെ പ്രസ്താവനക്കെതിരെ രൂക്ഷവിമർശനവുമായി നാഷനൽ കോൺഫ്രൻസ് അധ്യക്ഷൻ ഒമർ അബ്ദുല്ല. ആരോപണം തെളിയിക്കാൻ റാം മാധവിനെ വെല്ലുവിളിക്കുന്നതായി ഒമർ ട്വിറ്ററില്‍ മറുപടി നൽകി. റോയും എൻഐഎയും ഇന്റലിജൻസും ഉൾപ്പെടയുള്ള വിഭാഗങ്ങൾ ബിജെപിയുടെ അധീനതയിൽ ഉള്ളപ്പോൾ അത് എളുപ്പത്തിൽ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

താൻ ഒമറിന്റെ രാജ്യസ്നേഹത്തെ ചോദ്യം ചെയ്യാനോ ആക്രമിക്കാനോ ഉദ്ദേശിച്ചില്ലെന്ന് ഇതിനു മറുപടിയായി റാം മാധവ് ട്വിറ്ററിൽ കുറിച്ചു. എന്നാൽ വീണ്ടും വെല്ലുവിളിയുമായി ഒമർ രംഗത്തുവന്നു. നർമ്മത്തിൽ ചാലിച്ചുള്ള പാഴ്ശ്രമങ്ങൾ വിലപ്പോകില്ല. തെളിവു കൊണ്ടുവരൂ, ഇതു താങ്കൾക്കും താങ്കളുടെ സർക്കാരിനുമുള്ള തുറന്ന െവല്ലുവിളിയാണ്.– ഒമർ കുറിച്ചു. തുടരെ തുടരെ വെല്ലുവിളികളും വാഗ്വാദങ്ങളുമായി ഇരുവരും രംഗത്തെത്തിയതോടെ ട്വിറ്ററിൽ പോരടിക്കുന്ന പ്രതീതിയായി.

കഴിഞ്ഞ മാസം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കു നടന്ന തിരഞ്ഞെടുപ്പ് പിഡിപിയും എൻസിയും ബഹിഷ്കരിച്ചതും പാക്കിസ്ഥാനിൽ നിന്നുള്ള നിർദേശപ്രകാരമായിരുന്നുവെന്ന് റാം മാധവ് ആരോപിച്ചിരുന്നു. പിഡിപിയും എൻസിയും കോൺഗ്രസും ചേർന്നു ജമ്മു കശ്മീരിൽ സഖ്യസർക്കാർ രൂപീകരിക്കാൻ പോകുന്നുവെന്ന വാർത്തകൾക്കു പിന്നാലെയാണ് ഗവർണർ സത്യപാൽ മാലിക്ക് നിയമസഭ പിരിച്ചുവിട്ടു കൊണ്ട് ഉത്തരവിറക്കിയത്. നീക്കത്തിനു പിന്നിൽ ബിജെപിയാണെന്നാണ് പ്രതിപക്ഷ കക്ഷികളുടെ ആരേപണം.