Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്ത്യൻ ഓഹരി വിപണി നേരിയ പുരോഗതിയിൽ; ക്രൂഡോയിൽ വിലയിൽ വർധനവില്ല

Stock Market | NSE | BSE

കൊച്ചി∙ യുഎസ് വിപണിയിൽ ടെക്നോളജി ഓഹരികൾ തിരിച്ചുവരവു നടത്തിയതോടെ ഇന്ത്യൻ ഓഹരി വിപണിയിലും നേരിയ പുരോഗതി. ഇന്നു രാവിലെ നിഫ്റ്റി 12.6 പോയിന്റ് ഉയർച്ചയിലാണു വ്യാപാരം ആരംഭിച്ചത്. തുടർന്ന് 10646 വരെ എത്തിയെങ്കിലും കാര്യമായ ഉയർച്ച രേഖപ്പെടുത്തിയിട്ടില്ല. 35199.8ൽ ഇന്നലെ ക്ലോസ് ചെയ്ത സെൻസെക്സാകട്ടെ 35282.33നാണ് ഇന്നു വ്യാപാരം ആരംഭിച്ചത്. ഇന്നലെ യുഎസ് വിപണി നേരിയ ഉയർച്ചമാത്രം പ്രകടമാക്കി ക്ലോസ് ചെയ്തു. യൂറോപ്യൻ വിപണികളാകട്ടെ ഒരു ശതമാനത്തിലധികം ഉയർച്ചയോടെ ക്ലോസ് ചെയ്തു.

ബ്രിട്ടിഷ് പ്രധാനമന്ത്രി യൂറോപ്യൻ കമ്മിഷനുമായി നടത്തുന്ന ചർച്ചകളിൽ ബ്രെക്സിറ്റിനെ സംബന്ധിച്ചു പോസിറ്റീവായ തീരുമാനങ്ങൾ ഉണ്ടായേക്കും എന്ന പ്രതീക്ഷയിലാണു വിപണി. ഇന്ത്യൻ വിപണിയിൽ കഴിഞ്ഞ രണ്ടാഴ്ചയായി ഒരു കൺസോളിഡേഷനാണു നടക്കുന്നത്. നിഫ്റ്റി ഈ ദിവസങ്ങളിൽ 10600 സപ്പോർട്ട് കാണിച്ചേക്കും എന്നു ചോയ്സ് ബ്രോക്കിങ് വൈസ് പ്രസിഡന്റ് ബിനു ജോസഫ് വിലയിരുത്തുന്നു. ഇതിനു മുകളിലേക്കു വരികയാണെങ്കിൽ നിഫ്റ്റി അതിന്റെ 200 ദിവസത്തെ മൂവിങ് ആവറേജ് ആയ 10750 ആയിരിക്കും പ്രധാന റെസിസ്റ്റൻസ് എന്നാണു വിലയിരുത്തൽ.

ക്രൂഡോയിൽ വിപണി കഴിഞ്ഞ ദിവസങ്ങളിലെ കനത്ത ഇടിവിനു പിന്നാലെ കാര്യമായ മാറ്റമില്ലാത്ത പ്രവണതയാണ് തുടരുന്നത്. ഇതു വരും ദിവസങ്ങളിലും തുടരുമെന്ന പ്രതീക്ഷ ഇന്ത്യൻ വിപണിക്ക് ഗുണകരമാകുമെന്നാണു വിലയിരുത്തപ്പെടുന്നത്. നിലവിൽ എല്ലാ വിപണികളും ഉറ്റു നോക്കുന്നതു വരുന്ന മാസം ചൈനീസ് – യുഎസ് പ്രസിഡന്റുമാർ തമ്മിലുള്ള കൂടിക്കാഴ്ചയിൽ ഇപ്പോഴുള്ള വ്യാപാര യുദ്ധത്തിന് അവസാനമായേക്കും എന്ന ശുഭ പ്രതീക്ഷയിലാണ്. ആഗോള വിപണികളെല്ലാം തന്നെ ഈ ആഴ്ചയിൽ കൺസോളിഡേറ്റ് ചെയ്യുന്നതാണ് കാണുന്നത്. ഡോളറിനെതിരെ ഇന്ത്യൻ രൂപയും നേരിയ രീതിയിൽ നില മെച്ചപ്പെടുത്തിയിട്ടുണ്ട്. 71.16നാണ് ഇന്ത്യൻ രൂപയിൽ വ്യാപാരം പുരോഗമിക്കുന്നത്.

ഇന്ന് റിലയൻസ് ഇൻഡസ്ട്രീസ് വിപണിയിൽ പോസിറ്റീവ് പ്രവണത പ്രകടമാക്കുമെന്നാണു പ്രതീക്ഷിക്കുന്നത്. റിലയൻസ് ഇൻഡസ്ട്രീസിന്റെ സബ്സിഡിയറി റിലയൻസ് റീട്ടെയ്ൽ അടുത്ത വർഷം പകുതിയോടെ മാർക്കറ്റിൽ ലിസ്റ്റ് ചെയ്തേക്കും എന്ന വാർത്തകൾ വരുന്നുണ്ട്. ഇന്ന് ഏറ്റവും ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിക്കുന്ന സ്റ്റോക്കുകൾ ഐടി സെക്ടറിലാണ്. കഴിഞ്ഞ ദിവസങ്ങളിൽ ഏറ്റവും നഷ്ടമുണ്ടാക്കിയത് ഐടി സെക്ടറായിരുന്നു. സെലക്ടീവായ സ്വകാര്യ ബാങ്കുകളും ആക്സിസ് ബാങ്കും പൊതുവേ നേട്ടം കാണിക്കാൻ ഇടയുണ്ടെന്നാണു വിലയിരുത്തുന്നത്.