Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹോട്ടലിൽ മദ്യസൽക്കാരം; ‘ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും’ അഡ്മിന്‍ കീഴടങ്ങി

GNPC

തിരുവനന്തപുരം∙ സമൂഹമാധ്യമങ്ങളിലുടെ മദ്യപാനം പ്രോൽസാഹിപ്പിച്ചെന്നും അനുമതി ഇല്ലാതെ മദ്യവിരുന്നു സംഘടിപ്പിച്ചെന്നും ആരോപിച്ച് കേസെടുത്ത ജിഎന്‍പിസി(‘ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും’) ഫെയ്സ്ബുക്ക് കൂട്ടായ്മയുടെ അഡ്മിന്‍ അജിത്ത് കുമാര്‍ എക്സൈസിന് മുന്നില്‍ കീഴടങ്ങി. ഹൈക്കോടതി നിര്‍ദേശപ്രകാരമാണ് കീഴടങ്ങല്‍. 

തിരുവനന്തപുരത്തെ ഹോട്ടലില്‍ മദ്യസല്‍ക്കാരം നടത്തിയ കൂട്ടായ്മ കൂപ്പണ്‍ അടിച്ച് അനധികൃതമായി മദ്യം വിറ്റതിന്റെ തെളിവുകള്‍ എക്സൈസ് കോടതിയില്‍ ഹാജരാക്കിയിരുന്നു. ഇതിന്റ അടിസ്ഥാനത്തില്‍ മുന്‍കൂര്‍ ജാമ്യം നിഷേധിച്ച കോടതി അജിത്തിനോട് കീഴടങ്ങാന്‍ ആവശ്യപ്പെടുകയായിരുന്നു. 

മദ്യസല്‍ക്കാരത്തിന്റെ പ്രചാരണത്തിനായി ഉപയോഗിച്ച മൊബൈല്‍ഫോണ്‍, ലാപ്ടോപ്പ്, ബാങ്ക് അക്കൗണ്ടിന്റെ വിവരങ്ങള്‍  എന്നിവയും ഹാജരാക്കി. ഇതേ കേസിൽ ഗ്രൂപ്പ് അഡ്മിൻ അജിത്കുമാറിന്റെ ഭാര്യയും രണ്ടാം പ്രതിയുമായ വിനീതയ്ക്കു നേരത്തേ ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. 23 ലക്ഷത്തിൽ അധികം അംഗങ്ങളും 36 അഡ്മിൻമാരുമുള്ള ഗ്രൂപ്പാണിത്. ജിഎന്‍പിസി  ഫെയ്സ്ബുക്ക് ഗ്രൂപ്പിനെതിരെ എക്സൈസ് നേരത്തെ കേസെടുത്തിരുന്നു.

ഫെയ്സ്ബുക്ക് ഗ്രൂപ്പിന്റെ മറവിൽ അഡ്മിൻ അജിത് കുമാർ നടത്തിയ ഡിജെ പാർട്ടിയിൽ 90 പേർ പങ്കെടുത്തതായി എക്സൈസ് കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു നടപടി. പാർ‍ട്ടി നടന്ന പാപ്പനംകോട്ടുള്ള ഹോട്ടലിൽ എക്സൈസ് പരിശോധന നടത്തുകയും മാനേജറുടെ ജീവനക്കാരുടെയും മൊഴിയെടുക്കുകയും ചെയ്തിരുന്നു.

സ്വാദിഷ്ടമായ ഭക്ഷണത്തിന്‍റെയും പാനീയങ്ങളുടെയും ചിത്രങ്ങളും കഥകളും പോസ്റ്റ് ചെയ്യുന്ന ഗ്രൂപ്പാണിതെന്നും ജാതി, മത, രാഷ്ട്രീയ വ്യത്യാസങ്ങളില്ലാതെ സന്തോഷം മാത്രം ആഗ്രഹിക്കുന്ന മനുഷ്യര്‍ മാത്രം ഉള്ള ഇടമാണിതെന്നുമാണ് ജിഎന്‍പിസി ഗ്രൂപ്പിനെ കുറിച്ച് നേരത്തെ വിശദീകരിച്ചിരുന്നത്.