Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തേങ്ങയും ഇരുമ്പും നല്‍കി ജോണിന്റെ മൃതദേഹം വീണ്ടെടുക്കാമെന്ന് നരവംശ ശാസ്ത്രജ്ഞന്‍

sentinelese-tribe ഇന്ത്യൻ കോസ്റ്റ് ഗാർഡിന്റെ ഹെലിക്കോപ്റ്ററിനുനേരെ അമ്പെയ്യുന്ന സെന്റിനൽ ഗോത്ര വർഗക്കാരൻ. 2004ലെ സൂനാമിക്കുപിന്നാലെ മേഖല നിരീക്ഷിക്കാനായി കോസ്റ്റ് ഗാർഡ് പോയപ്പോൾ, ഡിസംബർ 28ന് എടുത്ത ചിത്രം.

ന്യൂഡൽഹി∙ ആൻഡമാൻ നിക്കോബാറിലെ ഉത്തര സെന്റിനല്‍ ദ്വീപിൽ ഗോത്രവർഗക്കാരുടെ അമ്പേറ്റു കൊല്ലപ്പെട്ട യുഎസ് പൗരൻ ജോൺ അലൻ ചൗവിന്റെ മൃതദേഹം വീണ്ടെടുക്കാൻ ഉൗർജിത ശ്രമം. ഗോത്രവര്‍ഗക്കാര്‍ കൊലപ്പെടുത്തിയ അലന്റെ മൃതദേഹം ഇപ്പോള്‍ ദ്വീപില്‍ തന്നെയാണ് ഉളളത്. മത്സ്യത്തൊഴിലാളികള്‍ക്കു 25,000 രൂപ നൽകി, അവരുടെ സഹായത്തോടെയാണ് അലൻ ദ്വീപിലെത്തിയത്. അലനെ ഗോത്രവർഗക്കാർ അമ്പെയ്യുന്നതും മൃതദേഹം വലിച്ചുകൊണ്ടുപോയി കുഴിച്ചുമൂടുന്നതും കണ്ടത് ഇതേ മത്സ്യത്തൊഴിലാളികൾ തന്നെയാണ്.

അലന്റെ മൃതദേഹം വീണ്ടെടുക്കാൻ നിർദേശങ്ങൾ മുന്നോട്ടു വച്ച് പ്രശസ്ത നരവംശ ശാസ്ത്രജ്ഞനായ ടി.എൻ പണ്ഡിറ്റ് മുന്നോട്ടു വന്നു. 1966ലും 1991ലും ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപില്‍ പ്രവേശിച്ചു ഗോത്രവര്‍ഗക്കാരുമായി ഇടപെട്ടിട്ടുളള അനുഭവത്തിന്റെ വെളിച്ചത്തിലാണു 83കാരനായ പണ്ഡിറ്റ് നിർദ്ദേശങ്ങളുമായി മുന്നോട്ടു വന്നത്. ഇന്ത്യയുടെ നരവംശശാസ്ത്ര സര്‍വേയുടെ ഭാഗമായിട്ടായിരുന്നു അതിസാഹസികമായ ദൗത്യത്തിന് അദ്ദേഹം അന്നു മുതിർന്നത്. നാളികേരം, ഇരുമ്പ് കഷണങ്ങള്‍ എന്നിവ സെന്റിനെലസ് ഗോത്രവര്‍ഗക്കാര്‍ക്കു സമ്മാനമായി നല്‍കി അവരെ സമീപിക്കാനാണ് അദ്ദേഹത്തിന്റെ ആദ്യനിർദേശം.

ഉച്ചയ്ക്കോ വൈകുന്നേരമോ ചെറിയ സംഘം തീരത്തേക്കു പോയാൽ ഗോത്രവർഗക്കാർ തീരത്ത് ഉണ്ടാകില്ലെന്നും ആ സമയത്തു തേങ്ങയും ഇരുമ്പും സമ്മാനമായി നൽകിയാൽ മൃതദേഹം എടുക്കാൻ നമ്മളെ അവർ അനുവദിക്കുമെന്നും പണ്ഡിറ്റ് പറയുന്നു. അമ്പെയ്ത്ത് എത്താത്ത ദൂരത്തു ബോട്ട് നിര്‍ത്തണം. പ്രാദേശിക മത്സ്യത്തൊഴിലാളികളുടെ സഹായവും തേടുന്നതു നന്നായിരിക്കും – പണ്ഡിറ്റ് പറഞ്ഞു. 2015 വരെ കേന്ദ്ര ആദിവാസി വികസന മന്ത്രാലയത്തില്‍ ജോലി ചെയ്തിരുന്ന പണ്ഡിറ്റിനെ കേൾക്കുന്നത് ഉചിതമായിരിക്കുമെന്നാണ് നിലപാടിലാണു നരവംശ ശാസ്തജ്ഞർ.

ഈ ആദിവാസി വിഭാഗത്തെ ശത്രുവായി കാണുന്നതിലും പണ്ഡിറ്റ് എതിർ അഭിപ്രായം രേഖപ്പെടുത്തി. നമ്മളാണു കയ്യേറ്റക്കാർ. അവരുടെ പ്രദേശത്ത് അതിക്രമിച്ചു കടക്കാൻ ശ്രമിച്ചു. അവർ അവരുടെ രക്ഷ നോക്കുകയാണു ചെയ്തത്. ആദ്യത്തെ തവണ അമ്പെയ്തപ്പോൾ തന്നെ അദ്ദേഹം ശ്രദ്ധിക്കണമെന്നായിരുന്നു. സംഭവിച്ചതു ദൗർഭാഗ്യകരമായി പോയെന്നും പണ്ഡിറ്റ് പറഞ്ഞു.

related stories