Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റിസർവ് ബാങ്കിൽ പിടി മുറുക്കാൻ കേന്ദ്രം; ഭിന്നത അയയുന്നില്ല

Reserve Bank of India

ന്യൂഡൽ‌ഹി ∙ റിസർവ് ബാങ്കിന്‍റെ ഭരണസംവിധാനത്തിൽ മാറ്റങ്ങള്‍ വരുത്തുന്നതു സംബന്ധിച്ച ചർച്ചകൾക്കു തുടക്കമിടാൻ കേന്ദ്രം ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. റിസർവ് ബാങ്കും കേന്ദ്ര സർക്കാരും തമ്മിലുള്ള ബന്ധത്തിൽ കാര്യമായ ഉലച്ചിലുകൾ തുടരുന്നതിനിടയാണ് പുതിയ നീക്കം. ഡിസംബർ 14 നു നടക്കുന്ന ബോർഡ് മീറ്റിങ്ങിൽ പുതിയ നിർദേശങ്ങൾ ഉയർന്നുവരാനാണ് സാധ്യതയെന്ന് വാണിജ്യ സെക്രട്ടറിയും ആർബിഐ ബോർഡിലെ സർക്കാർ പ്രതിനിധികളിലൊരാളുമായ സുഭാഷ് ചന്ദ്ര ഗാർഗ് വ്യക്തമാക്കിയതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു. അടുത്ത വർഷം പൊതുതിരഞ്ഞെടുപ്പു അഭിമുഖീകരിക്കാനിരിക്കെ, ബജറ്റിലെ വിടവുകൾ മറയ്ക്കുന്നതിനായി റിസര്‍വ് ബാങ്കിൽനിന്നു കൂടുതൽ ഇടക്കാല ലാഭവിഹിതം ആവശ്യപ്പെടാൻ സാധ്യതയുണ്ടെന്നും അദ്ദേഹം സൂചന നൽകിയിട്ടുണ്ട്. 

അധിക ഫണ്ടുകളുടെ കൈമാറ്റം, വായ്പാ കാര്യത്തിൽ വീഴ്ച വരുത്തിയ ബാങ്കുകളോടുള്ള സമീപനം, ആർബിഐയുടെ കരുതൽ ശേഖരം കുറയ്ക്കൽ തുടങ്ങി വിവിധ വിഷയങ്ങളിൽ കേന്ദ്രവും ആർബിഐയും തമ്മിൽ കടുത്ത ഭിന്നതകളുണ്ടെങ്കിലും ഒരു സമവായം ഉരുത്തിരിഞ്ഞതായി കഴിഞ്ഞയാഴ്ച സൂചനയുണ്ടായിരുന്നു. എന്നാൽ തർക്കം പരിഹരിക്കപ്പെട്ടിട്ടില്ലെന്നാണ് ഗാർഗിന്‍റെ വാക്കുകൾ നൽകുന്ന സൂചന. ആർബിഐയെ സഹായിക്കുന്ന ഒരു ഉപദേശക സമിതി പോലെയാണ് ബോർഡ് സാധാരണ പ്രവർത്തിക്കാറുള്ളത്. തീരുമാനങ്ങൾ കൈക്കൊകൊള്ളാനുള്ള പൂര്‍ണ അധികാരം ഗവർണർക്കാണ്. എന്നാൽ ഇതിനു മാറ്റം വരുത്തി ബാങ്കിന്‍റെ പ്രവർത്തനങ്ങൾ കൂടുതൽ സൂക്ഷ്മ നിരീക്ഷണത്തിലാക്കുന്ന മാറ്റങ്ങളാണ് ഭരണസംവിധാനത്തിൽ കൊണ്ടുവരാൻ സർക്കാർ ആഗ്രഹിക്കുന്നതെന്നാണ് ബന്ധപ്പെട്ട കേന്ദ്രങ്ങൾ സൂചിപ്പിക്കുന്നത്. 

സർക്കാർ ആർബിഐയുടെ പ്രവർത്തനങ്ങളിൽ കൈകടത്തുകയാണെന്നും ആർബിഐയെ സ്വതന്ത്രമായി പ്രവർത്തിക്കാൻ അനുവദിക്കുന്നില്ലെന്നും ഡപ്യൂട്ടി ഗവർണർ വിരാൾ ആചാര്യ അടുത്തിടെ പരസ്യമായി അഭിപ്രായപ്പെട്ടതോടെയാണ് ഏതാനും നാളായി തുടരുന്ന ഭിന്നത മറനീക്കി പുറത്തുവന്നത്. പൊതുതാത്പര്യമുള്ള വിഷയങ്ങളിൽ ആർബിഐക്ക് നിർദേശങ്ങൾ നൽകാൻ സർക്കാരിന് അധികാരം നൽകുന്ന ആർബിഐ നിയമത്തിലെ ചട്ടം 7(1) ഉപയോഗിക്കുമെന്ന ഭീഷണിയാണ് ഇത്തരമൊരു പരസ്യ വെളിപ്പെടുത്തലിലേക്ക് നയിച്ചത്.

ആർബിഐ ബോർഡിന്‍റെ കഴിഞ്ഞ യോഗത്തിൽ ചില വിട്ടുവീഴ്ചകൾക്കു ബാങ്ക് തയാറായതോടെ വെടിനിർത്തലിന്‍റെ പ്രതീതി ഉടലെടുത്തു. കരുതൽ ശേഖരം കുറയ്ക്കൽ ഉൾപ്പെടെ പ്രധാന തർക്കവിഷയങ്ങളിൽ ചിലത് പരിശോധിക്കാൻ സമിതികൾ രൂപീകരിക്കാനും സമിതികളുടെ ഉപദേശമനുസരിച്ചു പ്രവർത്തിക്കാനും റിസർവ് ബാങ്ക് സമ്മതം അറിയിച്ചത് വിട്ടുവീഴ്ചകളുടെ ഭാഗമായാണ്. സ്വതന്ത്ര ഏജൻസികളുടെ മേൽ കൈകടത്തുകയും കെടുകാര്യസ്ഥതയിലൂടെ ധനകാര്യമേഖലയയെ പ്രതിസന്ധിയിലാക്കുകയും ചെയ്യുന്ന മോദി സർക്കാർ നയങ്ങളുടെ പിന്തുടർച്ചയാണ് റിസർവ് ബാങ്ക് വിഷയത്തിലും കാണുന്നതെന്നതാണ് വിമർശകർ ഉന്നയിക്കുന്ന പ്രധാന ആരോപണം.