Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പെൺകുട്ടിക്ക് നീതി ലഭിച്ചെന്ന് ശ്രീമതി; ശശിയുടേത് നേതാവിനു യോജിക്കാത്ത നടപടി

pk-sreemathi

തിരുവനന്തപുരം ∙ പി.കെ. ശശിക്കെതിരായി ലൈംഗികാക്രമണ പരാതി നൽകിയ പെൺകുട്ടിക്ക് നീതി ലഭിച്ചെന്ന് പി.കെ.ശ്രീമതി എംപി. പരാതി അന്വേഷിക്കാൻ സിപിഎം നിയോഗിച്ച കമ്മിഷനിലെ അംഗമാണ് ശ്രീമതി. ശശിയെ പാർട്ടി സംസ്ഥാന കമ്മിറ്റി ഇന്നു സസ്പെൻഡ് ചെയ്തതിനു പിന്നാലെയാണ് ശ്രീമതിയുടെ പ്രതികരണം.  

ഒരു നേതാവിനു യോജിക്കാത്ത നടപടിയാണ് ശശിയുടേതെന്ന് പി.കെ. ശ്രീമതി പറഞ്ഞു. അനുചിതമായ സംഭാഷണം ശശിയില്‍നിന്നുണ്ടായി. പാർട്ടിക്ക് അംഗീകരിക്കാനാവാത്ത ചില പ്രയോഗങ്ങളും മറ്റും അതിലുണ്ടായി. ഇത്രയും കാലം പാർട്ടിയിൽ പ്രവർത്തിച്ച ഒരു നേതാവിൽനിന്ന് ഇത്തരമൊരു വീഴ്ചയുണ്ടായപ്പോൾ ആജീവനാന്തം മാറ്റിനിർത്തുകയല്ല, തെറ്റു തിരുത്താനുള്ള നടപടിയെടുക്കുക എന്നതാണ് ചെയ്യേണ്ടത്. ശശിക്കെതിരെ എടുത്തത് ശക്തമായ നടപടിയാണ്. സിപിഎമ്മിനു മാത്രമേ ഇങ്ങനെയൊരു വിഷയത്തിൽ ഇത്ര ശക്തമായ നടപടിയെടുക്കാൻ സാധിക്കൂ. ഭാവിയിൽ മറ്റുള്ളവർക്കും മാതൃകയാവാനാണ് നടപടി. പരാതിക്കാരി പൊലീസിനെ സമീപിക്കാന്‍ ഇടയില്ല. റിപ്പോര്‍ട്ട് വേഗം സമർപ്പിക്കാൻ കഴിഞ്ഞു. റിപ്പോര്‍ട്ട് സംസ്ഥാന സെക്രട്ടറിയേറ്റും കമ്മറ്റിയും അംഗീകരിച്ചെന്നും ശ്രീമതി പറഞ്ഞു.

മന്ത്രി എ.കെ.ബാലന്‍ പി.കെ.ശ്രീമതിയുമായിരുന്നു പാർട്ടി കമ്മിഷനിലെ അംഗങ്ങൾ. ലൈംഗിക അതിക്രമം ഉണ്ടായിട്ടില്ലെന്നും ഫോണിലൂടെ മോശമായി സംസാരിച്ചതിനു നടപടിയെടുക്കാമെന്നുമായിരുന്നു കമ്മിഷന്റെ ശുപാർശ. യുവതിയുമായി നടത്തിയ ഫോണ്‍ സംഭാഷണം മുഖ്യ തെളിവായി റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിരുന്നു. അതേസമയം, ഈ നിലപാടിനെച്ചൊല്ലി കമ്മിഷനിൽ തർക്കവുമുണ്ടായി. പരാതി വിഭാഗീയതയുടെ ഭാഗമാണെന്ന എ.കെ.ബാലന്‍റെ അഭിപ്രായം പി.കെ.ശ്രീമതി അംഗീകരിച്ചില്ല. വിഭാഗീയതയാണ് ആരോപണത്തിനു പിന്നിലെന്ന പരാമര്‍ശം റിപ്പോര്‍ട്ടിലില്ല. വാദപ്രതിവാദങ്ങൾക്കു ശേഷം ഏകകണ്ഠമായാണ് കമ്മിഷന്‍ റിപ്പോര്‍ട്ട് തയാറാക്കിയത്.