Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കശ്മീരിൽ കാഴ്ചക്കാരായി എൻഎസ്ജി കമാൻഡോകൾ, ആറു മാസമായി രംഗത്തില്ല

National Security Guard (NSG) Commandos

ന്യൂഡൽഹി ∙ തീവ്രവാദ വിരുദ്ധ ഓപ്പറേഷനുകള്‍ക്കെന്ന പേരിൽ ജമ്മു കശ്മീരിലെത്തിയ നാഷനൽ സെക്യൂരിറ്റി ഗാർഡിലെ (എൻഎസ്ജി) അംഗങ്ങൾ ആറുമാസത്തോളമായി ‘നിർബന്ധിത അവധിയിൽ’. കഴിഞ്ഞ ആറു മാസത്തിനുള്ളിൽ ഒരു തവണ പോലും എൻഎസ്ജിയുടെ സേവനം തീവ്രവാദ വേട്ടയിൽ ഉപയോഗപ്പെടുത്തിയിട്ടില്ല. തീവ്രവാദികളുടെ സാന്നിധ്യം ഏറ്റവും പ്രകടമായ സംസ്ഥാനത്തു തങ്ങളുടെ ജോലി സംബന്ധിച്ച് വ്യക്തത ആവശ്യപ്പെട്ട് എൻഎസ്ജി അധികൃതർ ആഭ്യന്തരമന്ത്രാലത്തെ പല തവണ സമീപിച്ചു കഴിഞ്ഞു. എന്നാൽ സംസ്ഥാനത്തു തമ്പടിച്ചിട്ടുള്ള അർധസൈനിക വിഭാഗത്തെയും സംസ്ഥാന പൊലീസിനെയും പരിശീലിപ്പിക്കുക മാത്രമാണ് 80 എൻഎസ്ജി കമാൻഡോകള്‍ നിർവ്വഹിച്ചു വരുന്ന ജോലി.

ജനസാന്ദ്ര മേഖലകളിൽ ഒളിഞ്ഞിരിക്കുന്ന തീവ്രവാദികളുടെ സ്വാധീനം കുറയ്ക്കുന്നതു ലക്ഷ്യമിട്ടുള്ള ഏറെ ദുഷ്കരമായ നീക്കങ്ങളിൽ നിരവധി സുരക്ഷാ ഉദ്യോഗസ്ഥരുടെ ജീവൻ നഷ്ടപ്പെടുന്നതു കണക്കിലെടുത്താണ് കഴിഞ്ഞ മേയിൽ എൻഎസ്ജി കമാൻഡോകളെ ജമ്മു താഴ്‌വരയിൽ നിയോഗിച്ചതെന്നാണ് അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്‍റെ നിർദേശത്തെ തുടർന്നായിരുന്നു ഈ നീക്കം. സാഹസികമായ നീക്കങ്ങളിൽ കമാൻഡോകളുടെ സേവനം ഉപയോഗപ്പെടുത്തുകയായിരുന്നു ലക്ഷ്യം. ചട്ടങ്ങളെല്ലാം പാലിച്ചുകൊണ്ടുള്ള ഈ നീക്കത്തിൽ ആഭ്യന്തരമന്ത്രാലയം പോലും ഇടപെട്ടിരുന്നില്ല.

കഴിഞ്ഞ മാസം ജമ്മു കശ്മീർ സന്ദർശിച്ച എൻഎസ്ജി ഡയറക്ടർ ജനറൽ ലഖ്ടാകിയ ഗവർണർ സത്യപാൽ നായിക്കിനെയും സംസ്ഥാന പൊലീസ് മേധാവി ദിൽബാഗ് സിങ്ങിനെയും സന്ദർശിച്ചു ചർച്ച നടത്തിയിരുന്നു. സംസ്ഥാന സർക്കാരിന്‍റെ അഭ്യര്‍ഥന കണക്കിലെടുത്താണ് എൻഎസ്ജി സംഘത്തെ താഴ്‍വരയിൽ നിയോഗിച്ചതെന്നും തീവ്രവാദി ആക്രമണങ്ങളോടുള്ള അതിവേഗ പ്രതികരണം ഉറപ്പാക്കുകയായിരുന്നു ലക്ഷ്യമെന്നും ലഖ്ടാകിയ പറഞ്ഞു. ഓരോ നീക്കത്തിലും ഏതെല്ലാം സുരക്ഷാ വിഭാഗങ്ങളെയാണ് ഉൾപ്പെടുത്തേണ്ടതെന്നു തീരുമാനിക്കുന്നത് സംസ്ഥാന ഭരണകൂടമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കൃത്യമായ മാർഗനിർദേശങ്ങളൊന്നും തങ്ങൾക്കു ലഭിച്ചിട്ടില്ലെന്നും അതിനാൽ ആറുമാസത്തിലേറെയായി ഹംഹാമ ക്യാംപസിൽ നിലയുറപ്പിക്കുക മാത്രമാണ് തങ്ങൾ ചെയ്തിട്ടുള്ളതെന്നും എൻഎസ്ജി കേന്ദ്രങ്ങൾ സൂചിപ്പിച്ചു. 450 ല്‍ അധികം തീവ്രവാദി ആക്രമണങ്ങളാണ് ഒരു വർഷത്തിനിടെ കശ്മീരിൽനിന്നു റിപ്പോർട്ടു ചെയ്തിട്ടുള്ളത്. 230 തീവ്രവാദികളെ സൈനികർ വധിച്ചപ്പോൾ 85 സൈനികരുടെ ജീവനും ഇക്കാലയളവിൽ നഷ്ടമായി. താഴ്‌വര കണ്ട എക്കാലത്തെയും വലിയ തീവ്രവാദ ആക്രമണങ്ങൾ നടക്കുമ്പോഴാണ് തീവ്രവാദ വിരുദ്ധ പോരാട്ടങ്ങളിൽ പ്രത്യേക പരിശീലനം സിദ്ധിച്ച എൻഎസ്ജി കമാൻഡോകൾക്ക് കാഴ്ചക്കാരായി നിൽക്കേണ്ടിവരുന്നതെന്നാണ് ശ്രദ്ധേയമായ വസ്തുത.