രാജീവ് ഗാന്ധി വധത്തിൽ പങ്കില്ല; സംഭവത്തിൽ ഗൂഢാലോചന: എൽടിടിഇ

രാജീവ് ഗാന്ധി

ന്യൂഡൽഹി∙ മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി 1991ൽ കൊല്ലപ്പെട്ട സംഭവത്തിൽ യാതൊരു പങ്കുമില്ലെന്നു ലിബറേഷൻ ടൈഗേഴ്സ് ഓഫ് തമിഴ് ഈഴം (എൽടിടിഇ). കുർബുരൻ ഗുരുസ്വാമി, ലത്തൻ ചന്ദ്രലിംഗം എന്നിവർ ഒപ്പിട്ട കത്തിലാണ് ഈ പ്രസ്താവന.

തമിഴ് ഈഴത്തിനു വേണ്ടിയാണു എൽടിടിഇ പ്രവർത്തിക്കുന്നത്. രാജീവ് ഗാന്ധി വധത്തിൽ പങ്കില്ലെന്നു തെളിവുകൾ സഹിതം പലവട്ടം ആവർത്തിച്ചതാണ്. എന്നാൽ സംഘടനയെ അപകീർത്തിപ്പെടുത്തുന്നതു തുടരുകയാണ്. മുല്ലവൈക്കലില്‍ ഒന്നര ലക്ഷം പേർ കൊല്ലപ്പെട്ട സംഭവത്തിനു പ്രതികാരമായാണു രാജീവ് വധം നടന്നതെന്ന വാദങ്ങൾ വേദനിപ്പിക്കുന്നതാണ്.

ഇന്ത്യയുടെ നേതൃത്വത്തെ നശിപ്പിക്കണമെന്നോ ഇന്ത്യയെ ആക്രമിക്കണമെന്നോ ഒരിക്കലും ഉദ്ദേശ്യമുണ്ടായിരുന്നില്ല. ശ്രീലങ്കയുടെ ഭാഗമല്ലാത്ത ഒരു നേതാവിനെതിരെയും ഞങ്ങൾ തോക്ക് ചൂണ്ടിയിട്ടില്ല. ശ്രീലങ്കരല്ലാത്ത ആർക്കെതിരെയും ആക്രമണം നടത്തിയിട്ടില്ല. ഇന്ത്യൻ ഭരണകൂടവും എൽടിടിഇയും തമ്മിലുള്ള ശക്തമായ ബന്ധം തകർക്കാനുള്ള ഗൂഢപദ്ധതിയായിരുന്നു രാജീവ് വധം– കത്തിൽ ആരോപിച്ചു.