Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രാമക്ഷേത്രം തകർത്തല്ല ബാബറി മസ്ജിദ് നിർമിച്ചത്: സ്വാമി അഗ്നിവേശ്

Swami-Agnivesh സ്വാമി അഗ്നിവേശ്

കൊച്ചി ∙ രാമക്ഷേത്രം തകർത്തല്ല ബാബറി മസ്ജിദ് നിർമിച്ചതെന്നു സ്വാമി അഗ്നിവേശ്. ബാബറി മസ്ജിദ് തകർത്ത സ്ഥലത്തു രാമക്ഷേത്രം ഉണ്ടായിരുന്നുവെന്നാണു സംഘപരിവാറിന്റെ വാദം. ബാബറി മസ്ജിദ് നിർമിച്ച കാലത്തു ജീവിച്ചിരുന്നവരടക്കമുള്ള ചരിത്ര പുരുഷന്മാരാരും ഇങ്ങനെയൊരു സംഭവത്തെക്കുറിച്ചു പറഞ്ഞിട്ടില്ല- ഓൾ ഇന്ത്യ  ഇമാംസ് കൗൺസിൽ നടത്തിയ ബാബറി സമ്മേളനത്തിൽ അഗ്നിവേശ് പറഞ്ഞു.

ബാബറി മസ്ജിദ് സംബന്ധിച്ചു സുപ്രീംകോടതിയിൽ നടക്കുന്ന കേസ് ഭൂവുടമസ്ഥതയെ സംബന്ധിച്ചുള്ളതാണ്. സുപ്രീംകോടതി വിധി അംഗീകരിക്കുമെന്ന് നാമെല്ലാം ഒറ്റ സ്വരത്തിൽ പറയണം. അടുത്ത തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് ആർഎസ്എസിന്റെ കോലാഹലം. രാമക്ഷേത്ര നിർമാണമെന്നു പറഞ്ഞ് നിയമമോ ഓർഡിനൻസോ കൊണ്ടുവരുന്നതിനെ തെരുവിൽ തോൽപിക്കും– അഗ്നിവേശ് വ്യക്തമാക്കി. 

പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ചെയർമാൻ ഇ.അബൂബക്കർ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഓൾ ഇന്ത്യാ ഇമാംസ് കൗൺസിൽ സംസ്ഥാന പ്രസിഡന്റ് മൗലാനാ മുഹമ്മദ് ഈസാ ഫാളിൽ മമ്പഈ അധ്യക്ഷത വഹിച്ചു.

ട്രഷറർ വി.എം.ഫത്തഹുദീൻ റഷാദി, സംസ്ഥാന സെക്രട്ടറി ഹാഫിസ് അഫ്‌സൽ ഖാസിമി, ദേശീയ വൈസ് പ്രസിഡന്റ് കരമന അഷ്‌റഫ് മൗലവി, പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന പ്രസിഡന്റ് നസറുദ്ദീൻ എളമരം, കേരളാ മുസ്‌ലിം ജമാഅത്ത് കൗൺസിൽ പ്രസിഡന്റ് എ.പൂക്കുഞ്ഞ്, പിഡിപി വൈസ് പ്രസിഡന്റ് മാഹിൻ ബാദുഷാ മൗലവി, എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി, ‘മെക്ക’ ജനറൽ സെക്രട്ടറി എൻ.കെ.അലി, ഓൾ ഇന്ത്യ മുസ്‌ലിം പഴ്‌സനൽ ലോബോർഡ് അംഗം അബ്ദുൽ ഷുക്കൂർ അൽഖാസിമി, ഓൾ ഇന്ത്യ ഇമാംസ് കൗൺസിൽ സംസ്ഥാന സെക്രട്ടറി ഹാഫിസ് ഷഫീഖ് അൽ ഖാസിമി എന്നിവർ പ്രസംഗിച്ചു.