Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ക്രിസ്റ്റിന്‍ മിഷേലിനു വേണ്ടി ഹാജരായി; യൂത്ത് കോണ്‍ഗ്രസ് നേതാവിനെ പുറത്താക്കി

michel-aljo-k-joseph ക്രിസ്റ്റ്യൻ മിഷേൽ, ആൽജോ കെ.ജോസഫ്

ന്യൂഡല്‍ഹി∙ അഗസ്റ്റാ വെസ്റ്റ്ലാന്‍ഡ് ഹെലികോപ്റ്റര്‍ ഇടപാട് കേസില്‍ ഇടനിലക്കാരൻ ക്രിസ്റ്റിന്‍ മിഷേലിനു വേണ്ടി കോടതിയിൽ ഹാജരായ യൂത്ത് കോണ്‍ഗ്രസ് നേതാവിനെ പാർട്ടി പുറത്താക്കി. യൂത്ത് കോൺഗ്രസ് നിയമ വിഭാഗം മേധാവിയും മലയാളിയുമായ അഭിഭാഷകൻ ആൽജോ കെ.ജോസഫിനെയാണു പാർട്ടി കൈവിട്ടത്. യൂത്ത് കോൺഗ്രസിന്റെ അനുമതിയില്ലാതെ സ്വന്തം നിലയിലാണ് ആൽജോ ഹാജരായതെന്നും പാർട്ടിയിൽനിന്നു പുറത്താക്കിയതായും എഐസിസി ജോയിന്റ് സെക്രട്ടറി കൃഷ്ണ അല്ലവരു അറിയിച്ചു.

ആൽജോക്കു പുറമെ മലയാളി അഭിഭാഷകരായ വിഷ്ണു ശങ്കർ, ശ്രീറാം പറക്കാട്ട് എന്നിവരാണു മിഷേലിനുവേണ്ടി സിബിഐ പ്രത്യേക കോടതിയിൽ ഹാജരായത്. ദുബായ് കോടതിയിൽ മിഷേലിനെ പ്രതിനിധീകരിച്ച നിയമസംഘമാണു തന്നെ കേസ് ഏൽപിച്ചതെന്നും തന്റെ രാഷ്ട്രീയവുമായി ജോലിയെ കൂട്ടിയിണക്കേണ്ടെന്നും ആൽജോ പറഞ്ഞു. എന്നാൽ, കേസ് നടപടികൾക്കു ശേഷം കോൺഗ്രസ് ആസ്ഥാനത്തെത്തിയ ആൽജോ പാർട്ടി ജനറൽ സെക്രട്ടറി ദീപക് ബാബറിയയെ കണ്ടതു വിവാദമായി.

ആൽജോ ഹാജരായത് കോൺഗ്രസിനും രാഹുൽ ഗാന്ധി, സോണിയ ഗാന്ധി എന്നിവർക്കുമെതിരായ രാഷ്ട്രീയ ആയുധമായി ബിജെപി മാറ്റിയിരുന്നു. മിഷേലുമായി കോൺഗ്രസിനുള്ള ബന്ധം വ്യക്തമാക്കുന്നതാണ് ആൽജോയുടെ ഇടപെടലെന്നും ബിജെപി ആരോപിച്ചു. നിയമസഭ, ലോക്സഭാ തിരഞ്ഞെടുപ്പുകൾ നടക്കാനിരിക്കെ, കോൺഗ്രസിന്റെ പ്രതിച്ഛായ മോശമാക്കുന്ന കേസുകളിൽ ഹാജരാകരുതെന്നു പാർട്ടി അംഗങ്ങളായ അഭിഭാഷകർക്കു ദേശീയ നേതൃത്വം മുൻപു നിർദേശം നൽകിയിരുന്നു.

related stories