Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കോൺഗ്രസ് അധികം ചിരിക്കേണ്ട, മോദിയും അമിത്ഷായും ഉള്ളിൽ ചിരിക്കുന്നുണ്ടാകും

കെ. ടോണി ജോസ്
Author Details
Follow Twitter
Follow Facebook
Narendra Modi, Amit Shah നരേന്ദ്ര മോദി, അമിത് ഷാ

അഞ്ചു സംസ്ഥാനങ്ങളിലെ ‘സെമി ഫൈനൽ’ തിരഞ്ഞെടുപ്പിന്റെ ഫലം പ്രത്യക്ഷത്തിൽ ബിജെപിക്കു തിരിച്ചടിയാണെന്നു തോന്നാമെങ്കിലും സത്യത്തിൽ, ഇതിൽനിന്നു വലിയ പാഠം പഠിക്കാനുള്ളത് കോൺഗ്രസിനാണ്. ഭരിച്ചിരുന്ന മൂന്നു സംസ്ഥാനങ്ങൾ ബിജെപിക്കു നഷ്ടമായി എന്നതു സത്യം തന്നെ. ആ മൂന്നിൽ ഒരിടത്ത് കോൺഗ്രസ് വ്യക്തമായ വിജയം നേടിയിട്ടുണ്ട് – ഛത്തീസ്ഗഡ്. രാജസ്ഥാനിലും മധ്യപ്രദേശിലും കോൺഗ്രസ് ഭരണം പിടിച്ചേക്കും. സമീപകാലത്തൊന്നും വ്യക്തമായ വിജയങ്ങൾ നേടാത്ത പാർട്ടി എന്ന നിലയിൽ കോൺഗ്രസിന് ആശ്വാസകരമാകണ്ടതാണ് ഈ വിജയം. എങ്കിലും ചില പക്ഷേകൾ ബാക്കിയുണ്ട്. 

ഇനി എത്ര ഓടിയാലാണ്? 

2014 ലെ ലോക്സഭാ തിരഞ്ഞെടുപ്പു തകർച്ചയ്ക്കു ശേഷം കോൺഗ്രസ്സിന് ഏറ്റവും ‘കംഫർട്ടബിൾ’ ആകേണ്ട തിരഞ്ഞെടുപ്പായിരുന്നു ഇത്തവണത്തേത്. മധ്യപ്രദേശിൽ 15 വർഷത്തെ ഖനീഭവിച്ച ഭരണവിരുദ്ധ വികാരം. രാജ്യത്തെ മുഴുവൻ പിടിച്ചു കുലുക്കിയ കർഷകസമരങ്ങളുടെ പ്രഭവകേന്ദ്രം. രാജസ്ഥാനിലാകട്ടെ, രാജ്യത്ത് ഏറ്റവുമധികം വിരുദ്ധവികാരം നേരിട്ട സംസ്ഥാനഭരണം. പോരാത്തതിന് സാമുദായിക ഘടകങ്ങൾ മിക്കതും ബിജെപിക്കെതിരും. സാധാരണ തിരഞ്ഞെടുപ്പുകളിലാണെങ്കിൽ ഈ രണ്ടു സംസ്ഥാനങ്ങൾ പ്രതിപക്ഷ കക്ഷികൾ തൂത്തു വാരേണ്ടതാണ്. പക്ഷേ, സംഭവിച്ചത് അതല്ല. 

ലോക്സഭാ തിരഞ്ഞെടുപ്പിൽ രാഷ്ട്രീയമായി നിർണായകമായ രണ്ടു സംസ്ഥാനങ്ങളിൽ കോൺഗ്രസ് കിതച്ചു കിതച്ചാണ് ഇതെഴുതുമ്പോഴും നീങ്ങുന്നത്. ഇനി, ഭരണം കിട്ടുന്നുവെന്നു തന്നെ വയ്ക്കുക, അത് ഒട്ടും സുഖകരമായിരിക്കില്ല എന്ന കാര്യത്തിൽ സംശയം വേണ്ട. രണ്ടിടത്തും പാർട്ടിക്കുള്ളിലെ എതിർവിഭാഗങ്ങളെ കൈകാര്യം ചെയ്യുക എന്നതു തന്നെ ഭീമാകാരമായ ദൗത്യമാകുമെന്നിരിക്കെയാണ്, ബിഎസ്പി അടക്കമുള്ള ചെറുകിട കക്ഷികളുമായുള്ള നീക്കുപോക്കുകൾക്കു വേണ്ടിയുണ്ടാകേണ്ട വമ്പൻ ശ്രമം.

രാജസ്ഥാനില്‍ രാജകീയമായി കോൺഗ്രസ്, വിഡിയോ സ്റ്റോറി കാണാം

രാജസ്ഥാനിലെയും മധ്യപ്രദേശിലെയും ഉൾപ്പാർട്ടി പ്രശ്നങ്ങളും സഖ്യപ്രതിസന്ധികളും വച്ചുകൊണ്ടു വേണം ലോക്സഭാ തിരഞ്ഞെടുപ്പിനെ നേരിടേണ്ടി വരികയെന്നത് കോൺഗ്രസിനുണ്ടാക്കുന്ന പൊല്ലാപ്പ് ചെറുതൊന്നുമായിരിക്കില്ല. കോൺഗ്രസ് വ്യക്തമായി ജയിച്ച ഛത്തീസ്ഗഡ് ആകട്ടെ സീറ്റുകളുടെ എണ്ണംകൊണ്ടും രാഷ്ട്രീയമായും ലോക്സഭാ തിരഞ്ഞെടുപ്പിൽ അത്ര നിർണായകമല്ല എന്നോർക്കണം. 

amit-sha-modi അമിത് ഷാ, നരേന്ദ്ര മോദി

തെലങ്കാന 2013 ൽ തന്നെ തന്ത്രപരമായി കോൺഗ്രസ് നഷ്ടപ്പെടുത്തിയ ഒരിടമാണ്. അഞ്ചു വർഷത്തിനിപ്പുറം അവിടെ സ്ഥിതി ഒട്ടും മെച്ചപ്പെടുകയല്ല, അതീവം മോശമാവുകയാണു ചെയ്തത്. അവസാനനിമിഷം തട്ടിക്കൂട്ടിയ സഖ്യം ഗുണം ചെയ്തിട്ടില്ലെന്നു വ്യക്തം. ദേശീയ തലത്തിൽ, കോൺഗ്രസിനെ മുന്നിൽനി‍ർത്തി പ്രതിപക്ഷ സഖ്യത്തിന്റെ കോ ഓർഡിനേറ്ററായി ഇപ്പോൾ പ്രവർത്തിക്കുന്ന ചന്ദ്രബാബു നായിഡുവിനുണ്ടായിട്ടുള്ള വിലയിടിവും ചെറുതല്ല. തെലങ്കാനയിൽ മാത്രമല്ല, ആന്ധ്രാപ്രദേശിലും ഈ ‘ഭാരമേന്തി’ വേണം കോൺഗ്രസിന്  ലോക്സഭാ തിര‍ഞ്ഞെടുപ്പിനെ നേരിടാനെന്ന പ്രതിസന്ധിയും അങ്ങനെ നിൽക്കുന്നു. 

മിസോറമിലെ തോൽവി പ്രതീക്ഷിച്ചതാണെങ്കിലും അതിന്റെ ആഘാതവും സീറ്റുകളുടെ എണ്ണത്തിലും വോട്ടിലും ഉണ്ടായിട്ടുള്ള ഇടിവിന്റെ ആഴവും വളരെ വലുതാണ്. എല്ലാക്കാലത്തും കോൺഗ്രസിന് കാലുറപ്പിച്ചു നിൽക്കാൻ കഴിഞ്ഞിരുന്ന മണ്ണാണ് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ പൂർണമായും ഒഴുകിപ്പോയിരിക്കുന്നത്. ബിജെപി തിരഞ്ഞെടുപ്പുകൾ നിരന്തരം ജയിക്കുമ്പോഴും പാൻ ഇന്ത്യൻ പാർട്ടിയായി നിന്നത് കോൺഗ്രസായിരുന്നുവെങ്കിൽ ആ സ്ഥാനമാണ് ഇതോടെ നഷ്ടമാകുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പിൽ വടക്കുകിഴക്കുണ്ടായേക്കാവുന്ന നഷ്ടം കോൺഗ്രസ് എവിടെ, എങ്ങനെ നികത്താനാണ്? 

rahul-gandhi-rajasthan കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി.

ഈ ഘടകങ്ങളെല്ലാം പരിഗണിക്കുമ്പോൾ, അ‍ഞ്ചു സംസ്ഥാനങ്ങളിലെ ഫലം കോ‍ൺഗ്രസിന് ആഘോഷിക്കാനുള്ളതല്ല. കടുത്ത ആത്മവിമർശനത്തിനുള്ളതാണ്. കോൺഗ്രസ് തിരിച്ചറിയേണ്ട പ്രാഥമിക പാഠം ഇതാണ്: ജനങ്ങൾ ബിജെപിക്ക് എതിരെ വോട്ടുചെയ്യാൻ തയാറാണ്, എന്നാൽ കോൺഗ്രസിനു തന്നെ വോട്ടു ചെയ്യണമെന്ന കാര്യത്തിൽ അവർക്ക് ഉറപ്പില്ല. രാജസ്ഥാനിൽ ജയിച്ചു വരുന്ന 25 നടുത്ത് ‘മറ്റുള്ളവർ’ തെളിയിക്കുന്നത് അതാണ്.

കോൺഗ്രസ് തോൽക്കുന്ന ഇടങ്ങളിൽ വളരെ മോശമായാണ് തോൽക്കുന്നത് എന്നതു ശ്രദ്ധിക്കണം. മിസോറമിലും തെലങ്കാനയിലും. എന്നാൽ ജയിക്കുന്നിടങ്ങളിലാകട്ടെ, ഉറപ്പോടെയും സുഗമമായും (കൺവിൻസിങ് ആൻഡ് കംഫർട്ടബിൾ) അല്ല ജയിക്കുന്നത്. നിരങ്ങി നീങ്ങുകയാണ്. എന്താണ് ഓൾട്ടർനേറ്റിവ് (പകരം) എന്ന ചോദ്യത്തിന്റെ ഉറച്ച ഉത്തരം ഇപ്പോഴും കോൺഗ്രസ് എന്നല്ല. അതാകുന്നിടത്താണ് ഏതു പ്രതിപക്ഷത്തിന്റെയും വിജയം.  

പുതിയ തന്ത്രങ്ങളും പുതിയ സഖ്യങ്ങളും പുതിയ ആശയങ്ങളും കൊണ്ടു മാത്രമേ കോൺഗ്രസിന് ഇനി മുന്നോട്ടു പോകാനാകൂ. രാഹുൽ ഗാന്ധിക്ക് ഒരു ദിവസം പോലും വിശ്രമിക്കാൻ അവസരമില്ല. ഈ നിമിഷം മുതൽ ഓടിത്തുടങ്ങിയാലേ 2019 ൽ മാന്യമായ വേഗത്തിലെങ്കിലും എത്താൻ കഴിയൂ. വളരെ വളരെ വളരെ കഠിനവും ദീർഘവുമായ പാതയാണ് മുന്നിലുള്ളത്. മരിച്ച് ഓടേണ്ടി വരും!

ഒരു തോൽവിയിൽ മൂന്നു പക്ഷികൾ! 

തോറ്റോ എന്നു ചോദിച്ചാൽ തോറ്റു. അതും ഹിന്ദി ഹൃദയഭൂമിയിൽ. പതിവു പോലെ പത്രങ്ങളും ചാനലുകളും ഇന്ത്യയുടെ രാഷ്ട്രീയ മാപ്പു കൊടുക്കുമ്പോൾ ആ നടുഭാഗത്ത് ഇനി കാവിയല്ല. പകരം കോൺഗ്രസിനും സഖ്യകക്ഷികൾക്കു കൊടുത്തുപോരുന്ന നീലയാകും. മാപ്പെടുത്തു നോക്കുമ്പോൾ ബിജെപിക്ക് നെഞ്ചിടിപ്പു കൂടുമെന്ന് ഉറപ്പ്. 

ഛത്തീസ്ഗഡ് പിടിച്ചെടുത്ത് കോൺഗ്രസ്, വിഡിയോ സ്റ്റോറി കാണാം

പക്ഷേ, പരാജയത്തെക്കാൾ സാധ്യതകളാണ് അമിത് ഷായുടെയും നരേന്ദ്ര മോദിയുടെയും മുൻപിൽ ഈ സെമിഫൈനൽ ഫലം തുറന്നിടുന്നത്. എല്ലാക്കാലത്തും ഷായുടെയും മോദിയുടെയും കണ്ണിലെ കരടുകളായ രണ്ടു പേരാണ് ഇതോടെ കരയ്ക്കിരിക്കാൻ പോകുന്നത് – വസുന്ധര രാജെയും ശിവരാജ് സിങ് ചൗഹാനും. അവർ സംശയദൃഷ്ടിയോടെ നോക്കിപ്പോരുന്ന മൂന്നാമതൊരാളെ സംബന്ധിച്ചും ക്ഷീണമാണ് ഫലം – യോഗി ആദിത്യനാഥ്.

മോദിയെക്കാൾ ഇത്തവണ ബിജെപി റാലികളിൽ പ്രസംഗിച്ചത് ആദിത്യനാഥാണ്. എന്നിട്ടും മൂന്നു സംസ്ഥാനങ്ങൾ തോറ്റു. മാത്രമല്ല, ആദിത്യനാഥ് റാലികളിൽ പങ്കെടുത്ത ഭൂരിഭാഗം മണ്ഡലങ്ങളിലും ബിജെപി പരാജയപ്പെട്ടതായാണു സൂചന (ഇത് വ്യക്തമായ വിവരമല്ല). 2019 ൽ മോദിക്കു പകരം യോഗി എന്ന അവിടവിടെ കേട്ടു പോന്ന മർമരങ്ങൾ ഇതോടെ അടങ്ങും. 

BJP Flag

ശിവ്‍രാജ് സിങ് ചൗഹാൻ നാലാം തവണയും മധ്യപ്രദേശ് ജയിച്ചു വന്നിരുന്നുവെങ്കിലുള്ള സ്ഥിതി ആലോചിച്ചു നോക്കൂ. കഴിഞ്ഞ തവണ തന്നെ ചൗഹാൻ പ്രധാനമന്ത്രി എന്നൊക്കെ പലരും പറഞ്ഞിരുന്നതാണ്. ഇത്തണയും ജയിച്ചെങ്കിൽ അതിന് 2019 ൽ വലിയ ബലം കിട്ടുമായിരുന്നു.

മോദിയെയും ഷായെയും സംബന്ധിച്ച് ഒഴിവായിപ്പോകുന്നത് ആ ‘തലവേദന’യാണ്. ബിജെപിയെ ആകമാനം അമിത് ഷാ കൈപ്പിടിയിലൊതുക്കിയപ്പോഴും സ്വന്തം നിലയ്ക്കു കാര്യങ്ങൾ നടത്തിയിരുന്നതാണ് വസുന്ധര രാജെ. പലതവണ അവരെ നിയന്ത്രിക്കാൻ അമിത് ഷാ ശ്രമിച്ചതാണ്. പക്ഷേ, ഷാ ദയനീയമായി പരാജയപ്പെടുകയായിരുന്നു. ആ വസുന്ധരെയാണ് ഇപ്പോൾ പ്രതാപങ്ങൾ നഷ്ടപ്പെട്ട് പുറത്താകുന്നത്. രാഷ്ട്രീയമായി ഈ മൂന്നു പരാജയങ്ങൾ മോദിയെയും ഷായെയും സന്തോഷിപ്പിച്ചേക്കാം.  

‘കൈ’വിട്ട് കോൺഗ്രസ്, വിഡിയോ സ്റ്റോറി കാണാം

ബിജെപിക്ക് തിരുത്താനുള്ള ശേഷി

മോദിയും ഷായും തോൽവിയിലും ചിരിക്കുമായിരിക്കുമെങ്കിലും, അതിലും നിർണായകമായത്, രീതി മാറ്റം (കോഴ്സ് കറക്‌ഷൻ) കൊണ്ടുവരാനുള്ള ബിജെപിയുടെ ശേഷിയാണ്. അധികാരത്തിന്റെ എല്ലാ ആനുകല്യങ്ങളും – പണം സ്ഥാപനങ്ങളുടെയും ഉദ്യോഗസ്ഥരുടെയും മേലുള്ള നിയന്ത്രണം എന്നിവ അടക്കം –  അവരുടെ പക്കലുണ്ട്. താഴേത്തട്ടു വരെയുള്ള ശക്തമായ സംഘടനാ സംവിധാനമുണ്ട്.

ഇവ രണ്ടും പരമാവധി പ്രയോജനപ്പെടുത്തി, സെമിഫൈനലിൽ സംഭവിച്ച പാളിച്ചകൾ തിരുത്തിയും ഗതിമാറ്റിയും കൊണ്ടുപോവുക അവരെ സംബന്ധിച്ച് കൂടുതൽ എളുപ്പത്തിൽ സാധ്യമാകും. (ഭരണത്തിലിരിക്കുമ്പോൾ പോലും കോൺഗ്രസിന് ഇത് എളുപ്പമായിരുന്നില്ല) ജനവിധിയിലെ സൂചനകളെ വ്യക്തമായി മനസിലാക്കാനും അതിലെ സാധ്യതകളെ പിഴിഞ്ഞെടുക്കാനുമുള്ള അന്തർലീനമായ  ശേഷി ബിജെപിക്കു സ്വാഭാവികമായും കൂടുതലാണ്. പ്രതിപക്ഷ കക്ഷികൾ കരുതിയിരിക്കേണ്ടത് അതിനെയാണ്. 

അതുകൊണ്ടു തന്നെ, സെമി ഫൈനൽ പ്രതിപക്ഷത്തിനു നൽകുന്ന സന്ദേശം വളരെ വ്യക്തമാണ്. ബിജെപിയെ തോൽപിക്കുന്ന എന്നതാണ് ലക്ഷ്യമെങ്കിൽ, ഒരുമിച്ചു നിൽക്കുക എന്നതു മാത്രമേ വഴിയൂള്ളൂ. അതിനു പ്രായോഗികമായ മാർഗങ്ങൾ തേടുകയല്ലാതെ നിവൃത്തിയില്ല. രാജസ്ഥാനിലും മധ്യപ്രദേശിലും വിട്ടിവീഴ്ചകൾ ചെയ്ത് കോൺഗ്രസും ബിഎസ്പിയും ഒരുമിച്ചു നിന്നിരുന്നുവെങ്കിൽ ചിത്രം എന്താകുമായിരുന്നു എന്ന് രണ്ടുകൂട്ടരും ആലോചിക്കുന്നത് അവർക്ക് ഗുണം ചെയ്യും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.