എച്ചിൽ ഇലയിൽ ഇനി കീഴ്ജാതിക്കാർ ഉരുളേണ്ട; മഡെ സ്നാനയും എഡെ സ്നാനയും നിരോധിച്ചു

മഡെ സ്നാന ചടങ്ങ് നടത്തുന്ന ഭക്തർ

മംഗളൂരു ∙ ഉഡുപ്പി ശ്രീകൃഷ്ണ ക്ഷേത്രത്തിൽ വിവാദമായ മഡെ സ്നാനയും (ബ്രാഹ്മണർ ഭക്ഷണം കഴിച്ച എച്ചിൽ ഇലയിൽ കീഴ്ജാതിക്കാർ ഉരുളുന്ന ചടങ്ങ്) എഡെ സ്നാനയും (പ്രസാദം നിവേദിച്ച ഇലയിൽ കീഴ്ജാതിക്കാർ ഉരുളുന്ന ചടങ്ങ്) നിരോധിച്ചു. പര്യായസ്വാമി പലിമാർ മഠത്തിലെ സ്വാമി വിദ്യാധീശ തീർഥയാണ് ഇക്കാര്യം അറിയിച്ചത്.

പേജാവർ മഠാധിപതി സ്വാമി വിശ്വേശ തീർഥയുടെ ഉപദേശം തേടിയാണ് ഈ തീരുമാനം എടുത്തതെന്നും വിദ്യാധീശ വ്യക്തമാക്കി. മഡെ സ്നാനയും എഡെ സ്നാനയും ഏറെ വിവാദമുയർത്തിയ ചടങ്ങുകളാണ്. ഈ ചടങ്ങുകളും അന്നദാനത്തിലെ പന്തിഭേദവും അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഎമ്മിന്റെ നേതൃത്വത്തിൽ ക്ഷേത്രത്തിലേക്കു മാർച്ച് നടത്തിയിരുന്നു. മാർച്ച്
ഉദ്ഘാടനം ചെയ്ത എം.എ.ബേബി അടക്കമുള്ളവർക്കെതിരെ കേസെടുക്കുകയും ചെയ്തിരുന്നു.

ശ്രീകൃഷ്ണ ക്ഷേത്രത്തിലെ ഉപക്ഷേത്രമായ സുബ്രഹ്മണ്യ ക്ഷേത്രത്തിലാണ് എച്ചിൽ ഇലയിൽ ഉരുളുന്ന മഡെസ്നാന നടന്നിരുന്നത്. ചടങ്ങ് വിവാദമാവുകയും പ്രക്ഷോഭങ്ങൾക്കു വഴിയൊരുക്കുകയും ചെയ്തതോടെയാണ് എച്ചിൽ ഇലയ്ക്കു പകരം പ്രസാദം നിവേദിക്കാൻ ഉപയോഗിച്ച ഇലയിൽ ഉരുളുന്ന എഡെ സ്നാനയായി ചടങ്ങു പരിഷ്കരിച്ചത്. രണ്ടും നിർത്തലാക്കിയതോടെ ഇതുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കും വിരാമമായി.

ഈ ചടങ്ങുകൾ നിർത്തലാക്കുന്നത് ഹൈന്ദവതയെ ഒരു വിധത്തിലും ബാധിക്കില്ലെന്നും മതാചാരങ്ങൾക്ക് ഈ ചടങ്ങുകൾ ആവശ്യമില്ലെന്നും പേജാവർ മഠാധിപതി സ്വാമി വിശ്വേശ തീർഥ വ്യക്തമാക്കി. വിവാദ ആചാരങ്ങൾ മുറുകെ പിടിക്കുകയല്ല, പൂജകൾ നടത്തുകയാണ് പ്രധാനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.