Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എല്ലാ ദരിദ്ര കുടുംബങ്ങള്‍ക്കും സൗജന്യ പാചകവാതക പദ്ധതിയുമായി മോദി സര്‍ക്കാര്‍

Narendra Modi | LPG Cylinder

ന്യൂഡല്‍ഹി∙ രാജ്യത്തെ എല്ലാ പാവപ്പെട്ടവരുടെ വീട്ടിലും സൗജന്യ പാചകവാതക കണക്‌ഷനുകൾ നൽകാൻ കേന്ദ്രം ഒരുങ്ങുന്നു. ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള വീട്ടിലെ വനിതകൾക്ക് സൗജന്യ പാചകവാതക കണക്‌ഷൻ നൽകാനായി തുടങ്ങിയ പ്രധാൻമന്ത്രി ഉജ്ജ്വല യോജന പദ്ധതി വിപുലപ്പെടുത്തിയാണ് രാജ്യത്തെ എല്ലാ പാവപ്പെട്ട കുടുംബങ്ങളിലും സൗജന്യ പാചകവാതകം എത്തിക്കാന്‍ കേന്ദ്രം ആലോചിക്കുന്നത്.

അഞ്ചു സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പു ഫലം കേന്ദ്രസർക്കാരിനെതിരായ വിധിയെഴുത്തായി മാറിയപ്പോൾ 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ കളം തിരിച്ചുപിടിക്കാനുള്ള കേന്ദ്രശ്രമങ്ങളുടെ ഭാഗമായാണ് ഈ നീക്കം വിലയിരുത്തപ്പെടുന്നത്. 2016ല്‍ പ്രഖ്യാപിച്ച പദ്ധതി വിപുലപ്പെടുത്താനുള്ള പദ്ധതിക്ക് കേന്ദ്ര സാമ്പത്തികകാര്യ മന്ത്രിസഭാസമിതി അനുമതി നൽകിയതായി പെട്രോളിയം മന്ത്രി ധർമേന്ദ്ര പ്രധാൻ അറിയിച്ചു. ഈ നടപടി രാജ്യത്തെ എല്ലാ വീടുകളിലും പാചകവാതകം എത്തിക്കാൻ ഉതകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ഈ സ്കീമിനു കീഴിൽ ഓരോ സൗജന്യ പാചകവാതക കണക്‌ഷനും പൊതുമേഖലാ എണ്ണകമ്പനികൾക്ക് 1,600 രൂപവച്ച് കേന്ദ്രം സബ്സിഡി നൽകും. സിലിണ്ടറിന്റെ സെക്യൂരിറ്റി ചാർജും ഇവ ഘടിപ്പിക്കുന്നതിന്റെ ഫിറ്റിങ് ചാർജുമാണ് ഇങ്ങനെ സബ്സിഡി നൽകുന്നത്.

പദ്ധതി പ്രകാരം പാചകവാതകം വാങ്ങിക്കുന്നവർ സ്വന്തമായി സ്റ്റൗ വാങ്ങിക്കണം. ഈ അധികഭാരം ലഘൂകരിക്കാൻ സ്റ്റൗ വാങ്ങുന്നതിന്റെ ചെലവും ആദ്യ തവണത്തെ സിലിണ്ടർ വാങ്ങുന്നതിന്റെ ചെലവും മാസത്തവണകളായി കൊടുത്താൽ മതിയെന്ന നിർദേശവും വച്ചിട്ടുണ്ട്. എന്നാൽ പിന്നീടുള്ള സിലിണ്ടർ വാങ്ങലിനെല്ലാം വീട്ടുകാർ തന്നെ പണം ചെലവഴിക്കേണ്ടിവരും.