Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വീടിനെ വിഴുങ്ങി രാത്രിയിൽ തീപിടിത്തം; വെന്തുമരിച്ചവരിൽ 3 കുട്ടികൾ ഇന്ത്യൻ വംശജർ

collierville house fire യുഎസില്‍ തീപിടിത്തമുണ്ടായ വീട് (ഇടത്) മരിച്ച ഇന്ത്യൻ വംശജരായ കുട്ടികൾ (വലത്)ചിത്രങ്ങൾ– ട്വിറ്റർ

ടെന്നസി∙ യുഎസിലെ കോളിയര്‍വില്ലില്‍ ക്രിസ്മസിനു രണ്ടുദിവസം മുൻപ് വീട്ടിലുണ്ടായ തീപിടിത്തത്തില്‍ മരിച്ച നാലു പേരില്‍ മൂന്നു പേര്‍ ഇന്ത്യന്‍ വംശജരായ കുട്ടികളെന്ന് റിപ്പോര്‍ട്ട്. കാരി കുഡ്രയിറ്റ് എന്ന യുവതിയും ഷാരോണ്‍ (17), ജോയി (15), ആരോണ്‍ (14) എന്നീ കുട്ടികളുമാണു മരിച്ചത്. ഇന്ത്യയിൽനിന്നുള്ള നായിക് കുടുംബത്തിലെ സഹോദരങ്ങളാണു തീപിടിത്തത്തിൽ മരിച്ച മൂന്നു പേരുമെന്ന് കോളിയര്‍വില്ലി ബൈബിൾ ചർച്ച് പ്രസ്താവനയിൽ അറിയിച്ചു. തെലങ്കാനയിലെ നൽഗൊണ്ട ജില്ലയിൽ നേരേദുഗൊമ്മുവിലെ ശ്രീനിവാസ് നായിക്–സുജാത ദമ്പതികളുടെ മക്കളാണു പൊള്ളലേറ്റു മരിച്ച ഷാരോണും ജോയിയും ആരോണും. തീപിടിത്തത്തിന്റെ കാരണം ഇപ്പോഴും ദുരൂഹമാണ്. 

കുഡ്രയിറ്റിന്റെ വീട്ടിൽ പ്രാദേശിക സമയം രാത്രി 11 മണിക്കാണു തീപിടിത്തമുണ്ടായത്. മൂന്നു കുട്ടികൾക്കൊപ്പം കുടുംബാംഗങ്ങൾ ക്രിസ്മസ് ആഘോഷിക്കുന്നതിനിടെയായിരുന്നു അപകടം. ഇന്ത്യയിൽ നിന്നുള്ള മതപ്രചാരകരാണു നായിക് കുടുംബം. കാരിയുടെ ഭർത്താവ് ഡാനി, മകൻ കോൾ എന്നിവർ ചികില്‍സയിലാണ്. 

യുഎസിൽ പാസ്റ്ററായി പ്രവർത്തിക്കുകയായിരുന്ന ശ്രീനിവാസ് കഴിഞ്ഞ വർഷമാണ് നൽഗൊണ്ട ജില്ലയിലേക്കു തിരികെയെത്തിയത്. ഫ്രഞ്ച് ക്യാംപ് അക്കാദമിയിലെ പഠനത്തിനായാണു കുട്ടികൾ യുഎസിലെത്തിയത്. 20–30 മിനിറ്റുകൾക്കുള്ളിൽ തീ നിയന്ത്രണ വിധേയമായെങ്കിലും നാലു പേര്‍ മരണത്തിനു കീഴടങ്ങുകയായിരുന്നു.

അപകടമുണ്ടായ കെട്ടിടത്തിന്റെ താഴത്തെ നിലയിൽ ‘സ്മോക് ഡിറ്റക്‌ഷൻ’ സംവിധാനം ഇല്ലായിരുന്നെന്നു പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അഗ്നിരക്ഷാ സേന എത്തുന്നതിനു മുൻപ് അയല്‍ക്കാരന്റെ സഹായത്തോടെയാണ് കാരിയുടെ മകനും ഭർത്താവും കെട്ടിടത്തിനു പുറത്തെത്തിയത്. സംഭവത്തിൽ അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.