Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മുത്തലാഖ് ബിൽ വോട്ടെടുപ്പ്: വിവാദം ചില തല്‍പരകക്ഷികളുടെ കുപ്രചാരണമെന്നു കുഞ്ഞാലിക്കുട്ടി

PK Kunhalikutty പി.കെ കുഞ്ഞാലിക്കുട്ടി

അബുദാബി∙ മുത്തലാഖ് ബില്ലിന്മേലുള്ള വോട്ടെടുപ്പില്‍ ഹാജരാകാതിരുന്നതുമായി ബന്ധപ്പെട്ടു ചില തല്‍പര കക്ഷികള്‍ പ്രചാരണം നടത്തുന്നുണ്ടെന്നും ഇതു വസ്തുതാപരമായി ശരിയല്ലെന്നും മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എംപി. മുത്തലാഖ് ബില്‍ രണ്ടാം വട്ടം ലോക്‌സഭയില്‍ വരുമ്പോള്‍ ചര്‍ച്ചയ്ക്കു ശേഷം ബഹിഷ്‌കരിക്കുക എന്നാണ് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള കക്ഷികള്‍ തീരുമാനിച്ചിരുന്നത്.

എന്നാല്‍, ചില കക്ഷികള്‍ വോട്ടെടുപ്പില്‍ പങ്കെടുക്കാന്‍ തീരുമാനിച്ചപ്പോള്‍ മുസ്‌ലിം ലീഗും പ്രതിഷേധ വോട്ട് ചെയ്യുന്നതാണ് നല്ലതെന്ന് ഇ.ടി മുഹമ്മദ് ബഷീര്‍ എംപിയുമായി കൂടിയാലോചിച്ചു തീരുമാനിച്ചു. അദ്ദേഹം അതു നിര്‍വഹിക്കുകയും ചെയ്തു. പാര്‍ട്ടിപരമായും വിദേശ യാത്രാപരമായും മറ്റു ചില അത്യാവശ്യങ്ങളുള്ളതിനാല്‍ തനിക്കു പാര്‍ലമെന്റില്‍ ഹാജരാവാൻ സാധിച്ചില്ല.

പെട്ടെന്ന് എടുത്ത തീരുമാനമായതിനാലാണ് എതിര്‍ത്ത് വോട്ട് ചെയ്യാന്‍ 11 പേര്‍ മാത്രം ഉണ്ടായത്. പൂര്‍ണമായ നിലക്കുള്ള വോട്ടെടുപ്പല്ല അവിടെ നടന്നത്. വസ്തുത ഇതായിരിക്കെ, കുപ്രചാരണമാണ് ചില കേന്ദ്രങ്ങള്‍ നടത്തുന്നതെന്നു കുഞ്ഞാലിക്കുട്ടി എംപി വ്യക്തമാക്കി.