Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മതിൽ പണിതേ പറ്റൂ: നിലപാടിലുറച്ച് ട്രംപും ഡെമോക്രാറ്റുകളും; യുഎസ് പ്രതിസന്ധി തുടരുന്നു

Donald Trump ഡോണൾഡ് ട്രംപ് (ഫയൽ ചിത്രം)

വാഷിങ്ടൻ∙ പുതുവര്‍ഷത്തിനപ്പുറവും ഭരണപ്രതിസന്ധി തുടരുമെന്ന ആശങ്കയില്‍ യുഎസ്. സാമ്പത്തിക അടിയന്തരാവസ്ഥയെ തുടര്‍ന്ന് 9 പ്രധാന വകുപ്പുകളുടെ പ്രവര്‍ത്തനം നിലച്ചു. 8 ലക്ഷത്തിലേറെ ജീവനക്കാരുടെ ശമ്പളം മുടങ്ങി. പ്രശ്നങ്ങള്‍ എത്രകാലം നീണ്ടുനില്‍ക്കുമെന്നതില്‍ ഒരു ഉറപ്പും നല്‍കാന്‍ കഴിയില്ലെന്നു പ്രസിഡന്റ് ട്രംപ് പ്രതികരിച്ചു.

മെക്സിക്കൻ അതിർത്തിയിൽ മതിൽ പണിയണമെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് ട്രംപ്. അതിനാൽ ഒരു ബില്ലും പാസാക്കാൻ ട്രംപ് തയാറല്ല. അനധികൃതമായി രാജ്യത്തു കുടിയേറുന്നവരെ തുരത്തണമെങ്കിൽ ഈ നടപടികൾ ആവശ്യമാണെന്നാണ് ട്രംപിന്റെ നിലപാട്. എന്നാൽ ഒത്തുതീർപ്പിലെത്താൻ ഡെമോക്രാറ്റുകളും തയാറല്ല. ഇത്തരം നീക്കങ്ങൾ നികുതിദായകരുടെ പണം വെറുതേ കളയലാണെന്ന നിലപാടാണ് ഡെമോക്രാറ്റുകളുടേത്.

‘ഇസ്രയേലിലെ മതിൽ 99.9% വിജയകരമാണ്. യുഎസിലും അതു വിജയിക്കുമെന്ന് എല്ലാവർക്കുമറിയാം. റിപ്പബ്ലിക്കന്മാരെ വിജയിപ്പിക്കാൻ അനുവദിക്കാത്ത ഡെമോക്രാറ്റുകളുടെ നടപടി മാത്രമാണിത്. 10‌ സെനറ്റ് വോട്ടുകൾ അവർക്കുണ്ടാകാം. എന്നാൽ അതിർത്തിയിലെ സുരക്ഷ എന്നത് നമുക്ക് പ്രധാനമാണ്’ – ട്രംപ് കൂട്ടിച്ചേർത്തു. മാത്രമല്ല, ഒത്തുതീർപ്പിന് വാഷിങ്ടനിൽ കാത്തിരിക്കാതെ ഡെമോക്രാറ്റുകൾ ക്രിസ്മസ് ആഘോഷിക്കാൻ വീട്ടിൽപോയെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി സാറാ സാൻഡേഴ്സും വിമർശിച്ചു.

കഴിഞ്ഞ ശനിയാഴ്ച ഭാഗികമായി ആരംഭിച്ച പ്രതിസന്ധി, പുതുവർഷം കടന്നും പോകുമെന്ന ആശങ്കയിലാണ് ജീവനക്കാർ. രണസ്തംഭനം രാജ്യത്തെ പല മേഖലകളുടെയും പ്രവര്‍ത്തനത്തെ ബാധിച്ചിരിക്കുന്നു. ആഭ്യന്തര സുരക്ഷാ വിഭാഗം, നീതിന്യായ വിഭാഗം, കൃഷി വിഭാഗം തുടങ്ങി 9 പ്രധാന വകുപ്പുകളുടെ പ്രവര്‍ത്തനം നിലച്ചിരിക്കുകയാണ്. ജോലി നഷ്ടമാകുമോ അല്ലെങ്കില്‍ ശമ്പളം മുടങ്ങുമോ എന്ന ആശങ്കയുമുണ്ട്‍.