Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സിറിയയ്ക്ക് എതിരെ യുഎസ് മിസൈൽ വർഷം

Syria-attack ബാക്കിയായത്: ബർസയിലെ ശാസ്ത്ര ഗവേഷണ കേന്ദ്രം സഖ്യസേനയുടെ മിസൈലാക്രമണത്തിൽ തകർന്ന നിലയിൽ.

വാഷിങ്ടൻ / ബെയ്റൂട്ട് ∙ യുദ്ധഭീതി ഉയർത്തി സിറിയയ്ക്കുനേരെ യുഎസ്, ബ്രിട്ടിഷ്, ഫ്രഞ്ച് സേനകളുടെ സംയുക്ത മിസൈലാക്രമണം. വെള്ളിയാഴ്ച രാത്രിമുതൽ ശനിയാഴ്ച പുലർച്ചെവരെ നീണ്ട ആക്രമണത്തിൽ 103 ക്രൂസ് മിസൈലുകളാണു സിറിയയ്ക്കുനേരെ തൊടുത്തത്. എന്നാൽ, ഇതിൽ 71 മിസൈലുകൾ സിറിയയുടെ സോവിയറ്റ് നിർമിത മിസൈൽവേധ സംവിധാനം തകർത്തുവെന്നു സഖ്യരാജ്യമായ റഷ്യ അവകാശപ്പെട്ടു. ആളപായമില്ലെന്നാണ് ആദ്യസൂചനകൾ.

‘ഒറ്റത്തവണ പ്രഹരം’ എന്നാണ് ആക്രമണത്തെ യുഎസ് വിശേഷിപ്പിക്കുന്നതെങ്കിലും റഷ്യയും പാശ്ചാത്യരാജ്യങ്ങളും തമ്മിലുള്ള സംഘർഷത്തീയിലേക്ക് എണ്ണ പകരുന്നതാണു സംഭവം.

അസദ് ഭരണകൂടത്തിനെതിരെ സംയുക്ത സേനകളുടെ ഏകോപിപ്പിച്ചുള്ള ആദ്യ ആക്രമണമാണിത്. ബ്രിട്ടനും ഫ്രാൻസും യുദ്ധവിമാനങ്ങളിൽനിന്നും യുഎസ് യുദ്ധക്കപ്പലിൽനിന്നുമാണു മിസൈലുകൾ തൊടുത്തത്. സിറിയയിലെ ഐഎസ് താവളങ്ങൾക്കുനേരെ മുൻപു യുഎസ് സഖ്യസേന ഒട്ടേറെ വ്യോമാക്രമണങ്ങൾ നടത്തിയിട്ടുണ്ടെങ്കിലും സിറിയൻ സേനയെ ലക്ഷ്യമിട്ടിരുന്നില്ല.

‘ഇതു ഞങ്ങൾക്കെതിരെയുള്ള ഭീഷണിയാണ്. ഇത്തരം ആക്രമണങ്ങൾക്കു പ്രത്യാഘാതമുണ്ടാകാതിരിക്കില്ല’ എന്നു യുഎസിലെ റഷ്യൻ അംബാസഡർ അനറ്റൊലി ആന്റനോവ് പറഞ്ഞു. മൂന്നു വൻശക്തികളുടെയും ഭരണത്തലവൻമാരെ ‘കുറ്റവാളികൾ’ എന്ന് ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി വിശേഷിപ്പിച്ചു. റഷ്യയുടെ ആവശ്യപ്രകാരം സ്ഥിതി ചർച്ചചെയ്യാൻ ഐക്യരാഷ്ട്ര സംഘടന രക്ഷാസമിതി അടിയന്തരയോഗം ചേർന്നു.

ദമാസ്കസ് നഗരപ്രാന്തത്തിൽ വിമതരുടെ കേന്ദ്രമായ കിഴക്കൻ ഗൗട്ടയിലെ ദൗമ പട്ടണത്തിൽ കഴിഞ്ഞ ഏഴിനു സിറിയൻസേന നടത്തിയ വ്യോമാക്രമണത്തിനിടെ രാസായുധം പ്രയോഗിച്ചെന്ന് ആരോപിച്ചാണു പാശ്ചാത്യ സേനകളുടെ ആക്രമണം. ദൗമയിലെ രാസായുധപ്രയോഗം ബ്രിട്ടന്റെ സങ്കൽപസൃഷ്ടിയാണെന്നാണു റഷ്യ ആരോപിക്കുന്നത്.

സിറിയയുടെ രാസായുധ കേന്ദ്രങ്ങൾക്കു നേരെയായിരുന്നു മിസൈലാക്രമണമെന്നു സംയുക്ത സേന അറിയിച്ചു. ദമാസ്കസ്, ബർസ, ഹമ, ഹോംസ്, ഷയാറത്, ദുമായ്ർ, മർജ് റുഹൈൽ, മെസേഹ് എന്നിവിടങ്ങളിലാണു മിസൈലുകൾ പതിച്ചത്. ഈ പ്രദേശങ്ങളിലെ കെട്ടിടങ്ങളിൽനിന്ന് അധികൃതർ ദിവസങ്ങൾക്കുമുൻപേ ആളുകളെ ഒഴിപ്പിച്ചിരുന്നു.

മിസൈലാക്രമണത്തിനെതിരെ യുഎസ്, ബ്രിട്ടൻ, ഫ്രാൻസ് എന്നീ രാജ്യങ്ങളിൽ ശക്തമായ പ്രതിപക്ഷ വിമർശനമുയർന്നു. 2015ലാണ് അസദിന്റെ സൈന്യത്തെ സഹായിക്കാൻ റഷ്യ സിറിയയിൽ ഇടപെട്ടത്. സേനയെ സഹായിക്കാൻ ഇറാൻ പിന്തുണയുള്ള ഹിസ്‌ബുല്ല പോരാളികളും യുദ്ധരംഗത്തുണ്ട്.