Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചുണ്ണാമ്പുകല്ലു നിറഞ്ഞ, പത്തു കിലോമീറ്റർ നീണ്ട ദുരൂ(ഗു)ഹ വഴി

Thai Navy soldiers in the Tham Luang cave

ഉത്തര തായ്‍ലൻഡിൽ മ്യാൻമർ അതിർത്തിയിൽ ചിയാങ് റായ് വനമേഖലയിൽ ദോയി നാങ് നോൺ പർവതത്തിനു കീഴെയാണ് താം ലുവാങ് ഗുഹ. ആകെ 10 കിലോമീറ്റർ നീളം. ചുണ്ണാമ്പുകല്ലാണ് ഉൾവശത്ത്.

അവർ അകപ്പെട്ടത് ഇങ്ങനെ

ജൂൺ 23ന് ഫുട്ബോൾ പരിശീലനം കഴിഞ്ഞ് കുട്ടികളുമായി അവരുടെ പരിശീലകൻ ഗുഹയിൽ കയറി. അപ്പോൾ വെള്ളമുണ്ടായിരുന്നില്ല. അവർ അകത്തുള്ളപ്പോൾ പെരുമഴ പെയ്തു. ഗുഹയിലേക്കു വെള്ളം ഇരച്ചുകയറി. ഗുഹാകവാടം ചെളിമൂടി. ചെളിയും മാലിന്യങ്ങളും അടിഞ്ഞ് ഗുഹയുടെ ഇടുങ്ങിയ ഭാഗങ്ങൾ മൂടി. വെളിച്ചവും മറഞ്ഞു. തുടർച്ചയായി മഴ പെയ്തതോടെ കാര്യങ്ങൾ കൂടുതൽ സങ്കീർണമായി.

അകത്തുണ്ടെന്ന് അറിഞ്ഞത് 

കുട്ടികളുടെ സൈക്കിൾ, ബാഗുകൾ, ഷൂസ് തുടങ്ങിയവ ഗുഹാമുഖത്തിനു സമീപം കണ്ട ചിയാങ് റായ് വനത്തിലെ റേഞ്ചർ വിവരമറിയിച്ചപ്പോഴാണ് സംശയമുണർന്നത്. കുട്ടികളുടെ മാതാപിതാക്കൾ മക്കളെ കാണാനില്ലെന്ന പരാതിയുമായി എത്തുകയും ചെയ്തതോടെ അവർ ഗുഹയ്ക്കുള്ളിൽ പെട്ടതാകാമെന്ന് ഉറപ്പായി. 

അവരെ കണ്ടെത്തിയത് ഇവർ

ഒൻപതു ദിവസം നീണ്ട അതീവ ശ്രമകരമായ ദൗത്യത്തിനൊടുവിൽ ഇവരെ കണ്ടെത്തിയത് ബ്രിട്ടിഷ് കേവ് റെസ്ക്യൂ കൗൺസിൽ അംഗങ്ങളായ നീന്തൽ വിദഗ്ധർ ജോൺ വോളന്തെനും റിച്ചാർഡ് സ്റ്റാന്റനും.   

ഒറ്റ ലക്ഷ്യം; കൈമെയ് മറന്ന് 

ആയിരത്തിനും ആയിരത്തി അഞ്ഞൂറിനും ഇടയിൽ രക്ഷാപ്രവർത്തകരാണ് രണ്ടാഴ്ചയിലേറെയായി താം ലുവാങ് ഗുഹാമുഖത്ത് കുട്ടികളെ രക്ഷിക്കാനായി പ്രവർത്തിച്ചത്. റോയൽ തായ് നാവികസേനയുടെ ഭാഗമായ തായ് നേവൽ സീലുകളാണ് രക്ഷാദൗത്യത്തിന് നേതൃത്വം നൽകുന്നത്. ബ്രിട്ടിഷ് ഗുഹാവിദഗ്ധരാണ് കുട്ടികളെ ആദ്യം കണ്ടെത്തിയത്.

‘ആയുധങ്ങൾ’ ഇതൊക്കെ

പൊലീസ് നായ്ക്കൾ: ഗുഹയിലേക്ക് മറ്റു പ്രവേശനമാർഗങ്ങളുണ്ടോ എന്നു കണ്ടുപിടിക്കാൻ ഡ്രോണുകളും റോബട്ടുകളും ഉപയോഗിച്ചു. എന്നാൽ, ഗുഹയ്ക്കുള്ളിലെ മനുഷ്യസാന്നിധ്യം കണ്ടെത്താൻ നേരിട്ടു പോവുകയല്ലാതെ മാർഗങ്ങളില്ലായിരുന്നു. 

റേഡിയോ, കത്തുകൾ

ബ്രിട്ടനിലെ ഡെർബിഷർ റെസ്ക്യൂ ഓർഗനൈസേഷനിൽനിന്നു കടം വാങ്ങിയ ഹേയ്ഫോൺ വിഎൽഎഫ് റേഡിയോകളുമായാണ് രക്ഷാപ്രവർത്തകർ ഗുഹയ്ക്കുള്ളിലേക്കു പോയത്. കുട്ടികളെ കണ്ടെത്തിയ ശേഷം അവരുടെ വിഡിയോ ഫോണിൽ പകർത്തിയതു പുറത്തു വന്നു. അകത്തേക്ക് ടെലിഫോൺ കേബിൾ വലിക്കാനുളള ശ്രമം വിജയിച്ചില്ല. കുട്ടികൾ കത്തുകൾ എഴുതി കൊടുത്തയച്ചു. മാതാപിതാക്കൾ തിരിച്ചും കത്തെഴുതി. 

അവർ കഴിച്ചത് 

ഗുഹയ്ക്കുള്ളിലേക്കു കയറും മുൻപ് വാങ്ങിയ ലഘുഭക്ഷണവും വെള്ളവും കോച്ചിന്റെ നിർദേശപ്രകാരം അൽപാൽപമായി കഴിച്ചാണ് പത്തുദിവസം പിന്നിട്ടത്. രക്ഷാപ്രവർത്തകർ കുട്ടികളെ കണ്ടെത്തിയ ശേഷം ഡോക്ടറുടെ നിർദേശപ്രകാരം പ്രത്യേക ജെല്ലികൾ, വിറ്റമിൻ, മിനറൽ ഗുളികൾ എന്നിവ നൽകി. 

ഒറ്റക്കെട്ട്; ലോകം മുഴുവൻ

ഇത്രയും രാജ്യങ്ങളിൽനിന്നുള്ള സാങ്കേതിക വിദഗ്ധർ, ഡൈവർമാർ, ഗുഹാ വിദഗ്ധർ, മെഡിക്കൽ സംഘം, സന്നദ്ധ പ്രവർത്തകർ എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കാളികൾ: ബ്രിട്ടൻ, യുഎസ്, ചൈന, മ്യാൻമർ, ലാവോസ്, ഓസ്ട്രേലിയ, ജപ്പാൻ, റഷ്യ, ഫിൻലൻഡ്, ഡെന്മാർക്ക്, സ്വീഡൻ, നെതർലൻഡ്സ്, ബെൽജിയം, ജർമനി, ചെക്ക് റിപ്പബ്ലിക്, യുക്രെയ്ൻ, ഇസ്രയേൽ