Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നന്ദിയോതി, ബുദ്ധനിൽ ശരണം

thai-boys-bhudhist-ceremony നന്ദിചൊല്ലി: ബുദ്ധസന്യാസവിദ്യാർഥികളായി വ്രതമെടുക്കുന്നതിന്റെ ഭാഗമായി തായ് ഗുഹയിൽനിന്നു രക്ഷപ്പെട്ട ഫുട്ബോൾ ടീമിലെ കുട്ടികളുടെ തലമുണ്ഡനം ചെയ്തപ്പോൾ. ചിത്രം: എഎഫ്പി

ബാങ്കോക്ക് ∙ തായ് ഗുഹയിൽനിന്നു രക്ഷപ്പെട്ട ഫുട്ബോൾ ടീമിലെ 10 കുട്ടികൾ സന്യാസ വിദ്യാർഥികളായി വ്രതമെടുത്തു. ഗുഹയിൽനിന്നു രക്ഷിച്ച രക്ഷാപ്രവർത്തകരോടുള്ള ആദരസൂചകമായാണിത്. വൻദുരന്തങ്ങളിൽനിന്നു രക്ഷപ്പെട്ടെത്തുന്ന പുരുഷന്മാർ നന്ദിപ്രകാശനത്തിനായി സന്യാസം സീകരിക്കുന്നതു തായ്‌ലൻഡ് സംസ്കാരത്തിന്റെ ഭാഗമാണ്. രക്ഷാപ്രവർത്തനത്തിനിടെ മരിച്ച സമൻ കുന്തോങ്ങിന്റെ ആത്മാവിനു മോക്ഷം ലഭിക്കാനും കുട്ടികളുടെ സന്യാസവ്രതം കാരണമാകുമെന്നാണു വിശ്വാസം.

ഗുഹയ്ക്കുള്ളിൽ കുടുങ്ങിയവരിൽ അദുൽ സാമോൺ എന്ന വിദ്യാ‍ർഥി ക്രിസ്തുമത വിശ്വാസിയായതിനാൽ വ്രതമെടുത്തിട്ടില്ല. 11നും 16നും ഇടയ്ക്കു പ്രായമുള്ള കുട്ടികൾ ഇന്നു മുതൽ ഒൻപതു ദിവസം ബുദ്ധവിഹാരത്തിൽ കഴിയും. താം ലുവാങ് ഗുഹയ്ക്കുള്ളിൽ കുടുങ്ങിയ ഇവരെ ഒൻപതാം ദിവസമാണ് കണ്ടെത്തിയത്. ഇന്നലെ ഇവരുടെ തല മുണ്ഡനം ചെയ്യുകയും ബുദ്ധാചാര പ്രകാരമുള്ള ചടങ്ങുകൾ നടത്തുകയും ചെയ്തു. കുട്ടികൾക്കൊപ്പം ഗുഹയിൽ കുടുങ്ങിയ പരിശീലകൻ ഏകപോൾ ചാന്ദവോങ് നേരത്തേ 10 വർഷത്തോളം സന്യാസ വിദ്യാർഥിയായി ജീവിച്ചിരുന്നു. ഏകപോളിനെ ഇനി ബുദ്ധഭിക്ഷുവാക്കും.

9 ഓസ്ട്രേലിയക്കാർക്ക് ധീരതാ മെഡൽ

ഗുഹാരക്ഷാദൗത്യത്തിൽ പങ്കാളികളായ ഒൻപതു പേർക്ക് ഓസ്ട്രേലിയ ധീരതയ്ക്കുള്ള മെഡലുകൾ നൽകി ആദരിച്ചു. ഗുഹയ്ക്കുള്ളിൽ കുട്ടികൾക്കൊപ്പം കഴിഞ്ഞ ഡോ. റിച്ചാർഡ് ഹാരിസിനും അദ്ദേഹത്തിന്റെ ഡൈവിങ് തോഴൻ ക്രെയ്ദ് ചലനും ഓസ്ട്രേലിയയിലെ രണ്ടാമത്തെ വലിയ സിവിലിയൻ ധീരതാ പുരസ്കാരമായ ‘സ്റ്റാർ ഓഫ് കറേജ്’ മെഡലാണു നൽകിയത്. ആറു പൊലീസുകാരും ഒരു നാവികസേനാംഗവുമാണ് മെഡൽ നേടിയ മറ്റുള്ളവർ.