Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രാജപക്ഷെയ്ക്കെതിരായ അവിശ്വാസ പ്രമേയം പാർലമെന്റ് പാസാക്കി; ശ്രീലങ്കയിൽ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷം

srilanka-crisis ശക്തി തെളിയിച്ച്: മഹിന്ദ രാജപക്ഷെയ്ക്കെതിരായ അവിശ്വാസ പ്രമേയം ശ്രീലങ്കൻ പാർലമെന്റിൽ പാസായതിനെത്തുടർന്ന് റനിൽ വിക്രമസിംഗെയുടെ അനുയായികൾ കൊളംബോയിൽ നടത്തിയ ആഹ്ലാദ പ്രകടനത്തിൽ നിന്ന്. ചിത്രം: ഭാനുപ്രകാശ് ചന്ദ്ര ∙ മനോരമ

പ്രധാനമന്ത്രി മഹിന്ദെ രാജപക്ഷെയ്ക്കെതിരായ അവിശ്വാസ പ്രമേയം പാർലമെന്റിൽ പാസായതോടെ ശ്രീലങ്കൻ രാഷ്ട്രീയം കൂടുതൽ പ്രതിസന്ധിയിലേക്ക്. ശബ്ദവോട്ടോടെയാണ് പ്രമേയം അംഗീകരിച്ചത്. പ്രമേയം പാസായതായും രാജപക്ഷെയ്ക്കു ഭൂരിപക്ഷമില്ലെന്നും സ്പീക്കർ കരു ജയസൂര്യ പ്രഖ്യാപിച്ചു. എന്നാൽ, തീരുമാനം അംഗീകരിക്കില്ലെന്ന് രാജപക്ഷെ വിഭാഗം പറഞ്ഞു. പാർലമെന്റ് പിരിച്ചുവിട്ട് ഇടക്കാല തിരഞ്ഞെടുപ്പ് നടത്താനുള്ള പ്രസിഡന്റ് മൈത്രിപാല സിരിസേനയുടെ തീരുമാനം സുപ്രീം കോടതി ചൊവ്വാഴ്ച സ്റ്റേ ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ്, സംഘർഷഭരിതമായ അന്തരീക്ഷത്തിൽ പാർലമെന്റ് സമ്മേളിച്ചത്.

225 അംഗ പാർലമെന്റിൽ 113 പേരുടെ പിന്തുണയാണ് ഭൂരിപക്ഷം തെളിയിക്കാൻ രാജപക്ഷെയ്ക്കു വേണ്ടിയിരുന്നത്. തമിഴ് വംശജരുടെ പാർട്ടിയായ തമിഴ് നാഷനൽ അലയൻസും ചെറുപാർട്ടികളും രാജപക്ഷെയ്ക്കെതിരായിരുന്നു. രാജപക്ഷെ സർക്കാരിൽ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്ത 3 പേർ കാലുമാറി പ്രതിപക്ഷത്തെ പിന്തുണച്ചു. സർക്കാരിൽ വിശ്വാസമില്ലെന്നു കാണിച്ച് 122 എംപിമാർ ഒപ്പിട്ട പ്രമേയ നോട്ടിസിന്റെ പകർപ്പ് സ്പീക്കർ, പ്രസിഡന്റിന് അയച്ചുകൊടുത്തിട്ടുണ്ട്. അവിശ്വാസപ്രമേയം പാസായത് പുറത്തായ പ്രധാനമന്ത്രി റനിൽ വിക്രമസിംഗെയ്ക്ക് ആശ്വാസകരമാണ്.