സ്വന്തം നാട്ടിൽ ഞങ്ങൾ തിരിച്ചുവരും

പ്രതീക്ഷകൾ ഉയരെ ആയിരുന്നു. പക്ഷേ, പ്രകടനം ഏറെ താഴെയും. അഞ്ചു മൽസരങ്ങളിൽ ഒരു വിജയം മാത്രം. ഈ ഒരു തുടക്കം എങ്ങനെ ആവേശം കൊള്ളിക്കാൻ ! താളം തിരികെപ്പിടിക്കുകയാണു പ്രധാനം. ബാറ്റിങ്ങിൽ, ബോളിങ് പദ്ധതികളിൽ, ഫീൽഡിങ്ങിൽ എല്ലാം മാറ്റം വരണം. പരിശീലനത്തിൽ തുടങ്ങുന്ന ശ്രമം പൂർണതയിലെത്തേണ്ടതു കളിക്കളത്തിലാണ്.

ഞങ്ങളുടെ ടീമിൽ ബാറ്റ്സ്മാൻമാർക്കു മാത്രമാണ് പ്രാധാന്യം കൊടുത്തതെന്ന ആക്ഷേപം ഉയർന്നുതുടങ്ങിയിട്ടുണ്ട്. അതു ശരിയല്ല. ടീം രൂപീകരണത്തിൽ കൃത്യത പാലിച്ചിട്ടുണ്ട്. സന്തുലിതമായ ടീം തന്നെയാണിത്. എക്കാലത്തെയും മികച്ച ഐപിഎല്ലിൽ ശക്തമായ പോരാട്ടത്തിനു ഞങ്ങൾക്കു കഴിയും. സമ്മർദം മൂലം ആശങ്കകൾ ഉയരുന്നതും സംശയം തോന്നിത്തുടങ്ങുന്നതും സ്വാഭാവികമാണ്. എങ്കിലും കോച്ച് വെട്ടോറിയുടെ മേൽനോട്ടത്തിൽ ഞങ്ങൾ തിരിച്ചുവരിക തന്നെ ചെയ്യും. അടുത്ത നാലു മൽസരങ്ങളും ഞങ്ങളുടെ സ്വന്തം ചിന്നസ്വാമിയിലാണ്. അടുത്ത പത്തു ദിവസത്തിനുള്ളിൽ ഞങ്ങളുടെ തിരിച്ചുവരവിനു തുടക്കമാകും. ഒരു വിജയം, രണ്ടു വിജയം... ആത്മവിശ്വാസം ഉയരും.

മുംബൈയ്ക്കെതിരെ ഞായറാഴ്ച നേരിട്ട തോൽവി നിരാശപ്പെടുത്തുന്നു, പ്രത്യേകിച്ച് ആദ്യ രണ്ടു പന്തുകളിൽ രണ്ടു വിക്കറ്റ് ഉമേഷ് നേടിക്കഴിഞ്ഞ ശേഷം. രോഹിത് ശർമയുടേത് ഉജ്വല ഇന്നിങ്സായിരുന്നു. 213 റൺസ് അവർ നേടി. മാനസികമായും ശാരീരികമായും കടുത്ത വെല്ലുവിളിയായിരുന്നു ആ പോരാട്ടം. ‍ഞങ്ങളുടെ ക്യാപ്റ്റൻ വിരാട് കോഹ്‌ലിയും തകർപ്പൻ പ്രകടനമാണു നടത്തിയത്. തിരിച്ചുവരവിൽ ഞങ്ങൾ ഏറെ പ്രതീക്ഷ വയ്ക്കുന്നതും കോഹ്‌ലിയുടെ ബാറ്റിലാണ്.