ചെന്നൈയെ കണ്ടുപഠിക്കൂ!

എങ്ങനെ ബാലൻസ്‍ഡ് ആയി ടീമിനെ ഇറക്കണം എന്നതിന്റെ മികച്ച മാതൃകയായിരുന്നു രാജസ്ഥാൻ റോയൽസിനെതിരെ ഇറങ്ങിയ ചെന്നൈ സൂപ്പർ കിങ്സ് ടീം. എല്ലാ ടീമും സാധാരണ പിന്തുടരാറുള്ള രീതിയുണ്ട്. ആദ്യ ആറുപേരിൽ ബോൾചെയ്യാനറിയുന്ന ഒരാളും വിക്കറ്റ് കീപ്പറും ഉണ്ടായിരിക്കുക എന്നുള്ളത്.

പക്ഷേ, ചെന്നൈ ഇറക്കിയ ടീമിനെ നോക്കൂ. ആദ്യ ഏഴുപേരിൽ ഷെയ്ൻ വാട്സണും ഡ്വെയ്ൻ‍ ബ്രാവോയുമുണ്ടായിരുന്നു. രണ്ടുപേരും വ്യത്യസ്ത രീതിയിൽ, ഇന്നിങ്സിന്റെ വ്യത്യസ്ത ഘട്ടങ്ങളിൽ പന്തെറിയാനാകുന്ന സീം ബോളർമാർ. ബാറ്റിങ്ങിലും അങ്ങനെതന്നെ. വാട്സണ് നല്ല തുടക്കം നൽകാനറിയാം. ബ്രാവോയ്ക്കു കളി ഫിനിഷ് ചെയ്യാനും.

റെയ്നയിൽ സ്ഫോടകശേഷിയുള്ള ഒരു ഇടംകയ്യൻ ബാറ്റ്സ്മാൻ ചെന്നൈയ്ക്കുണ്ട്. ഒന്നോ രണ്ടോ ഓവർ എറിയാനുമാകും. പിന്നെ കളി നിയന്ത്രിക്കാൻ ശേഷിയുള്ള ധോണിയും ബില്ലിങ്സും. രവീന്ദ്ര ജഡ‍േജയെ ചെന്നൈ ടീമിലെടുത്തതിനും കാരണമുണ്ട്. വെടിക്കെട്ടു ബാറ്റിങ്ങിനും 

നല്ല ഒരു സ്പിൻ ട്രാക്കിൽ റൺസ് നിയന്ത്രിച്ചു പന്തെറിയാനും ജഡേജ മിടുക്കനാണല്ലോ. ടോപ് ഓർഡറിൽ ഫാഫ് ഡുപ്ലെസിക്കോ മധ്യനിരയിൽ അമ്പാട്ടി റായുഡുവിനോ അവസരം നൽകുകയാണെങ്കിൽ ബാറ്റിങ് വാലറ്റം വരെ അതിശക്തം. ഇനി ബോളിങ് ശക്തമാക്കണമെങ്കിൽ ഇരുവരെയും പുറത്തിരുത്തി സ്പിന്നറെയോ പേസറെയോ ഇറക്കുകയുമാകാം. 

രാജസ്ഥാനെതിരെ ബാറ്റ് ചെയ്യാനറിയുന്ന ലെഗ് സ്പിന്നർ കാൺ ശർമയെയും അവർ ടീമിലെടുത്തു. ഹർഭജൻ സിങ്ങിനെപ്പോലൊരാളുടെ ഗുണംചെയ്യുന്ന ബോളറാണു കാൺ. അതോടെ എട്ടാം നമ്പർവരെ നന്നായി ബാറ്റ് ചെയ്യാനറിയുന്നവരായി. പിന്നെ ബോളർമാർക്കു ബാറ്റ് ചെയ്യാൻതന്നെ അവസരം കിട്ടുമോ എന്നു സംശയം.