കൊൽക്കത്തയിൽ കരുത്തൻമാർ നേർക്കുനേർ

രണ്ടു കരുത്തൻമാർ, പക്ഷേ ഈഡൻ ഗാർഡൻസിൽ ചങ്കിടിപ്പോടെ കളിക്കുന്നവർ. ഇവർ തമ്മിലുള്ള പോരാട്ടം ഉജ്വലമാകും. കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ലേലത്തിൽ മികവു കാട്ടിയെങ്കിലും പരുക്ക് ടീമിനു തിരിച്ചടിയായി. ലഭ്യമായ മികവിനെ പരമാവധി അവർ ഉപയോഗിച്ചുവെങ്കിലും ഫീൽഡിൽ ഇറങ്ങുന്ന സംഘത്തിന്റെ പ്രകടനത്തെ ആശ്രയിച്ചാവുമല്ലോ ടീമിന്റെ മുന്നേറ്റം. ആദ്യ ഇലവനെത്തന്നെ അണിനിരത്താൻ കഴിഞ്ഞാൽ അപകടകാരികളാണു കൊൽക്കത്ത. നാലോവർ റസ്സലിന്റെ പക്കൽ ഭദ്രം. കാർത്തിക് ഏറ്റവും മികച്ച ഫോമിൽ. നരൈൻ ബാറ്റുകൊണ്ടും പന്തുകൊണ്ടും തന്റെ സാന്നിധ്യമറിയിക്കുന്നു. സ്പിന്നർമാരുടെ ഫോമിൽ മാത്രം സംശയം. ആ മേഖല മുതലെടുക്കാനാവും രാജസ്ഥാൻ റോയൽസിന്റെ ശ്രമം.

തുടർച്ചയായ മൂന്നു വിജയങ്ങളോടെയാണു രാജസ്ഥാൻ എത്തുന്നത്. ഒരു ലക്ഷ്യവും അവർക്ക് അപ്രാപ്യമല്ല. എന്നാൽ തുടക്കത്തിൽത്തന്നെ ബട്‌ലറെ നഷ്ടമായാൽ അവരുടെ കരുത്തു ചോരും. ഏറ്റവും ഫലപ്രദമായ ആദ്യ ആറു പേരെ കണ്ടെത്താനുള്ള ശ്രമത്തിലാണു രാജസ്ഥാൻ ഇപ്പോഴും. വൻപ്രതിഫലത്തിനെത്തിയ താരങ്ങൾ ഫോമിലെത്താനുള്ള ശ്രമത്തിലും. രണ്ടു തരത്തിൽ ഇതിനെ കാണാം. ഒരു തരത്തിൽ ആശങ്കയാണ്, മറ്റൊരു തരത്തിൽ പ്രതീക്ഷയാണ്. അവർ ഫോമിലെത്തിയാൽ ടീമിന്റെ സാധ്യതകൾ പതിന്മടങ്ങു വർധിക്കും. ജോഫ്ര ആർച്ചർ വന്നതോടെ നാലോവർ വിശ്വസിച്ച് ഏൽപിക്കാവുന്ന സ്ഥിതിയായി. വരും നാളുകളിൽ ആവേശത്തോടെ വീക്ഷിക്കപ്പെടുന്ന താരങ്ങളിൽ ഒരാളാണു ആർച്ചർ. യോഗ്യത നേടാത്ത ആറു ടീമുകളും സമ്മർദ്ദങ്ങളിൽ പതറുന്നുണ്ട്. യോഗ്യതാ റൗണ്ടിന്റെ അവസാന ദിനങ്ങളിൽ ഈ മേഖല എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതിനെ ആശ്രയിച്ചാവും പ്ലേ ഓഫിലേക്കുള്ള മുന്നേറ്റം.