Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഡൽഹിയെ ‘വിക്ലങ്കനാക്കി’ ചെന്നൈ വീണ്ടും ‘സൂപ്പർ കിങ്സ്’

Dhoni-Vs-DD ഡൽഹിക്കെതിരെ ധോണിയുടെ ബാറ്റിങ്. (ട്വിറ്റർ ചിത്രം)

സീനിയർ താരങ്ങളുടെ ചിറകിലേറി ഐപിഎൽ 11–ാം സീസണിൽ ചെന്നൈ സൂപ്പർ കിങ്സ് കുതിപ്പു തുടരുന്നു. മലയാളി താരം കെ.എം. ആസിഫിന്റെ ഐപിഎൽ അരങ്ങേറ്റവും നിറം ചാർത്തിയ മൽസരത്തിൽ പൊരുതിക്കളിച്ച ‍ഡൽഹി ഡെയർഡെവിൾസിനെ 13 റൺസിനാണ് ധോണിപ്പട വീഴ്ത്തിയത്. ശ്രേയസ് അയ്യർക്കു കീഴിൽ സീസണിൽ പുതുവഴി തേടുന്ന ഡൽഹി അവസാന ഓവർ വരെ പോരാടിയെങ്കിലും ധോണിയുടെ ചാണക്യതന്ത്രങ്ങൾക്കു മുന്നിൽ വീണുപോവുകയായിരുന്നു.

സീസണിലെ ആറാം ജയം സ്വന്തമാക്കിയ ചെന്നൈയുടെ രാജാക്കൻമാർ എട്ടു മൽസരങ്ങളിൽനിന്ന് ആറു വിജയമുൾപ്പെടെ 12 പോയിന്റുമായി ടീമുകളിൽ തലപ്പത്തെത്തുകയും ചെയ്തു. എട്ടു മൽസരങ്ങളിൽനിന്ന് ആറാം തോൽവി വഴങ്ങിയ ഡൽഹിയാകട്ടെ, നാലു പോയിന്റുമായി അവസാന സ്ഥാനത്തു തുടരുന്നു.  

അക്ഷരാർഥത്തിൽ ധോണിയും വാട്സണും ചേർന്ന് ഡൽഹിയെ അടിച്ച് ‘വിക്ലങ്കനാക്കി’ എന്നുതന്നെ പറയേണ്ടിവരും. കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിലെ ട്രോൾ ഗ്രൂപ്പുകളില്‍ ചർച്ചയായ വാക്കായിരുന്നു ' വിക്ലങ്കൻ'. സംഗതി അക്ഷരപ്പിശകായിരുന്നെങ്കിലും തകർന്നുപോയി, തല്ലുകൊള്ളിയായി എന്നൊക്കെയാണ് ഇതിന് പറഞ്ഞു വന്ന അർഥം. അങ്ങനെ നോക്കിയാൽ ഡൽഹിയെ ചെന്നൈ ഇന്നലെ ‘വിക്ലങ്കനാക്കി’ എന്നല്ലാതെ എന്തുപറയാനാണ്!

ആദ്യം വാട്സൺ, ഒടുവിൽ ധോണി

ആദ്യ ഓവറുകളിൽ ഷെയ്ൻ വാട്സണും അവസാന ഓവറുകളിൽ ക്യാപ്റ്റൻ മഹേന്ദ്രസിങ് ധോണിയും നിറഞ്ഞാടിയതോടെ നാലിന് 211 റൺസെന്ന കൂറ്റൻ സ്കോറാണ് ചെന്നൈ ഡൽഹിക്കെതിരെ നേടിയത്. ഡൽഹി ബോളർമാരെ തലങ്ങും വിലങ്ങും പായിച്ച ഇരുവരും ചേർന്ന് 12 സിക്സുകളാണ് ചെന്നൈയ്ക്കു വേണ്ടി അടിച്ചുകൂട്ടിയത്. 40 പന്തുകളിൽ 78 റൺസുമായി ഷെയ്ൻ വാട്സണ്‍ സീസണിലെ രണ്ടാം അർധസെഞ്ചുറി കുറിച്ചപ്പോൾ, ഓപ്പണിങ്ങില്‍ അവസരം ലഭിച്ച ഡുപ്ലേസിയും ചെന്നൈയ്ക്കു തുണയായി നിന്നു. ഏഴു സിക്സും നാലു ഫോറും പറത്തിയാണ് വാട്സൺ പുറത്തായത്. 33 പന്തില്‍ 33 റൺസെടുത്ത് ഡുപ്ലേസിയും കൂടാരം കയറി. 

അതായത് ചെന്നൈയുടെ ആദ്യ വിക്കറ്റ് വീണത് 102–ാം റൺസിൽ. മികച്ച തുടക്കം ലഭിച്ച ചെന്നൈയ്ക്ക് പിന്നീടു തിരിഞ്ഞു നോക്കേണ്ടിവന്നില്ല. അമ്പാട്ടി റായുഡു 24 പന്തിൽ 41 റൺസെടുത്തു റണ്ണൗട്ടായി. 20–ാം ഓവറില്‍ ഓട്ടത്തിലെ പാകപ്പിഴകൾ വീണ്ടും റായുഡുവിനെ കുരുക്കിലാക്കുകയായിരുന്നു. ധോണി നല്‍കിയ ക്യാച്ച് ഋഷഭ് പന്ത് വിട്ടുകളഞ്ഞെങ്കിലും റണ്ണിനായി ഓടിയ റായുഡുവിനെ ട്രെന്റ് ബോൾട്ട് റണ്ണൗട്ടാക്കുകയായിരുന്നു. 

നേരത്തെ ബാംഗ്ലൂരിനെതിരെയും സൺ‌റൈസേഴ്സിനെതിരെയും റണ്ണൗട്ടാകാനായിരുന്നു റായുഡുവിന്റെ വിധി. അവസാന പന്തുകളിൽ ധോണി കൂടി ആഞ്ഞടിച്ചതോടെ ചെന്നൈ സ്കോർ 200 കടന്നു. അഞ്ച് സിക്സും രണ്ടു ഫോറുമാണ് ധോണി ഡൽഹിക്കെതിരെ അടിച്ചത്. ഒപ്പം സീസണിലെ മൂന്നാം അർധസെഞ്ചുറിയും. എട്ടു കളികളിൽ നിന്ന് 286 റൺസുമായി ധോണി റൺവേട്ടയില്‍ നാലാം സ്ഥാനത്തേക്കു കയറുകയും ചെയ്തു. ചെന്നൈയുടെ തന്നെ അമ്പാട്ടി റായുഡുവാണ് ഒന്നാമത്. 

ഡൽഹിയെറിഞ്ഞ അവസാന നാലോവറുകളിൽ 21, 17, 11, 13 റൺസുകളാണ് ചെന്നൈ അടിച്ചെടുത്തത്. ടോസ് നേടിയ ഡൽ‌ഹി ചെന്നൈ സൂപ്പർ കിങ്സിനെ  ബാറ്റിങ്ങിനയയ്ക്കുകയായിരുന്നു. ഡൽഹി നിരയിൽ അമിത് മിശ്ര, വിജയ് ശങ്കർ, ഗ്ലെൻ മാക്സ്‍വെൽ  എന്നിവർ ഓരോ വിക്കറ്റു വീതം വീഴ്ത്തി.

പൊരുതിത്തോറ്റ് ഡൽഹി

ചെന്നൈ ഉയർത്തിയത് കൂറ്റന്‍ വിജയലക്ഷ്യമായിരുന്നിട്ടു കൂടി യാതൊരു ഭയവുമില്ലാതെയാണ് ഡൽഹിയുടെ യുവതാരങ്ങൾ മറുപടി ബാറ്റിങ്ങിന് ഇറങ്ങിയത്. വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ഋഷഭ് പന്ത് 45 പന്തിൽ 79 റൺസുമായി ടീമിന്റെ ടോപ് സ്കോററായി. സീസണിലെ രണ്ടാം അർധസെഞ്ചുറിയാണ് പന്ത് ചെന്നൈയ്ക്കെതിരെ നേടിയത്. ലുങ്കി എൻഗിഡിയുടെ പന്തിൽ രവീന്ദ്ര ജഡേജയ്ക്കു ക്യാച്ച് നൽകിയായിരുന്നു പന്തിന്റെ പുറത്താകൽ. 

31 പന്തിൽ 54 റൺസെടുത്ത വിജയ് ശങ്കർ അവസാന ഓവറുകളിൽ ഡൽഹിയെ ഒറ്റയ്ക്കു തോളിലേറ്റിയെങ്കിലും വൈകിപ്പോയിരുന്നു. അവസാന വിജയത്തിലേക്ക് 28 റൺസ് വേണമായിരുന്നെങ്കിലും ഡൽഹിക്ക് 14 റൺസെടുക്കാനെ കഴിഞ്ഞുള്ളൂ. 19–ാം ഓവറിൽ മൂന്നു സിക്സര്‍ പറത്തിയ വിജയ് ശങ്കറിൽ ആരാധകർ പ്രതീക്ഷ വച്ചെങ്കിലും വിജയവഴി തുറക്കാൻ യുവതാരത്തിനുമായില്ല.

പൃഥ്വി ഷാ (അഞ്ച് പന്തിൽ‌ ഒൻപത്), കോളിൻ മൺറോ (16 പന്തിൽ 26), ശ്രേയസ് അയ്യർ (14 പന്തിൽ 13), ഗ്ലെന്‍ മാക്സ്‍വെൽ (അഞ്ച് പന്തിൽ ആറ്) എന്നിങ്ങനെയാണു പുറത്തായ മറ്റ് ഡൽഹി താരങ്ങളുടെ സ്കോറുകൾ. നാലു പന്തിൽ മൂന്നു റൺസുമായി രാഹുൽ തെവാട്ടിയയും പുറത്താകാതെനിന്നു.

ചെന്നൈയ്ക്കായി കന്നി മൽസരം കളിക്കാനിറങ്ങിയ മലയാളി താരം കെ.എം.ആസിഫ് രണ്ടു വിക്കറ്റ് വീഴ്ത്തി. മൂന്ന് ഓവറിൽ 43 റൺസ് വിട്ടുകൊടുത്താണ് ആസിഫിന്റെ രണ്ടു വിക്കറ്റ് നേട്ടം. ലുങ്കി എൻഗിഡി, രവീന്ദ്ര ജഡേജ എന്നിവരും ഓരോ വിക്കറ്റു വീഴ്ത്തി.