ത്രിമൂർത്തികളുടെ കുറവ് നികത്താൻ നദാൽ ഫ്രഞ്ച് ഓപ്പണിലേക്ക്

പാരിസ് ∙ ടെന്നിസിലെ വൻ ത്രിമൂർത്തികളായ റോജർ ഫെഡറർ, സെറിന വില്യംസ്, മരിയ ഷറപ്പോവ എന്നിവരുടെ അസാന്നിധ്യമാണ് ഇത്തവണത്തെ ഫ്രഞ്ച് ഓപ്പൺ ടെന്നിസിന്റെ പ്രത്യേകത. പക്ഷേ, അത് ഈ മേളയ്ക്ക് ഒരു പ്രശ്നമേ ആകില്ലെന്നാണ് സംഘാടകരുടെ നിലപാട്. ടെന്നിസിൽ റൊളാങ് ഗാരോസ് ഒരു സ്ഥാപനംതന്നെയാണെന്നും കളിക്കാർക്ക് അതു തീർഥാടന കേന്ദ്രം പോലെയാണെന്നുമാണു ഫ്രഞ്ച് ടെന്നിസ് ചരിത്രകാരനായ ജീൻ ക്രിസ്റ്റഫെ പിഫൗവിന്റെ പക്ഷം. 

ഇവരുടെ അസാന്നിധ്യത്തിലും റൊളാങ് ഗാരോസിലെ കളിക്കളങ്ങൾക്കു ജീവൻ പകരുന്ന പ്രധാന ഘടകം സ്പെയിൻ താരം റാഫേൽ നദാലിന്റെ സാന്നിധ്യമാണ്. അസാധ്യമെന്നു വിലയിരുത്തപ്പെട്ടിരുന്ന പത്താം കിരീട വിജയമാണു നദാൽ ലക്ഷ്യം വയ്ക്കുന്നത്. 2005 മുതൽ 14 വരെ ഒന്നൊഴികെ എല്ലാ വർഷവും ജയിച്ചുകയറിയ റാഫാ ഇവിടെ ഒൻപതു കിരീടങ്ങളിൽ എത്തിനിൽക്കുകയാണ്.

2009ൽ മാത്രമാണ് ഇതിനിടെ കിരീടം വഴുതിപ്പോയത്. ഈ വർഷം മോണ്ടെ കാർലോയിൽ നേടിയ പത്താം കിരീട വിജയം ഇവിടെയും ആവർത്തിക്കാമെന്നാണു സ്പാനിഷ് താരത്തിന്റെ പ്രതീക്ഷ. പരുക്കും ഫോം നഷ്ടവും സമ്മാനിച്ച കഷ്ടകാലത്തിൽനിന്നു മോചിതനായ നദാൽ ഈ വർഷം മികച്ച ഫോമിലാണ്. ഓസ്ട്രേലിയൻ ഓപ്പണിലും മയാമി ടൂർണമെന്റിലും ഫൈനലിലെത്തി.