സാനിയ സഖ്യത്തിനു ജയം; പ്രീക്വാർട്ടറിൽ

ലണ്ടൻ ∙ ശനിയാഴ്ച നടന്ന വിമ്പിൾഡൻ ടെന്നിസ് മിക്സഡ് ഡബിൾസിലും വനിതാ ഡബിൾസിലും ഇന്ത്യയുടെ സാനിയ മിർസ മൂന്നാം റൗണ്ടിൽ. രോഹൻ ബൊപ്പണ്ണ, പുരവ് രാജ എന്നിവരും മിക്സഡ് ഡബിൾസ് മൽസരങ്ങളിൽ വിജയികളായി. ക്രൊയേഷ്യയുടെ ഇവാൻ ഡോഡിഗിനൊപ്പമാണ് സാനിയ മിക്സഡ് ഡബിൾസിൽ മുന്നേറിയത്. ജപ്പാന്റെ യുസുകേ വാടാനുകി – മകോടോ നിനോമിയ സഖ്യത്തെ കീഴടക്കി (7-6 (5), 6-2). 

വനിതാ ഡബിൾസിൽ സാനിയ– ബെൽജിയംകാരി കിഴ്സ്റ്റൺ ഫ്ലിപ്കെൻസ് സഖ്യം ബ്രിട്ടിഷുകാരായ നവോമി ബ്രോഡി– ഹീതർ വാട്സൺ സഖ്യത്തെ തോൽപിച്ചു (6-3, 3-6, 6-4). മിക്സഡ് ഡബിൾസ് ആദ്യറൗണ്ടിൽ ജപ്പാൻ താരം എറി ഹോസുമിക്കൊപ്പം ഇറങ്ങിയ പുരവ് രാജ 5-7, 6-4, 6-2ന് യുഎസ്– ചെക്ക് സഖ്യമായ ജയിംസ് സെറേറ്റിനി– റെനാറ്റ വൊറാകാവ ടീമിനെ കീഴടക്കി.ബൊപ്പണ്ണ –ഗബ്രിയേല ഡബ്രോവ്സ്കിയും സഖ്യം ഫാബ്രിസ് മാർട്ടിനും റാലുക ഒലാരും സഖ്യത്തെ 7-6 (2), 7-5നു തോൽപിച്ചാണ് പ്രീക്വാർട്ടറിലെത്തിയത്.