ഫെഡറേഷനെതിരെ ആരോപണവുമായി ഷറപ്പോവ

ലണ്ടൻ∙ ഉത്തേജകമരുന്നു വിവാദത്തിനിടെ തനിക്കു കൂടുതൽ ശിക്ഷ നൽകാൻ രാജ്യാന്തര ടെന്നിസ് ഫെഡറേഷൻ ശ്രമിച്ചുവെന്ന മരിയ ഷറപ്പോവയുടെ ആരോപണം വിവാദമായി. രണ്ടു വർഷത്തെ വിലക്ക് 15 മാസമായി സ്പോർട്സ് ആർബിട്രേഷൻ കോടതി വിധിച്ചതിനു പിന്നാലെയായിരുന്നു ഷറപ്പോവയുടെ വിവാദ പരാമർശം. ഫെഡറേഷൻ നിഷ്പക്ഷത പാലിച്ചില്ലെന്നും ഷറപ്പോവ പറഞ്ഞിരുന്നു.

മുൻ ലോക ഒന്നാം നമ്പർ താരവും അഞ്ചു ഗ്രാൻസ്‌ലാം കിരീടങ്ങൾ നേടിയിട്ടുള്ള താരവുമായ ഷറപ്പോവയെ ഉത്തേജകത്തിന്റെ ദൂഷ്യഫലങ്ങളുടെ ഉദാഹരണമാക്കാനാണോ ശ്രമിച്ചതെന്ന് ഒരു അഭിമുഖത്തിൽ ചോദ്യമുയർന്നു. അതു താൻ വിശ്വസിക്കാൻ ആഗ്രഹിച്ചിരുന്നില്ല. ഇപ്പോൾ പക്ഷേ, അങ്ങനെയാണു ചിന്തിക്കുന്നത് എന്നായിരുന്നു ഷറപ്പോവയുടെ മറുപടി.

തനിക്ക് 24 മാസ സസ്പെൻഷനാണു ലഭിച്ചത്. നാലു വർഷമാക്കാനായിരുന്നു ഫെഡറേഷന്റെ ശ്രമം. എന്നാൽ ഇത്തരം കാര്യങ്ങളിൽ ഇടപെടാറില്ലെന്നും സ്വതന്ത്ര സമിതിയാണ് തീരുമാനമെടുക്കുന്നതെന്നും ഫെഡറേഷൻ വ്യക്തമാക്കി. തെറ്റിന് അർഹിക്കുന്ന ശിക്ഷ നൽകേണ്ടത് സമിതിയുടെ ഉത്തരവാദിത്തമാണ്. അനാവശ്യ വിവാദമാണ് ഷറപ്പോവ സൃഷ്ടിക്കുന്നതെന്നും അവർ പറഞ്ഞു.