Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദ്വീപിൽ ചൈനയുടെ രഹസ്യ പടയൊരുക്കം, മിസൈൽ സിസ്റ്റം വിന്യസിച്ചു

sat-image

ദക്ഷിണ ചൈനാ കടലിലെ കൃത്രിമ ദ്വീപുകളിൽ വീണ്ടും രഹസ്യ സൈനിക നീക്കം നടക്കുന്നതിന് തെളിവുമായി സാറ്റ്‌ലൈറ്റ് ചിത്രങ്ങൾ പുറത്ത്. സിഎൻഎൻ ചാനലാണ് പുതിയ സാറ്റ്‌ലൈറ്റ് ചിത്രങ്ങൾ പുറത്തുവിട്ടിരിക്കുന്നത്. ഇമേജ്സാറ്റ് ഇന്റർനാഷണൽ എറോസ് ബി സാറ്റ്‌ലൈറ്റ് പകർത്തിയ പുതിയ ചിത്രങ്ങളിൽ ചൈനയുടെ പുതിയ നീക്കം വ്യക്തമാണെന്നാണ് റിപ്പോർട്ട്.

കൃത്രിമ ദ്വീപുകളിൽ വ്യാപകമായി സൈനിക മുന്നൊരുക്കങ്ങൾ നടക്കുന്നുണ്ടെന്നത് ചിത്രങ്ങളിൽ നിന്ന് വ്യക്തമാണ്. കരയിൽ നിന്ന് വിക്ഷേപിക്കാവുന്ന മിസൈൽ ലോഞ്ചറുകൾ വിന്യസിച്ചിട്ടുണ്ടെന്നാണ് ഉപഗ്രഹ ചിത്രങ്ങൾ വ്യക്തമാക്കുന്നത്. അമേരിക്കൻ നാവിക സേനയുടെ ഭീഷണി മുന്നിൽ കണ്ടാണ് ചൈനയുടെ ഇപ്പോഴത്തെ അതിവേഗ നീക്കമെന്നാണ് കരുതുന്നത്. ഏറ്റവും പുതിയ മിസൈൽ സംവിധാനങ്ങൾ ആയിരിക്കാമെന്നാണ് റിപ്പോർട്ട്. ജൂൺ എട്ടിനും ജൂൺ മൂന്നിനും ലഭിച്ച സാറ്റ്‌ലൈറ്റ് ചിത്രങ്ങളിലെ മാറ്റങ്ങളാണ് ചൈനയുടെ പുതിയ നീക്കം കണ്ടെത്തിയത്.

ഒരു വർഷം മുൻപ് ചൈനീസ് കൃത്രിമ ദ്വീപുകളിൽ മിസൈൽ ലോഞ്ചറുകൾ വിന്യസിച്ച വാർത്ത വന്നിരുന്നുവെങ്കിലും പിന്നീട് പിൻവലിച്ചിരുന്നു. ജൂൺ 3 ന് ലഭിച്ച സാറ്റ്‌ലൈറ്റ് ചിത്രത്തിൽ ദ്വീപിൽ മാറ്റങ്ങളൊന്നും കണ്ടിരുന്നില്ല. എന്നാൽ ജൂൺ 8 ന് ലഭിച്ച ചിത്രങ്ങളിൽ ചില ഭാഗങ്ങളിൽ മാറ്റങ്ങളുണ്ടായിട്ടുണ്ടെന്ന് കണ്ടെത്തി.

എച്ച്ഡി മികവുള്ള ചിത്രങ്ങളാണ് ലഭിച്ചിരിക്കുന്നത്. ഈ മേഖലയിൽ ചൈന നിരവധി ആയുധ സംവിധാനങ്ങൾ സജ്ജീകരിച്ചിട്ടുണ്ടെന്ന് നേരത്തെ തന്നെ അമേരിക്ക ആരോപിക്കുന്നുണ്ട്. ആന്റി എയർക്രാഫ്റ്റുകളും ആന്റി മിസൈൽ ആയുധങ്ങളും ഇവിടെ വിന്യസിച്ചിട്ടുണ്ടെന്നാണ് അമേരിക്കയുടെ വാദം. 

നേരത്തെയുള്ള ചിത്രങ്ങളും പുതിയ ചിത്രങ്ങളും വിലയിരുത്തിയാണ് കൃത്രിമ ദ്വീപുകളിലെ മാറ്റങ്ങൾ കണ്ടെത്തുന്നത്. കഴിഞ്ഞ രണ്ടര വർഷത്തിനിടെ ഈ ദ്വീപുകളിൽ വൻ ആയുധ വിന്യാസം നടന്നിട്ടുണ്ടെന്നാണ് അമേരിക്ക ആരോപിക്കുന്നത്. ദക്ഷിണ ചൈന കടലി‍െൻറ 90 ശതമാനവും തങ്ങളുടേതാണെന്നതാണ് ചൈനയുടെ അവകാശവാദം.

കൃത്രിമ ദ്വീപിൽ വർഷങ്ങളായി ചൈന എന്തൊക്കൊയോ നിർമ്മിക്കുന്നുണ്ടെന്നാണ് സാറ്റലൈറ്റ് ചിത്രങ്ങളിൽ നിന്ന് വ്യക്തമാണ്. ഇവിടെ സൈന്യത്തെ വിന്യസിക്കുന്നതിന്റെ ആദ്യപടിയായി പോർവിമാനങ്ങൾ വരെ ദ്വീപില്‍ ലാൻഡ് ചെയ്തിരുന്നു. കൃത്രിമ ദ്വീപിൽ യുദ്ധവിമാനങ്ങൾ ഇറങ്ങാനും പറന്നുയരാനുമുള്ള, കപ്പലുകൾ അടുപ്പിക്കാനുള്ള സംവിധാനങ്ങളും ഒരുക്കിവരികയാണ്. സൈനിക വിമാനങ്ങളും ടാങ്കുകളും ലാൻഡ് ചെയ്യാൻ പ്രത്യേകം ഷെഡുകൾ നിർമ്മിക്കുന്നതായും നേരത്തെ പുറത്തുവന്ന ചിത്രങ്ങളിൽ വ്യക്തമായിരുന്നു. 

ചൈനയുടെ അത്യാധുനിക സൈനിക വിമാനങ്ങളെല്ലാം ഇവിടെ ഇറങ്ങാൻ കഴിയുന്ന സംവിധാനങ്ങളാണ് ദ്വീപിൽ ഒരുക്കിയിരിക്കുന്നത്. നിരവധി ഷെഡുകളാണ് ദ്വീപിൽ നിർമിച്ചിരിക്കുന്നത്. 60 മുതൽ 200 അടി ഉയരം വരെയുള്ള ഷെഡുകളാണ്. ഒരു യുദ്ധത്തിനുള്ള എല്ലാ ഒരുക്കങ്ങളും ചൈന നടത്തുന്നുണ്ടെന്നാണ് നിരീക്ഷകർ വിലയിരുത്തുന്നത്. ഇവിടെ സൈനിക വിന്യാസം നടത്തിയാൽ മേഖല പിടിച്ചടക്കാൻ കഴിയുമെന്നാണ് ചൈന പ്രതീക്ഷിക്കുന്നത്. 

ചൈനാ വൻകരയിൽ നിന്ന് ആയിരത്തിലേറെ കിലോമീറ്റർ അകലെയാണ് ദക്ഷിണ ചൈനാ കടൽ. ചൈനീസ് ഭൂപടങ്ങളിൽ അതിനു ചുറ്റുമായി ഒൻപതു വരകൾ വരച്ചിട്ടുണ്ട്. അവയുടെ പരിധിയിൽ വരുന്ന ഭാഗങ്ങൾ നൂറ്റാണ്ടുകളായി തങ്ങളുടേതാണെന്നാണ് ചൈനയുടെ വാദം. 

വളരെ ചെറിയ ദ്വീപുകൾക്കു പുറമെ വെള്ളത്തിൽ മുങ്ങിക്കിടക്കുന്നതും അല്ലാത്തതുമായ പാറകൾ, പവിഴപ്പുറ്റുകൾ, മൺതിട്ടകൾ എന്നിവയാണ് ആ ഭാഗങ്ങളിൽ. വേലിയേറ്റസമയത്ത് അവയിൽ പലതും കാണാനുമാവില്ല. എല്ലാം തരിശുഭൂമികളാണെങ്കിലും ഭൂമിക്കടിയിൽ എണ്ണ, പ്രക‍‍ൃതിവാതകം, ധാതുപദാർഥങ്ങൾ എന്നിവയുടെ വൻനിക്ഷേപം ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്. ധാരാളം മൽസ്യവും കിട്ടും. അതിനാൽ അവിടത്തെ കൊച്ചുമൺതിട്ടകളുടെ മേലുള്ള അവകാശവാദം പോലും ഉപേക്ഷിക്കാൻ ആരും തയാറില്ല. ലോകത്തു കടൽവഴി നടക്കുന്ന ചരക്കുഗതാഗതത്തിന്റെ മൂന്നിലൊന്നു ദക്ഷിണ ചൈനാ കടലിലൂടെയാണെന്നതും അവിടത്ത‌െ സ്ഥിതിഗതികളിൽ എല്ലാവരുടെയും ശ്രദ്ധ കേന്ദ്രീകരിക്കാൻ കാരണമാകുന്നു.