എച്ച്ടിസി പൂർണമായോ സ്മാർട്ഫോൺ വിഭാഗമോ വാങ്ങാൻ ഗൂഗിൾ

തയ്‌വാൻ സ്മാർട്ഫോൺ കമ്പനിയായ എച്ച്ടിസി ഗൂഗിൾ സ്വന്തമാക്കിയേക്കുമെന്നു സൂചന. ലോകത്തെ ആദ്യത്തെ ആൻഡ്രോയ്ഡ് സ്മാർട്ഫോൺ അവതരിപ്പിച്ച എച്ച്ടിസിയെ പൂർണമായോ സ്മാർട്ഫോൺ വിഭാഗമോ പേറ്റന്റുകൾ മാത്രമായോ ഗൂഗിൾ വാങ്ങാനാലോചിക്കുന്നെന്നാണ് റിപ്പോർട്ടുകൾ.

നിലവിൽ ഗൂഗിളിനു വേണ്ടി പിക്സൽ ഫോണുകൾ നിർമിക്കുന്ന കമ്പനികളിലൊന്നാണ് എച്ച്ടിസി. ഉന്നതനിലവാരമുള്ള സ്മാർട്ഫോണുകൾ നിർമിക്കുന്ന എച്ച്ടിസിക്ക് വിപണിയിൽ വേണ്ടത്ര നേട്ടമുണ്ടാക്കാൻ കഴിയാത്തതു മൂലം വർഷങ്ങളായി പ്രതിസന്ധിയിലാണ്.

നേരത്തേ, സമാനമായ സാഹചര്യങ്ങളിലൂടെ കടന്നുപോയ മോട്ടറോള കമ്പനിയെ ഏറ്റെടുത്ത ഗൂഗിൾ രണ്ടു വർഷത്തിനു ശേഷം പേറ്റന്റുകൾ കൈവശം വച്ചുകൊണ്ട് മോട്ടറോള മൊബൈൽ വിഭാഗം ലെനോവോയ്ക്കു മറിച്ചു വിറ്റിരുന്നു.

മോട്ടറോളയോടു ചെയ്തത് ഗൂഗിൾ എച്ച്ടിസിയോടു ചെയ്യുമോ എന്നാണ് ഇനി അറിയേണ്ടത്. അതേ സമയം, തയ്‌വാൻ കമ്പനിയായ എസ്യൂസ് ഉൾപ്പെടെ എച്ച്ടിസിയെ സ്വന്തമാക്കാൻ ആഗ്രഹിക്കുന്ന വെറെയും കമ്പനികൾ രംഗത്തുണ്ട്.