ഗർഭിണിയുടെ കൈ പൊള്ളിച്ച് ഐഫോൺ 7, ഉത്തരമില്ലാതെ ആപ്പിൾ!

ആപ്പിളിന്റെ ഏറ്റവും പുതിയ സ്മാർട്ട്ഫോൺ ഐഫോൺ 7 നു മുകളിൽ കിടന്നുറങ്ങിയ ഗര്‍ഭിണിക്ക് പൊള്ളലേറ്റു. ഓസ്ട്രേലിയയിലാണ് സംഭവം. ഉറക്കത്തിൽ അറിയാതെ ഫോണിനു മുകളിൽ കിടന്ന മെലാനി ടാൻ പെലേസിന്റെ കൈയാണ് പൊള്ളിയത്. സംഭവത്തിന്റെ ചിത്രവും കുറിപ്പും ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തതോടെയാണ് മാധ്യമങ്ങളിൽ വാർത്തയായത്.

ടിവി കാണുന്നതിനിടെ മെലാനി ഉറങ്ങിപ്പോയി. ഇതിനിടെ ഫോൺ ചൂടായി കൈയിൽ പൊള്ളലേൽക്കുകയായിരുന്നു. എഴുന്നേറ്റപ്പോഴാണ് കൈയിൽ ചുവന്ന പാടും നീറ്റലും ശ്രദ്ധയിൽപ്പെട്ടത്. പിന്നീട് ഡോക്ടറെ കണ്ടു ചികിൽസ തേടുകയും ചെയ്തു. എന്നാൽ, ഫോൺ പൊട്ടിത്തെറിക്കുകയോ പ്രവർത്തിക്കുന്നതിനു പ്രശ്നമോ കണ്ടില്ല. അമിത ചാർജിങ് കാരണം ഐഫോൺ ചൂടായതാകാമെന്നാണ് കരുതപ്പെടുന്നത്.

കഴിഞ്ഞ മാസം സംഭവിച്ച അപകടത്തെ കുറിച്ച് ആപ്പിൾ അധികൃതരെ അറിയിച്ചിരുന്നു. എന്നാൽ ഇതു സംബന്ധിച്ച് വ്യക്തമായ മറുപടി നൽകാൻ ആപ്പിൾ തയാറായില്ലെന്നും പെലേസ് ആരോപിക്കുന്നു. ഇതോടെയാണ് സംഭവം ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തത്.

ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തതോടെ മാധ്യമങ്ങളില്‍ വാർത്തയായി. ഇതോടെ ആപ്പിൾ അധികൃതർ പെലേസിനെ ബന്ധപ്പെടുകയും സംഭവത്തെ കുറിച്ച് അന്വേഷിക്കാമെന്നും അറിയിക്കുകയായിരുന്നു. എന്നാലും ചൂടാകാനുള്ള കാരണത്തിനു വ്യക്തമായ ഉത്തരം നൽകിയില്ല. നിലവിലെ ഫോണിനു പകരം പുതിയതു നൽകാമെന്നും ആപ്പിൾ അധികൃതർ അറിയിച്ചു. എന്നാൽ പുതിയതു സ്വീകരിക്കാൻ പെലേസ് തയാറായില്ല.

ഐഫോൺ ഇറങ്ങിയതു മുതൽ വിവിധ മോഡൽ ഫോണുകൾ ഉപയോഗിക്കുന്ന ഉപഭോക്താവാണ് പെലേസ്. എന്നാൽ ഇതുവരെ പ്രശ്നങ്ങളൊന്നും കണ്ടെത്തിയിട്ടില്ല. എന്നാൽ ഈ സംഭവം ‍ഞെട്ടിക്കുന്നതാണ്. ഇത്തരം അപകടങ്ങൾ ആർക്കും സംഭവിക്കാമെന്നും പെലേസ് പറയുന്നു. ഐഫോൺ 7 പൊട്ടിത്തെറിച്ച് പരുക്കേറ്റ വാർത്തകൾ നേരത്തെയും വന്നിരുന്നു.