ഐഫോണ്‍ 7ൽ ഒളിഞ്ഞിരിക്കുന്ന ‘രഹസ്യ’ ഫീച്ചർ

ആപ്പിളിന്റെ പുതിയ ഐഫോണ്‍ 7ന്റെ ഹോം ബട്ടണ്‍ പെട്ടെന്ന് പണി മുടക്കിയാല്‍ എന്തുസംഭവിക്കും? ഒന്നും സംഭവിക്കില്ല. കാര്യം എന്താണെന്നല്ലേ. ഹോം ബട്ടന് എന്തെങ്കിലും സംഭവിച്ചാല്‍ പകരം സഹായിക്കാനായി ഒരു വെര്‍ച്വല്‍ ആള്‍ട്ടര്‍നേറ്റീവ് ഹോം ബട്ടണ്‍ ഇതിനുണ്ട്.

ആപ്പിള്‍ ട്രാക്കിങ് വെബ്‌സൈറ്റായ മാക്‌റൂമേഴ്‌സിന്റെ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഐഫോണ്‍ 7 സ്‌ക്രീനിന്റെ അടിവശത്തായിട്ടാണ് ഈ ഹോം ബട്ടണുള്ളത്. 'നിങ്ങളുടെ ഹോം ബട്ടണ്‍ കേടായിരിക്കുകയാണ്. പകരം ഓണ്‍സ്‌ക്രീന്‍ ഹോം ബട്ടണ്‍ ഉപയോഗിക്കൂ ' എന്നിങ്ങനെയുള്ള മെസേജും ഉപഭോക്താവിന് ലഭിക്കും. പുതിയ ഹോം ബട്ടന്റെ വരവോടെ ക്ലാസിക് ക്ലിക്ക് മെക്കാനിസം ഉപേക്ഷിച്ച് പുതിയ വിപ്ലവകരമായ മാറ്റത്തിലേയ്ക്ക് കടന്നിരിക്കുകയാണ് ഐഫോണ്‍ 7.

ഐഫോണിന്റെ ഹോം ബട്ടണ്‍ പരിഷ്‌കരിച്ചത് ഈ വര്‍ഷമാണ്. അധികമുള്ള പ്രഷര്‍ തിരിച്ചറിയാനും ഫിംഗര്‍പ്രിന്റ് മനസിലാക്കാനും പുതിയ ബട്ടണില്‍ സാധിക്കും. 'ബട്ടന്‍ പ്രസ് ചെയ്യുമ്പോള്‍ വൈബ്രേറ്റ് ചെയ്യുന്നതു കാണാം. ഫീച്ചറുകള്‍ ആക്ടിവേറ്റായി എന്നതിന്റെ സൂചനയാണിതെന്നും ഫോര്‍ച്യൂണ്‍ റിപ്പോര്‍ട്ട് ചെയ്തു.

നോര്‍മല്‍ ഹോം ബട്ടണ് എന്തെങ്കിലും പ്രശ്‌നമുണ്ടായാല്‍ മാത്രമേ ഈ ഫീച്ചര്‍ പ്രവര്‍ത്തിക്കുകയുള്ളൂ. ഐ സീരീസിലെ അടുത്ത ഫോണില്‍ ഫിസിക്കല്‍ ഹോം ബട്ടണ്‍ ഒഴിവാക്കി പൂര്‍ണമായും സ്‌ക്രീന്‍ ഹോം ബട്ടണ്‍ മാത്രമാക്കി മാറ്റാനും സാധ്യതയുണ്ട്.