നോക്കിയക്ക് റെക്കോർഡ് നേട്ടം, ഫ്ലാഷ് സെയിൽ ബുക്കിങ് 14 ലക്ഷം കടന്നു !

ഒരുകാലത്ത് സ്മാർട്ട്ഫോൺ വിപണിയിലെ തരംഗമായിരുന്ന നോക്കിയ വീണ്ടും തിരിച്ചെത്തിയപ്പോൾ മികച്ച സ്വീകരണം. വൻ പ്രതീക്ഷകളുമായി തിരിച്ചെത്തിയ നോക്കിയക്ക് ചൈനീസ് വിപണിയിൽ നിന്നു വൻ ജനപ്രതിയാണ് ലഭിച്ചുക്കൊണ്ടിരിക്കുന്നത്. രണ്ടാം ഫ്ലാഷ് സെയിൽ ബുക്കിങ് 14 ലക്ഷം കടന്നു. കഴിഞ്ഞ ആഴ്ച നടന്ന വിൽപനയിൽ 60 സെക്കന്റിനുള്ളിലാണ് നോക്കിയ 6 ഹാൻഡ്സെറ്റുകൾ വിറ്റുപോയത്.

ജെഡി ഡോട്ട് കോം വഴിയാണ് നോക്കിയ 6ന്റെ ബുക്കിങ് നടക്കുന്നത്. വിവിധ കമ്പനികളുടെ നിരവധി സ്മാർട്ട്ഫോണുകൾ വിപണിയിൽ എത്തിയിട്ടും നോക്കിയ ബ്രാൻഡിലുള്ള വിശ്വാസം ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്നാണ് പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഫിന്നിഷ് കമ്പനി എച്ച്എംഡി ഗ്ലോബൽ ചൈനയിലാണ് ആദ്യ നോക്കിയ ആൻഡ്രോ‍യ്ഡ് ഫോൺ അവതരിപ്പിച്ചത്. ചൈനീസ് വില 1699 യുവാനാണ്, (246 ഡോളർ, ഏകദേശം 16760 രൂപ).

നോക്കിയ 6 എന്ന് പേരിട്ടിരിക്കുന്ന ഗൂഗിളിന്റെ ആൻഡ്രോയ്ഡ് ഒഎസിലുള്ള ഫോൺ നിർമിച്ചിരിക്കുന്നത് ഫോക്സ്കോൺ ആണ്. ഏറ്റവും കൂടുതൽ മൊബൈൽ ഉപയോക്താക്കളുള്ള ചൈനയിൽ തന്നെ ആദ്യ പരീക്ഷണം നടത്താനാണ് എച്ച്എംഡി തീരുമാനിച്ചത്. ഉപഭോക്താക്കളുടെ പ്രതികരണങ്ങൾ വിലയിരുത്തിയ ശേഷമായിരിക്കും നോക്കിയയുടെ അടുത്ത നീക്കങ്ങളെന്നും സൂചനയുണ്ട്. ലോകത്തിലെ ഒന്നാം നമ്പർ സ്മാർട്ട്ഫോൺ ബ്രാൻഡായിരുന്ന നോക്കിയ ആൻഡ്രോയ്ഡ് ഒഎസ് ഹാൻഡ്സെറ്റുകൾ വ്യാപകമായതോടെയാണ് താഴോട്ടുപോയത്.

അലുമിനിയം മെറ്റൽ ബോഡി, 2.5ഡി ഗൊറില്ല ഗ്ലാസ്, ഫിംഗർ പ്രിന്റ് സ്കാനർ, ഹോം ബട്ടൺ, ബാക്ക്‌ലൈറ്റ് സംവിധാനമുള്ള കീപാഡ്, വലതു ഭാഗത്ത് പവർ ബട്ടൺ, ശബ്ദ നിയന്ത്രണ ബട്ടൺ, സിം കാർഡ് സ്ലോട്ട് ഇടതു ഭാഗത്താണ്. മൈക്രോ യുഎസ്ബി 2.0 പോർട്ട്, യുഎസ്ബി ഒടിജി എന്നിവ പ്രധാന ഫീച്ചറുകളാണ്.

5.5 ഇഞ്ച് ഡിസ്പ്ലെ, ക്വാല്‍കം സ്നാപ്ഡ്രാഗൻ 430 പ്രോസസർ, 4ജിബി റാം, 64 ജിബി സ്റ്റോറേജ്, മൈക്രോ എസ്ഡി കാർഡ് ഉപയോഗിച്ച് 128 ജിബി വരെ സ്റ്റോറേജ് ഉയർത്താം. ഇരട്ട ആംബ്ലിഫയറുള്ള ഓഡിയോ സിസ്റ്റത്തിൽ ഡോൾബി അറ്റ്മോസ് ടെക്നോളജിയുമുണ്ട്.

പ്രധാന ക്യാമറ 16 മെഗാപിക്സലാണ് ( f/2.0 അപേച്ചർ, ഇരട്ട എൽഇഡി ഫ്ലാഷ്), എട്ടു മെഗാപിക്സൽ സെൽഫി ക്യാമറ, 3000 എംഎഎച്ച് ആണ് ബാറ്ററി ശേഷി. ആൻഡ്രോയ്ഡിന്റെ ഏറ്റവും പുതിയ ഒഎസ് പതിപ്പ് നൂഗട്ടിലാണ് നോക്കിയ 6 പ്രവർത്തിക്കുന്നത്. 4ജി സപ്പോർട്ട് ചെയ്യുന്ന നോക്കിയ 6ൽ മിക്ക കണക്ടിവിറ്റി സംവിധാനങ്ങളും ഉണ്ട്.