നോക്കിയ തിരികെയെത്താൻ തീരുമാനിച്ചതിനു പിന്നിൽ!

ഒരു കാലത്ത് ഭൂഗോളത്തിന്റെ മൊബൈൽ സ്പന്ദനം നോക്കിയയിലായിരുന്നുവെന്ന് പലരുടെയും പോക്കറ്റിൽനിന്ന് ഇപ്പോഴും തലനീട്ടുന്ന 1100,1101 തുടങ്ങിയ ഫോണുകള്‍ ഉറപ്പിക്കുന്നു. 'നോക്കിയ തിരിച്ചു വരുന്നു' എന്ന വാർത്ത കേൾക്കാൻ തുടങ്ങിയിട്ടു കുറേനാളായി. കമ്പനിയുടെ ഭാഗത്തുനിന്ന് ഇതുവരെ അത്തരം അനക്കങ്ങളൊന്നുമില്ലായിരുന്നുവെങ്കിലും ഈ അഭ്യൂഹം ശക്തമായിരുന്നു.

എന്നാൽ ഇപ്പോഴിതാ കാര്യങ്ങൾ മാറിമറിയുകയാണ്. പോയതുപോലെ, അല്ലെങ്കിൽ പോയതിനേക്കാൾ നെരിപ്പായിട്ട് ഈ വർഷം അവസാനം നോക്കിയയുടെ ആൻഡ്രോയ്ഡ് ഫോണുകൾ പുറത്തിങ്ങും. വിവരം പുറത്തുവിട്ടത് ചില മാധ്യമങ്ങളാണ്.
നോക്കിയയ്ക്കു മൈക്രോസോഫ്റ്റുമായുള്ള കരാർ ഈ വർഷം അവസാനമാണ് തീരുന്നതെന്നതും നോക്കിയയുടെ തിരിച്ചുവരവ് ഉറപ്പിക്കുന്ന ഘടകമാണ്.

'നോക്കിയയുടേത് അല്ലാത്ത നോക്കിയ ഫോൺ'

ഫിന്‍ലാൻഡിലെ നോക്കിയ കോർപറേഷനുമായി സഹകരിച്ച് എച്ച്എംഡി ഗ്ലോബലാണ് നോക്കിയ ബ്രാൻഡിലുള്ള ഫോണുകൾ അവതരിപ്പിക്കുന്നത്. ഫീച്ചർഫോണുകൾ നിർമിക്കാനുള്ള അവകാശം മൈക്രോസോഫ്റ്റിൽനിന്ന് എച്ച്എംഡി വാങ്ങിയിരുന്നു. 2024 വരെ നോക്കിയ ബ്രാൻഡിൽ ഫോൺ വിൽക്കാനുള്ള അവകാശമാണ് കമ്പനി വാങ്ങിയത്. എച്ച്എംഡിയിൽ നോക്കിയ കോർപറേഷനു നേരിട്ടു നിക്ഷേപമില്ല, പക്ഷേ കമ്പനിയുടെ ബോർഡ് മെമ്പർമാരിൽ പലരും നോക്കിയയിൽ നിന്നാണ്.

നോക്കിയയുടെ സിഇഒ ആയിരുന്ന ആർട്ടോ നുമെല്ലയാണ് എച്ച്എംഡിയുടെ സിഇഒ. നോക്കിയയെ വീണ്ടും ജനങ്ങൾക്കു മുമ്പിൽ അവതരിപ്പിക്കാനുള്ള ചുമതല ചീഫ് മാർക്കറ്റിങ് ഓഫിസർ പെക്ക റന്റാലയ്ക്കാണ്. ആംഗ്രി ബേഡ്സിന്റെ നിർമതാക്കളായ റോവിയോയുടെ സിഇഒയായിരുന്ന റന്റാല നോക്കിയയെ ജനങ്ങളുടെ പോക്കറ്റിലേക്കു തിരികെയെത്തിക്കാനുള്ള ഭാരമേറിയ ചുമതല ഏറ്റെടുത്തിരിക്കുകയാണ്.

തിരിച്ചടിയിൽനിന്നു പഠിച്ചു കാണുമോ?

1990 മുതൽ 2011വരെ മൊബൈൽലോകം അടക്കിഭരിച്ച ചക്രവർത്തിയായിരുന്നു നോക്കിയ. 1865ൽ ഫിൻലാൻഡിൽ ഒരു പേപ്പർമില്ലായി ആയിരുന്നു കമ്പനിയുടെ തുടക്കം. റബർ കമ്പനിയായും കേബിൾ കമ്പനിയായുമൊക്കെ രൂപംമാറിയ കമ്പനി 1990 മുതൽ മൊബൈൽ ഫോണുകളുടെ നിർമാണവും തുടങ്ങി. 1994 ലാണ് നോക്കിയ റിങ്ടോണ്‍ ഉപയോഗിച്ചുള്ള ആദ്യ ഫോണ്‍ പുറത്തിറക്കിയത്- നോക്കിയ 2110. 20 ദശലക്ഷം മൊബൈലുകളാണ് വിറ്റഴിച്ചത്.

ലോകത്ത് ഇതുവരെ വിറ്റഴിഞ്ഞ ഫോണുകളിൽ ഏറ്റവും മുൻപന്തിയിലുള്ള 1100 എന്ന നോക്കിയ മോഡലിന്റെ 25 കോടിയിലധികം ഫോണുകൾ ലോകമെമ്പാടുമുള്ള ഉപഭോക്താക്കളുടെ പോക്കറ്റിലെത്തി. ആപ്പിളിന്റെയും സാംസങ്ങിന്റെയും രംഗപ്രവേശം കമ്പനിക്കു കനത്ത തിരിച്ചടിയായി. ആൻഡ്രോയിഡ് കൊടുങ്കാറ്റിൽ പിടിച്ചു നിൽക്കാനാവാതെ നോക്കിയയ്ക്ക് അടിപതറാൻ തുടങ്ങി.

2013ൽ, വിൽപനയിൽ കമ്പനി പത്താംസ്ഥാനത്തായി. 2013 സെപ്റ്റംബര്‍ മൂന്നിന് നോക്കിയയുടെ മൊബൈല്‍ഫോണ്‍ വ്യവസായം മൈക്രോ സോഫ്റ്റ് ഏറ്റെടുക്കുകയാണെന്ന് നോക്കിയയും മൈക്രോസോഫ്റ്റും പ്രഖ്യാപിച്ചു. 2014ല്‍ മൈക്രോ സോഫ്റ്റ് ലൂമിയ 535 എന്ന ഫോൺ പുറത്തിറക്കി. നോക്കിയ ബ്രാന്‍ഡിങ് ഇല്ലാത്ത ആദ്യ ലൂമിയ ഫോണ്‍ ആയിരുന്നു ഇത്. ഇതോടെ നോക്കിയ ഫോൺ ഓർമ മാത്രമായി.

നൊസ്റ്റാള്‍ജിയ ബിസിനസാവുമോ?

നൊസ്റ്റാള്‍ജിയയെ ബിസിനസാക്കി മാറ്റുകയെന്ന ലക്ഷ്യത്തിന് നോക്കിയയ്ക്കു കടമ്പകളേറെ കടക്കേണ്ടതുണ്ട്. കുറഞ്ഞ വിലയ്ക്ക് നിരവധി ആൻഡ്രോയ്ഡ് ഫോണുകളാണ് മാർക്കറ്റിൽ ഇപ്പോഴുള്ളത്. ബജറ്റ് ഫോണുകളുടെ കുത്തൊഴുക്കിൽ ഏതു നിരയിലേക്കായിരിക്കും നോക്കിയയുടെ കടന്നുവരവെന്നത് ഇപ്പോഴും വ്യക്തമല്ല.

സ്മാർട്ട്ഫോണുകളും ടാബും ഉൾപ്പടെ മൂന്നോ നാലോ ഉൽപന്നങ്ങൾ പുറത്തിറക്കിയേക്കുമെന്നാണ് ചൈനയിലെ നോക്കിയ പ്രസിഡന്റിനെ ഉദ്ധരിച്ച് ഒരു ചൈനീസ് മാധ്യമം റിപ്പോർ‌ട്ട് ചെയ്തത്. ആന്‍ഡ്രോയ്ഡ് 7.0 നൂഗ ആയിരിക്കും പുതിയ ഫോണില്‍ ഉപയോഗിക്കുകയെന്ന് ഗിസ്‌മോ ചൈന റിപ്പോര്‍ട്ട് ചെയ്തിരുന്നു.

500 മില്യൺ ഡോളറിന്റെ പ്രചാരണപ്രവർത്തനങ്ങൾ ഗുണം ചെയ്താൽ, നോക്കിയ തങ്ങളുടെ കുത്തക തിരികെപ്പിടിക്കാൻ അധികം കാലതാമസമെടുക്കില്ലെന്നാണു വിദഗ്ധർ പറയുന്നത്.