ADVERTISEMENT

ആലുവ∙ സീപോർട്ട്–എയർപോർട്ട് റോഡിനു വേണ്ടി സ്ഥലം ഏറ്റെടുക്കാൻ കല്ലിട്ട് 25 വർഷമായിട്ടും നടപടികളിലേക്കു കടക്കാത്തതിൽ പ്രതിഷേധിച്ചു സ്ഥലം ഉടമകൾ പ്രക്ഷോഭത്തിലേക്ക്. 3 വർഷം മുൻപു സാമൂഹികാഘാത പഠനം പൂർത്തിയായതാണ്. ഇടയ്ക്കിടെ ജനപ്രതിനിധികളുടെ പ്രസ്താവനകളല്ലാതെ മറ്റൊരു പുരോഗതിയും ഇല്ലെന്നാണ് നാട്ടുകാരുടെ ആരോപണം. 

റോഡിന് വേണ്ടി ഏറ്റെടുക്കാൻ കല്ലിട്ട ഭൂമി വിൽക്കാനോ നിർമാണ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കാനോ കഴിയാതെ സ്ഥല ഉടമകളിൽ പലരും മരിച്ചു. കല്ലിട്ട ഭൂമിയിലെ കെട്ടിടങ്ങൾ താമസയോഗ്യമല്ലാതായിട്ടും അറ്റകുറ്റപ്പണി നടത്താനാവാതെ ചോർന്നൊലിക്കുന്ന വീടുകളിൽ താമസിക്കുന്നവർ ഏറെ. 

സ്ഥലം റോഡിന് പോകുമെന്നതിനാൽ അവിടെ പണം മുടക്കുന്നതു നഷ്ടമാകും എന്നതാണ് പ്രശ്നം. സീപോർട്ട്–എയർപോർട്ട് റോഡുമായി ബന്ധപ്പെട്ട വിഷയങ്ങൾ  നിയമസഭയിലും പുറത്തും പലവട്ടം ചർച്ച ചെയ്യപ്പെട്ടതാണ്. എന്നിട്ടും സ്ഥലം ഏറ്റെടുക്കാനുള്ള വിജ്ഞാപനം ഇറങ്ങിയിട്ടില്ലെന്നു നാട്ടുകാരനായ കരിം കല്ലുങ്കൽ പറഞ്ഞു. നവ കേരള യാത്രയുടെ ഭാഗമായി മുഖ്യമന്ത്രി സംഘടിപ്പിച്ച ചടങ്ങിൽ ഭൂവുടമകളുടെ സംഘടനാ പ്രതിനിധികൾ പങ്കെടുത്തു നിവേദനം നൽകിയിരുന്നു. 

 നവകേരള സദസ്സിനു മുന്നിലെത്തുന്ന പരാതികൾക്കു 45 ദിവസത്തിനുള്ളിൽ പരിഹാരം കാണുമെന്നു മുഖ്യമന്ത്രി ഉറപ്പു നൽകിയെങ്കിലും സീപോർട്ട്–എയർപോർട്ട് റോഡിന്റെ കാര്യത്തിൽ അതുണ്ടായില്ലെന്നാണ് ആക്ഷേപം. ഭൂമി ഉടൻ ഏറ്റെടുത്തു നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ടാണു നാട്ടുകാർ പ്രക്ഷോഭത്തിന് ഒരുങ്ങുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com