ADVERTISEMENT

പയ്യന്നൂർ ∙ നിർമാണമേഖലയിലെ സ്ത്രീസാന്നിധ്യമാണ് എടാട്ട് പറമ്പത്തെ ചാമണ്ഡി കാർത്യായനി. വയസ്സ് 75 കഴിഞ്ഞുവെങ്കിലും സിമൻ്റ് കട്ടയും ഇഷ്ടികയും കൊണ്ടുള്ള നിർമാണത്തിന് കാർത്യായനിയെ  തേടി ആളുകൾ ഇപ്പോഴുമെത്തും. 25-ാം വയസ്സിൽ കുഞ്ഞിമംഗലം ഗവ. ഹൈസ്കൂളിന് തെക്ക് ഭാഗത്തുള്ള കെട്ടിട നിർമാണത്തിന് സഹായിയായി പോയതാണ് കാർത്യായനി. ദിവസങ്ങൾക്കകം അതിന്റെ കരിങ്കൽ തറകെട്ടുന്നതിൽ കാർത്യായനി പങ്കാളിയായി. അതോടെ നിർമാണ മേഖലയിൽ പുരുഷന്മാർ ചെയ്യുന്ന ജോലികൾ കാർത്യായനിയും ചെയ്തു തുടങ്ങി.

കരിങ്കൽ തറ കെട്ടാനും ചെങ്കല്ല് ഉപയോഗിച്ച് ചുമർ കെട്ടാനും ഉരുളൻ കല്ല് ഉപയോഗിച്ച് സംരക്ഷണ ഭിത്തി നിർമിക്കാനും മതിലുകൾ നിർമിക്കാനുമൊക്കെ പഠിച്ചു.  കോൺട്രാക്ടർമാർക്കൊപ്പം കെട്ടിട നിർമാണ മേഖലയിൽ കാർത്യായനി ഇപ്പോഴും സജീവമാണ്. ആദ്യം കിട്ടിയ കൂലി ഏഴ് രൂപ. പിന്നീടത് 10 രൂപയായി. ഇപ്പോൾ ചെങ്കല്ല് എടുത്ത് ഉയർത്താൻ ബുദ്ധിമുട്ടുണ്ടെങ്കിലും  ആളുകൾ തേടിയെത്തിയാൽ പണിയായുധങ്ങളുമായി കാർത്യായനി തയാർ. ഈ തൊഴിൽ ഇല്ലാത്ത സമയത്ത് തൊഴിലുറപ്പിനും പോകും.

സാഹസജീവിതവുമായി പുരുഷോത്തമൻ
ധർമടം ∙ എഴുപത്തിയാറാം വയസ്സിലും പതിനെട്ടിന്റെ ചുറുചുറുക്കോടെ തൊഴിലിന്റെ മഹത്വമറിഞ്ഞു സർക്കസ് പരിശീലിപ്പിക്കുകയാണ് കിഴക്കേ പാലയാട് ദീപ്നാലയത്തിൽ കേളമ്പത്ത് പുരുഷോത്തമൻ. സാഹസിക ഇനമായ ഫ്ലൈയിങ് ട്രപ്പീസ്, സ്പ്രിങ് നെറ്റ്, സൂപ്പർ സൈക്കിൾ തുടങ്ങിയ ഇനങ്ങളാണ് പുരുഷോത്തമൻ പരിശീലിപ്പിക്കുന്നത്.  13–ാംവയസ്സിലാണ് മധുരയിൽ ഗ്രേറ്റ് ഈസ്റ്റേൺ സർക്കസിൽ പുരുഷോത്തമൻ എത്തുന്നത്. ഫ്ലൈയിങ് ട്രപ്പീസ് ഉൾപ്പെടെയുള്ള കളികളായിരുന്നു നടത്തിയിരുന്നത്. വൈകാതെ രിശീലകന്റെ റോളിൽ എത്തി. കമല, ഗ്രേറ്റ് ബോംബെ, ജമിനി തുടങ്ങിയ കമ്പനികളിലായി ജോലി ചെയ്തു.

55 വയസ്സിൽ കളി മതിയാക്കിയ പുരുഷോത്തമൻ പിന്നീട് പൂർണമായും പരിശീലകന്റെ റോളിലായിരുന്നു.  കോവിഡ് കാലത്ത് സർക്കസ് മതിയാക്കാൻ തീരുമാനിച്ചു നാട്ടിലെത്തിയെങ്കിലും കോവിഡ് മാറിയതിനു ശേഷം സർക്കസ് കമ്പനി പുരുഷോത്തമനെതിരികെ വിളിച്ചു. വീണ്ടും സർക്കസിൽ പരിശീലക വേഷമണിഞ്ഞു.  സാഹസികമായ ഇനമാണ് പരിശീലിപ്പിക്കുന്നതെന്നതിനാൽ കൃത്യതയും സൂക്ഷ്മതയും അത്യാവശ്യം. കണ്ണൊന്നു പിഴച്ചാൽ സംഭവിക്കുന്നത് വലിയ അപകടമായിരിക്കും.  സൂപ്പർ സൈക്കിളി‍ൾ പരിശീലിപ്പിക്കുന്നതിലൂടെ ദിവസവും രണ്ട് മണിക്കൂറോളം ഓടും. തൊഴിലിനോടുള്ള അഭിനിവേശമാണ് ഈ പ്രായത്തിലും സർക്കസിലേക്ക് തിരികെയെത്തിച്ചതെന്നു പുരുഷോത്തമൻ പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com