ADVERTISEMENT

ചിറ്റാരിക്കാൽ/പുത്തൂർ ∙ തിങ്കളാഴ്ച രാത്രി കണ്ണൂർ കണ്ണപുരം പുന്നച്ചേരിയിൽ കാറും ഗ്യാസ് നിറച്ച സിലിണ്ടറുകളുമായി വരികയായിരുന്ന ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ച 5 പേരുടെയും മൃതദേഹങ്ങൾ സംസ്കരിച്ചു. വെസ്റ്റ് എളേരി കമ്മാടത്തെ ചൂരിക്കാട്ട് സുധാകരൻ (52), ഭാര്യ അജിത (37), ഭാര്യാപിതാവ് പുത്തൂർ കൊഴുമ്മൽ കാനത്തിൽ കൃഷ്ണൻ‍ (65), അജിതയുടെ സഹോദരൻ അജിത്തിന്റെ മകൻ ആകാശ് (9), ഇവർ സഞ്ചരിച്ച കാർ ഓടിച്ചിരുന്ന കാലിച്ചാനടുക്കം ശാസ്താംപാറയിലെ ശ്രീശൈലത്തിൽ കെ.എൻ.പത്മകുമാർ (കുട്ടൻ–59) എന്നിവർക്കാണ് ബന്ധുമിത്രാദികൾ കണ്ണീരോടെ വിടനൽകിയത്.

വാഹനാപകടത്തിൽ മരിച്ച സുധാകരൻ, അജിത, കാനത്തിൽ കൃഷ്ണൻ, ആകാശ് എന്നിവരുടെ മൃതദേഹങ്ങൾ പുത്തൂരിലെ വീട്ടിൽ കൊണ്ടുവന്നപ്പോൾ സുധാകരന്റെയും അജിതയുടെയും മകൻ സൗരവ് പൊട്ടിക്കരയുന്നു, 2) ഓർമച്ചക്രം... വാഹനാപകടത്തിൽ മരിച്ച സുധാകരൻ, അജിത, കാനത്തിൽ കൃഷ്ണൻ, ആകാശ് എന്നിവരുടെ മൃതദേഹങ്ങൾ പുത്തൂരിലെ വീട്ടിൽ കൊണ്ടുവന്നപ്പോൾ ആകാശിന്റെയും അനിയത്തി അദ്വികയുടെയും സൈക്കിളുകൾ വീട്ടുമുറ്റത്ത് മറിഞ്ഞു കിടക്കുന്ന നിലയിൽ.
വാഹനാപകടത്തിൽ മരിച്ച സുധാകരൻ, അജിത, കാനത്തിൽ കൃഷ്ണൻ, ആകാശ് എന്നിവരുടെ മൃതദേഹങ്ങൾ പുത്തൂരിലെ വീട്ടിൽ കൊണ്ടുവന്നപ്പോൾ സുധാകരന്റെയും അജിതയുടെയും മകൻ സൗരവ് പൊട്ടിക്കരയുന്നു, 2) ഓർമച്ചക്രം... വാഹനാപകടത്തിൽ മരിച്ച സുധാകരൻ, അജിത, കാനത്തിൽ കൃഷ്ണൻ, ആകാശ് എന്നിവരുടെ മൃതദേഹങ്ങൾ പുത്തൂരിലെ വീട്ടിൽ കൊണ്ടുവന്നപ്പോൾ ആകാശിന്റെയും അനിയത്തി അദ്വികയുടെയും സൈക്കിളുകൾ വീട്ടുമുറ്റത്ത് മറിഞ്ഞു കിടക്കുന്ന നിലയിൽ.

നാലു പേർ സംഭവ സ്ഥലത്തും ആകാശ് പരിയാരം ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലുമാണ് മരിച്ചത്. മൃതദേഹങ്ങൾ പരിയാരം ഗവ.മെഡിക്കൽ കോളജിൽ ഇന്നലെ പോസ്റ്റ്മോർട്ടം നടത്തി. സുധാകരന്റെയും അജിതയുടെയും മൃതദേഹം വെസ്റ്റ് എളേരി കമ്മാടത്ത് വീട്ടുവളപ്പിലും പുത്തൂർ കൊഴുമ്മലിലെ കൃഷ്ണൻ, ആകാശ് എന്നിവരുടെ മൃതദേഹം പുത്തൂർ കക്കിരിയാട് സമുദായ ശ്മശാനത്തിലും ഡ്രൈവർ പത്മകുമാറിന്റെ മൃതദേഹം ബദിയടുക്കയിൽ ഭാര്യാവീടിനു സമീപവുമാണ് സംസ്കരിച്ചത്. സുധാകരന്റെ ഏകമകൻ സൗരവിനെ കോഴിക്കോട്ടെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിൽ സിഎ കോഴ്സിനു ചേർത്ത് ഹോസ്റ്റലിലാക്കി തിരികെ വരുമ്പോഴാണു വാഹനം അപകടത്തിൽപെട്ടത്.

കണ്ണൂർ കണ്ണപുരം പുന്നച്ചേരിയിൽ അപകടത്തിൽ മരിച്ച വെസ്റ്റ് എളേരി കമ്മാടത്തെ ചൂരിക്കാട്ട് സുധാകരൻ, ഭാര്യ അജിത, ഭാര്യാപിതാവ് പുത്തൂർ കൊഴുമ്മൽ കാനത്തിൽ കൃഷ്ണൻ‍, അജിതയുടെ സഹോദരൻ അജിത്തിന്റെ മകൻ ആകാശ്, ഇവർ സഞ്ചരിച്ച കാർ ഓടിച്ചിരുന്ന ഡ്രൈവർ കാലിച്ചാനടുക്കം ശാസ്താംപാറയിലെ ശ്രീശൈലത്തിൽ കെ.എൻ.പത്മകുമാർ (കുട്ടൻ)
കണ്ണൂർ കണ്ണപുരം പുന്നച്ചേരിയിൽ അപകടത്തിൽ മരിച്ച വെസ്റ്റ് എളേരി കമ്മാടത്തെ ചൂരിക്കാട്ട് സുധാകരൻ, ഭാര്യ അജിത, ഭാര്യാപിതാവ് പുത്തൂർ കൊഴുമ്മൽ കാനത്തിൽ കൃഷ്ണൻ‍, അജിതയുടെ സഹോദരൻ അജിത്തിന്റെ മകൻ ആകാശ്, ഇവർ സഞ്ചരിച്ച കാർ ഓടിച്ചിരുന്ന ഡ്രൈവർ കാലിച്ചാനടുക്കം ശാസ്താംപാറയിലെ ശ്രീശൈലത്തിൽ കെ.എൻ.പത്മകുമാർ (കുട്ടൻ)

പിന്നിൽ ലോറിയിടിച്ചതോടെ നിയന്ത്രണം വിട്ട കാർ ഗ്യാസ് സിലിണ്ടറുകളുമായി എതിരെ വന്ന ലോറിയിൽ ഇടിക്കുകയായിരുന്നു.  കമ്മാടത്തെ പരേതനായ കുറുവാടൻ തമ്പാൻ നായരുടെയും ചൂരിക്കാട്ട് തമ്പായിയമ്മയുടെയും മകനാണ് സുധാകരൻ. സഹോദരങ്ങൾ: മോഹനൻ (കട്ടപ്പന), സുമതി. അജിതയുടെ അമ്മ: ലക്ഷ്മി. പുത്തൂർ എഎൽപി സ്കൂൾ മൂന്നാം ക്ലാസ് വിദ്യാർഥിയാണ് ആകാശ്. അമ്മ: പി.ഐശ്വര്യ, സഹോദരി: അദ്വിക. പത്മകുമാറിന്റെ ഭാര്യ: രാധാമണി ബദിയടുക്ക, മക്കൾ: ശൈലനാഥ് (ബ്ലൂ സ്റ്റാർ, ബെംഗളൂരു) ശൈലശ്രീ (ദുബായ്). മരുമകൾ: സുജിത്ത് (ദുബായ്). സഹോദരങ്ങൾ: ഗീതാമണി (വെളിയന്നൂർ, കോട്ടയം), ബിന്ദു എൻ.നായർ.

കണ്ണൂർ കണ്ണപുരം പുന്നച്ചേരിയിൽ അപകടത്തിൽ മരിച്ച സുധാകരന്റെയും ഭാര്യ അജിതയുടെയും മൃതദേഹം വെസ്റ്റ് എളേരി കമ്മാടത്തെ വീട്ടിലെത്തിച്ചപ്പോൾ വിങ്ങിപ്പൊട്ടുന്ന സുധാകരന്റെ മാതാവ് തമ്പായി. ചിത്രങ്ങൾ: മനോരമ
കണ്ണൂർ കണ്ണപുരം പുന്നച്ചേരിയിൽ അപകടത്തിൽ മരിച്ച സുധാകരന്റെയും ഭാര്യ അജിതയുടെയും മൃതദേഹം വെസ്റ്റ് എളേരി കമ്മാടത്തെ വീട്ടിലെത്തിച്ചപ്പോൾ വിങ്ങിപ്പൊട്ടുന്ന സുധാകരന്റെ മാതാവ് തമ്പായി. ചിത്രങ്ങൾ: മനോരമ

കുട്ടേട്ടൻ വന്നില്ല, ആ ചോറ് കഴിക്കാൻ
കാലിച്ചാനടുക്കം ∙ ‘സാധാരണ എവിടെയെങ്കിലും യാത്ര പോയാൽ കുട്ടേട്ടൻ (കെ.എൻ.പത്മകുമാർ) വീട്ടിലേക്ക് വിളിക്കുന്ന പതിവില്ല. എന്നാൽ അപകടം നടന്ന ദിവസം ചേട്ടൻ വീട്ടിലേക്ക് വിളിച്ചു. അപകടം നടക്കുന്നതിന് തൊട്ടുമുൻപ് വിളിച്ച് ചോറ് ഉണ്ടാക്കി വയ്ക്കണമെന്നും താൻ വരുന്നുണ്ടെന്നും അമ്മയോട് ഫോണിൽ പറഞ്ഞിരുന്നു.’– സഹോദരി ബിന്ദു എൻ.നായർ പറയുന്നു. പക്ഷേ, ചോറ് ഉണ്ടാക്കി അമ്മ കാത്തിരുന്നെങ്കിലും എത്തിയത് മകന്റെ മരണ വാർത്തയായിരുന്നു.  കണ്ണൂർ കണ്ണപുരം പുന്നച്ചേരിയിൽ അപകടത്തിൽ മരിച്ച കാലിച്ചാനുടക്കം ശാസ്താംപാറയിലെ നാട്ടുകാർ കുട്ടേട്ടൻ എന്ന് വിളിക്കുന്ന ശ്രീശൈലത്തിൽ കെ.എൻ.പത്മകുമാറിന് അന്ത്യാഞ്ജലി അർപ്പിക്കാനായി വീട്ടിലേക്ക് നാട്ടുകാരുടെ ഒഴുക്കായിരുന്നു. കഴിഞ്ഞ ദിവസം വരെ നാട്ടിൽ സജീവമായി ഓടിനടന്നിരുന്ന കുട്ടേട്ടൻ അപകടത്തിൽ മരിച്ചെന്ന വാർത്ത പലർക്കും വിശ്വസിക്കാനായില്ല.  ഡ്രൈവിങ്, കെട്ടിട നിർമാണം തുടങ്ങി ഏതു ജോലിയും ചെയ്യുന്ന പത്മകുമാറിനെ നാട്ടുകാർക്ക് ഏറെ ഇഷ്ടമായിരുന്നു. തിങ്കളാഴ്ച രാവിലെ കുടുംബസുഹൃത്തായ സുധാകരൻ വിളിച്ചതനുസരിച്ചാണ് കാറിൽ ഡ്രൈവറായി പോയത്. 

വാഹനാപകടത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ പുത്തൂർ എഎൽപി സ്കൂളിൽ പൊതുദർശനത്തിനു വെച്ചപ്പോൾ അന്തിമോപചാരം അർപ്പിക്കാനെത്തിയവർ. ചിത്രം: മനോരമ
വാഹനാപകടത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ പുത്തൂർ എഎൽപി സ്കൂളിൽ പൊതുദർശനത്തിനു വെച്ചപ്പോൾ അന്തിമോപചാരം അർപ്പിക്കാനെത്തിയവർ. ചിത്രം: മനോരമ

സൗരവിനെ തനിച്ചാക്കി വിടപറഞ്ഞ് ഉറ്റവർ
കമ്മാടം (ചിറ്റാരിക്കാൽ) ∙ അച്ഛനും അമ്മയും അമ്മയുടെ അച്ഛനും അമ്മാവന്റെ മകനുമൊപ്പം തിങ്കളാഴ്ച പുലർച്ചെ ഏറെ ആഹ്ലാദത്തോടെയാണ് ചാർട്ടേഡ് അക്കൗണ്ടൻസി സ്വപ്നവുമായി സൗരവ് (അപ്പു–18) കോഴിക്കോട്ടേക്കു പോയത്. കോഴിക്കോട് നിന്നു ഇന്നലെ രാവിലെ അപ്പു തനിച്ച് തിരികെ എത്തുമ്പോൾ യാത്രയിൽ കൂടെയുണ്ടായിരുന്ന ആരും ജീവനോടെയില്ല. എസ്എസ്എൽസിക്ക് ഫുൾ എ പ്ലസ് നേടിയ സൗരവ് തോമാപുരം സെന്റ് തോമസ് എച്ച്എസ്എസിലാണ് പ്ലസ് ടു പൂർത്തിയാക്കിയത്.  പ്ലസ് ടു ഫലം കാത്തിരിക്കുന്ന സൗരവിന്റെ സ്വപ്നങ്ങളിലൊന്നായിരുന്നു ചാർട്ടേഡ് അക്കൗണ്ടൻസി. അച്ഛൻ സുധാകരനും അമ്മ അജിതയും ആഗ്രഹത്തിനു കൂടെ നിന്നതോടെയാണ് കോഴിക്കോട്ടെ സ്വകാര്യ സ്ഥാപനത്തിൽ സിഎ കോഴ്സ് പരിശീലനത്തിനു ചേരാൻ തീരുമാനിച്ചത്. 

വാഹനാപകടത്തിൽ മരിച്ച സുധാകരൻ, അജിത, കാനത്തിൽ കൃഷ്ണൻ, ആകാശ് എന്നിവരുടെ മൃതദേഹങ്ങൾ പുത്തൂരിലെ വീട്ടിൽ കൊണ്ടുവന്നപ്പോൾ പൊട്ടിക്കരയുന്ന ആകാശിന്റെ അമ്മ ഐശ്വര്യ.
വാഹനാപകടത്തിൽ മരിച്ച സുധാകരൻ, അജിത, കാനത്തിൽ കൃഷ്ണൻ, ആകാശ് എന്നിവരുടെ മൃതദേഹങ്ങൾ പുത്തൂരിലെ വീട്ടിൽ കൊണ്ടുവന്നപ്പോൾ പൊട്ടിക്കരയുന്ന ആകാശിന്റെ അമ്മ ഐശ്വര്യ.

സൗരവും അച്ഛൻ സുധാകരനും അമ്മ അജിതയും സുധാകരന്റെ അമ്മ തമ്പായിയുമാണ് കമ്മാടത്തെ വീട്ടിൽ താമസമുണ്ടായിരുന്നത്. തലേ ദിവസം അജിതയുടെ അച്ഛൻ കൃഷ്ണൻ, അമ്മ ലക്ഷ്മി, അജിതയുടെ സഹോദരൻ അജിത്ത്, അജിത്തിന്റെ ഭാര്യ ഐശ്വര്യ, മക്കളായ ആകാശ്, അദ്വിക എന്നിവർ കരിവെള്ളൂർ പുത്തൂരിൽ നിന്ന് കമ്മാടത്തെ വീട്ടിലെത്തിയാണ് സൗരവിനെയും കുടുംബത്തെയും യാത്രയാക്കിയത്. അമ്മ തമ്പായിയെ സുധാകരന്റെ അമ്മാവൻ തമ്പാന്റെ വീട്ടിലാക്കിയാണ് തിങ്കളാഴ്ച പുലർച്ചെ ഇവർ കോഴിക്കോട്ടേക്ക് പുറപ്പെട്ടത്. തിങ്കളാഴ്ച രാവിലെ 10ന് ഇവ‍ർ കോഴിക്കോട്ടെത്തി. സൗരവിന്റെ കോഴ്സ് പ്രവേശന നടപടികൾ പൂർത്തിയാക്കി ഹോസ്റ്റലിൽ എത്തിച്ച് വൈകിട്ട് 5നാണ് സംഘം തിരികെ പുറപ്പെട്ടത്. കണ്ണൂരിലെത്തിയപ്പോൾ രാത്രി 9.45ന് അജിത സുധാകരന്റെ അമ്മാവന്റെ ഭാര്യയെ വിളിച്ച് ഗതാഗതക്കുരുക്കാണെന്നും വൈകുമെന്നും അറിയിച്ചു. പിന്നീട് രാത്രി 11ന് അയൽവാസികൾക്ക് അപകടം സംബന്ധിച്ച വിവരം കിട്ടി.

സുധാകരന്റെ ബന്ധുക്കളും നാട്ടുകാരും ഉടനെ പരിയാരം മെഡിക്കൽ കോളജിലേക്ക് എത്തി. സുധാകരന്റെ സഹോദരൻ തൃശൂരിൽ ജോലി ചെയ്യുന്ന മോഹനനാണ് അപകട വിവരമറിഞ്ഞ് സൗരവിനെ തൃശൂരിൽ നിന്ന് വരുമ്പോൾ കോഴിക്കോടു നിന്ന് കൂട്ടി കരിവെള്ളൂർ പുത്തൂരിലെ വീട്ടിലേക്കും പിന്നെ നാട്ടിലേക്കും എത്തിച്ചത്. ഹരിതകർമ സേനയുടെ പഞ്ചായത്ത് തല കൺസോർഷ്യം സെക്രട്ടറിയാണ് മരണപ്പെട്ട അജിത. അപകടത്തിന് ഏതാനും മണിക്കൂറുകൾക്ക് മുൻപ് അജിതയെ സുഹൃത്തും കൂടെ തൊഴിലെടുക്കുന്ന ഹരിതകർമ സേനാ അംഗവുമായ ബാലാമണി വിളിച്ചിരുന്നു. പിറ്റേന്ന് രാവിലെ ജോലിക്കു പോകാമെന്നായിരുന്നു അജിത അപ്പോൾ മറുപടി നൽകിയത്. ചിറ്റാരിക്കാൽ മണ്ഡപത്തിനടുത്ത് മണാട്ടിക്കവലയിൽ ഫ്ലോർ മിൽ നടത്തുകയാണ് മരണപ്പെട്ട സുധാകരൻ. സുധാകരന്റെയും അജിതയുടെയും മൃതദേഹം കോടങ്കല്ല് ജവാഹർ വായനശാലയിൽ പൊതുദർശനത്തിനു വച്ചു. 

കണ്ണീരോടെ വിടചൊല്ലി പുത്തൂർ ഗ്രാമം
കരിവെള്ളൂർ ∙ ഒരു കുടുംബത്തിലെ 4 പേരുടെ ചേതനയറ്റ ശരീരം ഒരുമിച്ച് കൊണ്ടുവന്നപ്പോൾ പുത്തൂർ ഗ്രാമം തേങ്ങി. കണ്ണപുരം പുന്നച്ചേരിയിൽ നടന്ന വാഹനാപകടത്തിൽ മരണപ്പെട്ട 4 പേരുടെയും മൃതദേഹങ്ങൾ 3 ആംബുലൻസുകളിലായാണ് പുത്തൂർ എഎൽപി സ്കൂൾ അങ്കണത്തിലേക്ക് എത്തിച്ചത്. പുത്തൂർ ആയുർവേദ ആശുപത്രിക്ക് സമീപം കാനത്തിൽ കൃഷ്ണൻ, മകൾ പി.അജിത, അജിതയുടെ ഭർത്താവ് ചൂരിക്കാട്ട് സുധാകരൻ, അജിതയുടെ സഹോദരൻ അജിത്തിന്റെ മകൻ ആകാശ്  എന്നിവരുടെ മൃതദേഹങ്ങളാണ് സ്കൂളിൽ പൊതുദർശനത്തിനായി കൊണ്ടുവന്നത്. നാടിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് നൂറുകണക്കിനാളുകൾ തങ്ങളുടെ പ്രിയപ്പെട്ടവരെ അവസാനമായി കാണാൻ ഓടിയെത്തി. 

സങ്കടം അണപൊട്ടി പലരും വാവിട്ടു കരഞ്ഞു, ചിലർ തളർന്നു വീണു. കൃഷ്ണന്റെ മൃതദേഹം കക്കാട് തൂലിക വായനശാലയിൽ പൊതുദർശനത്തിനുവച്ച ശേഷമാണ് പുത്തൂരിലേക്ക് കൊണ്ടുവന്നത്. വീട്ടിലേക്ക് അവസാനമായി 4 പേരെയും എത്തിച്ചപ്പോൾ സങ്കടക്കടലായി. ആകാശിന്റെ അമ്മ ഐശ്വര്യയും അച്ഛൻ അജിത്തും മകന് അന്ത്യചുംബനം നൽകിയപ്പോൾ പുത്തൂർ ഗ്രാമവും ഒപ്പം വിതുമ്പി. അജിതയുടെയും സുധാകരന്റെയും മകൻ സൗരവ് തന്റെ മാതാപിതാക്കളെ അവസാനമായി കണ്ടപ്പോഴും കണ്ടുനിന്നവർക്ക് കണ്ണീർ പിടിച്ചു നിർത്താൻ കഴിഞ്ഞില്ല. വൈകിട്ട് കൃഷ്ണന്റെയും ആകാശിന്റെയും മൃതദേഹം സ്വാമിമുക്ക് കക്കിരിയാട് സമുദായ ശ്മശാനത്തിലും അജിതയുടെയും സുധാകരന്റെയും മൃതദേഹം കമ്മാടത്തും സംസ്കരിച്ചു. 

ടി.ഐ.മധുസൂദനൻ എംഎൽഎ, എം.വിജിൻ എംഎൽഎ, പഞ്ചായത്ത് പ്രസിഡന്റ് എ.വി.ലേജു, ജില്ലാ പഞ്ചായത്തംഗം എം.രാഘവൻ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.വി.അപ്പുക്കുട്ടൻ, കാസർകോട് പാർലമെന്റ് മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി എം.വി.ബാലകൃഷ്ണൻ, എൻഡിഎ സ്ഥാനാർഥി എം.എൽ.അശ്വിനി, കോൺഗ്രസ് നേതാക്കളായ കെ.ജയരാജ്, പ്രശാന്ത് കോറോം, സിപിഎം നേതാക്കളായ സി.കൃഷ്ണൻ, ടി.വി.രാജേഷ്, തഹസിൽദാർ ഇ.കെ. രാജൻ തുടങ്ങി രാഷ്ട്രീയ സാംസ്കാരിക രംഗത്തെ പ്രമുഖർ അന്ത്യോപചാരം അർപ്പിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com