കിഴക്കോത്ത് വീട്ടിൽ മോഷണം; മറ്റൊരു വീട്ടിൽ മോഷണശ്രമം
Mail This Article
കൊടുവള്ളി ∙ ഈസ്റ്റ് കിഴക്കോത്ത് 2 വീടുകളിൽ മോഷണം. ഈസ്റ്റ് കിഴക്കോത്ത് ചാത്തൻ കുഴിമണ്ണിൽ ആലിയുടെ അടച്ച വീട്ടിൽ നിന്നു അര പവൻ സ്വർണവും, ഇരുപതിനായിരം രൂപയുമാണു കവർന്നത്. ഈ മാസം 13ന് ആലിയും കുടുംബവും ചെന്നൈയിലേക്കു പോയിരുന്നു. കഴിഞ്ഞ ദിവസം തിരിച്ചെത്തിയപ്പോഴാണു മോഷണ വിവരം അറിയുന്നത്.
അടുക്കളയിലെ സ്റ്റോർ റൂമിന്റെ ചില്ല് തകർന്ന നിലയിൽ കണ്ടെത്തിയതിനെ തുടർന്നു നടത്തിയ പരിശോധനയിലാണു മോഷണം നടന്നത് വ്യക്തമായത്. സ്റ്റോർ റൂമിന്റെ ജനൽ ഇളക്കിമാറ്റിയാണു മോഷ്ടാവ് അകത്തുകടന്നത്. കിടപ്പുമുറിയുടെ അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണവും പണവുമാണു നഷ്ടമായത്.
ഈസ്റ്റ് കിഴക്കോത്ത് ഏരേരക്കൽ കെ.ടി.നവാസിന്റെ വീട്ടിലും മോഷണ ശ്രമം നടന്നു. വീടിന്റെ മുകൾ ഭാഗത്ത് സ്ഥാപിച്ച ഗ്ലാസ് തകർത്ത് അകത്തേക്കു കയറാനുള്ള ശ്രമമാണു നടന്നത്. രണ്ടു സംഭവങ്ങളിലും കൊടുവള്ളി പൊലീസ് അന്വേഷണം ആരംഭിച്ചു.