ADVERTISEMENT

പാലക്കാട് ∙ ജവാഹർലാൽ നെഹ്റുവിന്റെ വിശ്വപ്രസിദ്ധമായ കത്തുകൾ ലോകം വായിക്കുമ്പോൾ അവ തരംതിരിച്ചു പ്രസിദ്ധീകരിക്കുന്നതിനു മുൻനിരയിലുണ്ടായിരുന്നു ഇന്നലെ അന്തരിച്ച കൽപാത്തി സ്വദേശി എം.വി.രാജൻ. 14 വർഷത്തോളം ജവാഹർലാൽ നെഹ്റുവിന്റെ പ്രൈവറ്റ് സെക്രട്ടറിയായി പ്രവർത്തിച്ച രാജനാണ് നെഹ്റുവിന്റെ മരണശേഷം  ജവാഹർലാൽ നെഹ്റു സ്മാരക ലൈബ്രറി ആൻഡ് മ്യൂസിയത്തിലേക്കു കത്തുകളും നെഹ്റുവിന്റെ സ്വകാര്യ ശേഖരങ്ങളും തരംതിരിച്ചു സൂക്ഷിക്കാൻ നേതൃത്വം നൽകിയത്. ഓരോ കത്തും ഓരോ സമ്മാനവുമായി  നെഹ്റുവിനുള്ള ബന്ധത്തെക്കുറിച്ച് അദ്ദേഹത്തിന് കൃത്യമായ അറിവുണ്ടായിരുന്നു.

വിരമിച്ച ശേഷം ചെന്നൈയിലും പാലക്കാടും താമസിക്കുമ്പോഴും എം.വി.രാജനെ പലതവണ നെഹ്റുവുമായി ബന്ധപ്പെട്ട രേഖകൾ ക്രോഡീകരിക്കുന്നതിനായി അധികൃതർ ക്ഷണിച്ചിരുന്നു. മനോഹരമായ കയ്യക്ഷരമായിരുന്നു രാജന്റേത്. ഇംഗ്ലിഷ് എഴുത്തും  മനോഹരമായിരുന്നു. അതിന്റെ പേരിൽ  നെഹ്റുവിന്റെ അഭിനന്ദനം നേടി. രാജ്യത്തും വിദേശത്തും നടന്ന ഒട്ടേറെ നയതന്ത്രയോഗങ്ങളിൽ  ഇദ്ദേഹം നെഹ്റുവിനെ അനുഗമിച്ചു. നെഹ്റുവിന്റെ പ്രിയപ്പെട്ട പ്രൈവറ്റ് സെക്രട്ടറിമാരിൽ ഒരാളായി. രാജന്റെ വിവാഹത്തിന് വെള്ളി കെട്ടിയ ട്രേ ആണ് നെഹ്റു സമ്മാനമായി നൽകിയത്. ആശംസകളോടെ ജവാഹർലാൽ നെഹ്റു എന്നും കൊത്തിവച്ചിരുന്നു. 

നെഹ്റുവിന്റെ മരണ ശേഷം ഇന്ദിരാഗാന്ധിയുമായും അടുപ്പം സൂക്ഷിച്ചു. നെഹ്റു കുടുംബത്തിലെ ഏറ്റവും പുതിയ തലമുറകളോടും ആഴത്തിലുള്ള അടുപ്പം അദ്ദേഹം സൂക്ഷിച്ചിരുന്നു. വേദങ്ങളിലും പുരാണങ്ങളിലും  ആഴത്തിൽ അറിവുണ്ടായിരുന്നു. സംസ്കൃത പണ്ഡിതനായിരുന്നു. നെഹ്റുസാഹിത്യം ഉൾപ്പെടെ വിശാലമായ പുസ്തകശേഖരത്തിന് ഉടമയായ അദ്ദേഹം ഏതാനും വർഷം മുൻപ് പുസ്തകശേഖരം വിക്ടോറിയ കോളജിനു കൈമാറി. മുക്കൈ അയ്യപ്പക്ഷേത്രത്തിന്റെ പ്രവർത്തനങ്ങളുമായെല്ലാം സഹകരിച്ചു പ്രവർത്തിച്ചിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com