ADVERTISEMENT

തിരുവനന്തപുരം ∙ യാത്രക്കാരുമായെത്തിയ ബസിനു കുറുകെ കാർ നിർത്തി തടയുകയും ട്രിപ്പ് പൂർണമാക്കാൻ അനുവദിക്കാതെ യാത്രക്കാരെ ഇറക്കി വിടുകയും ചെയ്ത സംഭവത്തിൽ പരാതി നൽകാൻ തയാറാകാതെ കെഎസ്ആർടിസി. മേയർ ആര്യ രാജേന്ദ്രനും ഭർത്താവ് കെ.എം.സച്ചിൻദേവ് എംഎൽഎയും ഉൾപ്പെടെയുള്ളവർ പ്രതിസ്ഥാനത്തുള്ള സംഭവത്തിലാണ് ഭരണകക്ഷിയുടെ പിന്തുണ കൂടിയുള്ളതിനാൽ പരാതി നൽകാതെ കെഎസ്ആർടിസി ഉരുണ്ടു കളിക്കുന്നത്. അതേസമയം, ആഭ്യന്തര അന്വേഷണം നടത്തി ഡ്രൈവർക്ക് അനുകൂലമായി കെഎസ്ആർടിസി സിഎംഡി പ്രാഥമിക റിപ്പോർട്ട് മന്ത്രിക്കു നൽകിയെങ്കിലും വിശദ റിപ്പോർട്ട് നൽകാൻ മന്ത്രി ആവശ്യപ്പെട്ടു.

പുലർച്ചെ രണ്ടരയ്ക്ക്തുടങ്ങിയ ജോലി;ഉറങ്ങാത്ത ഒന്നര ദിവസം
ശനിയാഴ്ച പുലർച്ചെ രണ്ടരയ്ക്കാണ് കെഎസ്ആർടിസി ബദലി ഡ്രൈവർ എൽ.എച്ച്.യദു തമ്പാനൂരിൽ നിന്നു തൃശൂരിലേക്കുള്ള കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസിന്റെ സീറ്റിലെത്തിയത്. ഉറക്കമിളച്ച് സർവീസ് നടത്തി രാവിലെ ഒൻപതരയോടെ തൃശൂരിലെത്തി. അവിടെ വിശ്രമം ഏകദേശം 3 മണിക്കൂർ മാത്രം. പന്ത്രണ്ടരയോടെ ഭക്ഷണം കഴിച്ച് വീണ്ടും ബസിൽ. ഒരു മണിക്ക് തൃശൂരിൽ നിന്നു പുറപ്പെട്ട ബസാണ് തിരികെ വരുംവഴി മേയറും എംഎൽഎയും സംഘവും ചേർന്ന് തടഞ്ഞിട്ടത്. രാത്രി ഒൻപതരയോടെ തമ്പാനൂരിൽ എത്തേണ്ട വണ്ടി തിരക്കു കാരണം വൈകിയാണ് തിരുവനന്തപുരത്ത് എത്തിയത്. അതിനിടയിലാണ് പത്തരയോടെ പാളയം ജംക്‌ഷനിൽ മേയറും സംഘവും തടഞ്ഞത്.

മേയറുണ്ട് സൂക്ഷിക്കുക;ഓവർടേക്കിങ് നിരോധിത മേഖല
മേയർ അധികാര ധാർഷ്ട്യം കാണിച്ചെന്നാരോപിച്ച് യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ തിരുവനന്തപുരം കോർപറേഷനു മുന്നിൽ പ്രതീകാത്മക പ്രതിഷേധ സമരം നടത്തി. സാധാരണ യാത്രക്കാരുടെ വഴി തടയുകയും അവരുടെമേൽ കുതിര കയറുകയും ചെയ്യുന്നെന്നും സ്ത്രീ സംരക്ഷണ നിയമങ്ങളെ ദുരുപയോഗം ചെയ്ത മേയറുടെ നടപടി തെറ്റായ മാതൃകയാണെന്നും ആരോപിച്ചാണ് സമരം നടത്തിയത്. കോർപറേഷനു മുന്നിൽ ‘ഓവർടേക്കിങ് നിരോധിത മേഖല’ എന്ന പോസ്റ്ററും അതുവഴി കടന്നു പോയ കെഎസ്ആർടിസി ബസുകളിൽ ‘മേയറുണ്ട് സൂക്ഷിക്കുക’ എന്ന പോസ്റ്ററും പതിക്കുകയും ചെയ്തു. ഡ്രൈവർ നൽകിയ പരാതിയിൽ കേസെടുക്കാത്ത നടപടി പൊലീസിന്റെ ഇരട്ടത്താപ്പാണെന്നും അന്യായമായി പുറത്താക്കിയ ഡ്രൈവറെ സർവീസിൽ തിരിച്ചെടുക്കണമെന്നും ജില്ലാ പ്രസിഡന്റ് നേമം ഷജീർ ആവശ്യപ്പെട്ടു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com