പെരുന്തട്ടയിൽ പുലിയുടെ ആക്രമണം: രണ്ട് ആടുകൾ ചത്തു, ഒന്നിന് പരുക്ക്
Mail This Article
കൽപറ്റ ∙ പുലിയുടെ ആക്രമണത്തിൽ 2 ആടുകൾ ചത്തു. ചുഴലി തുറക്കോട്വയൽ തോര്യമ്പത്ത് കോളനിയിലെ ഹരീഷിന്റെ ആടുകളാണ് ചത്തത്. ഒരു ആടിന് പരുക്കേറ്റു. കഴിഞ്ഞ ദിവസം തുറക്കോട് വയലിനോടു ചേർന്ന പെരുന്തട്ട ഭാഗത്തു മേയാൻ വിട്ടപ്പോഴാണു പുലിയുടെ ആക്രമണമുണ്ടായത്.
കഴിഞ്ഞ കുറച്ചു മാസങ്ങളായിട്ടു പെരുന്തട്ടയിൽ പുലി ശല്യം രൂക്ഷമാണ്. പുലിയെ പിടികൂടാനായി പെരുന്തട്ട താമരക്കൊല്ലി ഭാഗത്ത് വനംവകുപ്പ് കൂട് സ്ഥാപിച്ചിരുന്നെങ്കിലും പുലി കൂട്ടിൽ വീണിട്ടില്ല. കഴിഞ്ഞ മാർച്ച് 2ന് പെരുന്തട്ട ഒന്നാംനമ്പറിൽ മേയാൻ വിട്ട പശുവിനെ പുലി കൊന്നിരുന്നു.
മാർച്ച് 8നു മേഖലയിലെത്തിയ പുലി താമരക്കൊല്ലിയിൽ വേലായുധന്റെ 2 ആടുകളെയും കൊന്നു. ഇതിനു ശേഷം 20നു പുലി വീണ്ടുമെത്തി. പെരുന്തട്ട ഗവ. എൽപി സ്കൂളിന് സമീപത്തെ ജനവാസ മേഖലയിലാണു പുലിയിറങ്ങിയത്. കൂന്തലത്ത് ഷബീറലി, കെ. മുസ്തഫ എന്നിവരുടെ വീടിന് സമീപത്താണു പുലിയുടെ സാന്നിധ്യമുണ്ടായത്.