ADVERTISEMENT

അബുദാബി ∙ കോരിച്ചൊരിഞ്ഞ മഴയിലും കെട്ടിക്കിടക്കുന്ന വെള്ളത്തിലും കളിച്ചുല്ലസിച്ച് കുട്ടിപ്പട്ടാളങ്ങൾ. യുഎഇയിൽ ഇന്നലെ പെയ്ത മഴയിൽ ഭൂരിഭാഗം പ്രദേശവും വെള്ളത്തിലായപ്പോൾ ആഘോഷമാക്കിയത് മലയാളികൾ ഉൾപ്പെടെ വിവിധ രാജ്യക്കാരായ കുട്ടികളായിരുന്നു. അസ്ഥിര കാലാവസ്ഥയിൽ പുറത്തിറങ്ങരുതെന്ന് മുന്നറിയിപ്പുണ്ടായിരുന്നുവെങ്കിലും വെള്ളത്തിൽ കളിക്കുന്ന കുട്ടികളുടെ ആവേശം ആരും തണുപ്പിച്ചില്ല.

നാട്ടിലെ മഴക്കാഴ്ചകൾ ഗൃഹാതുര ഓർമകളായപ്പോൾ കിട്ടിയ അവസരത്തിൽ ആവോളം ആസ്വദിക്കുകയായിരുന്നു കുട്ടികൾ. രാവിലെ ഓൺലൈൻ ക്ലാസ് ആയിരുന്നതിനാൽ ഉച്ചയ്ക്കാണ് കുട്ടികൾക്ക് വീട്ടിൽ നിന്ന് 'പരോൾ' ലഭിച്ചത്. ഇതോടെ കൂട്ടുകാരെയും കൂട്ടി പുറത്തിറങ്ങിയ ഇവർ റോഡിൽ തളം കെട്ടിയ വെള്ളത്തിൽ ഓടിച്ചാടി കളിച്ചും വെള്ളം തെറിപ്പിച്ചും ഇരുന്നും കിടന്നുമെല്ലാം ആസ്വദിച്ചു. നടപ്പാതയും റോഡും ഏതെന്നു തിരിച്ചറിയാനാവാത്ത വിധമുള്ള വെള്ളക്കെട്ടിൽ നീരാടുകയായിരുന്നു കൊച്ചുകൂട്ടുകാർ. മഴക്കാലത്ത് നാട്ടിൽ പോകാൻ സാധിക്കാറില്ലെന്നും മധ്യവേനൽ അവധിക്ക് നാട്ടിൽ പോകുമ്പോൾ അവിടെ മഴ ഉണ്ടാകാറില്ലെന്നുമുള്ള വിഷമവും കുട്ടികൾ പങ്കുവച്ചു. അതിനാൽ യുഎഇയിൽ അത്യപൂർവമായി കിട്ടുന്ന മഴക്കാലം ഇങ്ങനെയെങ്കിലും ആസ്വദിക്കട്ടെ അങ്കിളേ എന്നായിരുന്നു കറുകപുത്തൂർ സ്വദേശി ഇവാന നെഗിൽ പറഞ്ഞത്. ചെളിവെള്ളമാണെങ്കിലും സാരമില്ല. വീട്ടിൽ ചെന്ന് നല്ല വെള്ളത്തിൽ കുളിച്ചാൽ അഴുക്കെല്ലാം പൊയ്ക്കോളും. ഇതുപോലെ വീട്ടിൽ കുളിക്കാൻ പറ്റില്ലല്ലോ എന്നാണ് ഇവാനയുടെ ചോദ്യം. ഇത്തരം സന്ദർഭങ്ങളിലാണ് നാടിനെ മിസ് ചെയ്യുന്നതെന്നും പറഞ്ഞു.

രക്ഷിതാക്കളുടെ സമ്മതം വാങ്ങിയാണ് പലരും എത്തിയത്. എന്നാൽ ഒമാനിലെ പ്രളയത്തിൽ  വിദ്യാർഥികളടക്കം 18 പേർ മരിച്ച വാർത്ത ചൂണ്ടിക്കാട്ടി സുഹൃത്ത് ഷെസയെ (കാസർകോട്) കളിക്കാൻ വിട്ടില്ലെന്നതാണ് മലപ്പുറം സ്വദേശി ഫില ഷെമീറിന്റെ പരിഭവം. മണിക്കൂറുകളോളം ചാടിക്കളിച്ചും വെള്ളം തെറിപ്പിച്ചും കളിച്ചിട്ട് മതിവരാത്തവർ സൈക്കിൾ എടുത്തുകൊണ്ടുവന്ന് വെള്ളത്തിലൂടെ ഓടിച്ചും ഇവർ ആസ്വദിച്ചു.

English Summary:

Rain in UAE: Childrens Play in the Rain

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com