ADVERTISEMENT

ഷാർജ ∙15–ാമത് ഷാർജ കുട്ടികളുടെ വായനോത്സവം ബുധനാഴ്ച (മേയ് 1) ആരംഭിക്കും. ഇൗ മാസം 12 വരെ ഷാർജ എക്സ്പോ സെന്ററിലാണ് പരിപാടി. അസ്ഥിര കാലാവസ്ഥ കാരണം പതിവിന് വിപരീതമായി ഇപ്രാവശ്യത്തെ എല്ലാ കലാ പരിപാടികളും ഹാളിനകത്ത് തന്നെയാണ് നടക്കുക. വൺസ് അപോൺ എ ഹീറോ എന്ന പ്രമേയത്തിൽ ഷാർജ ബുക്ക് അതോറിറ്റി സംഘടിപ്പിക്കുന്ന 12 ദിവസം നീണ്ടുനിൽക്കുന്ന അക്ഷരോത്സവത്തിൽ 25 രാജ്യങ്ങളിൽ നിന്നുള്ള 190 എഴുത്തുകാരും  75 രാജ്യങ്ങളിൽ നിന്നുള്ള 470 പ്രസാധകരും പങ്കെടുക്കും. 1,400 കലാ സാംസ്കാരിക വിനോദ പരിപാടികൾ അരങ്ങേറും. 

വായനോത്സവത്തിന് മുന്നോടിയായി കഴിഞ്ഞ ദിവസം പുസ്തക വിൽപനക്കാരുടെ സമ്മേളനം നടന്നു. വിവിധ ഭാഗങ്ങളിൽ നിന്നുള്ള പുസ്തക വിൽപ്പനക്കാരും വിതരണക്കാരും  പ്രസാധകരും സംബന്ധിച്ചു. മേഖലയിലും ലോകത്തെങ്ങുമുള്ള ബിസിനസ് പ്രശ്‌നങ്ങൾ ചർച്ച ചെയ്തു. ഷാർജ ആനിമേഷൻ കോൺഫറൻസിൻ്റെ (എസ്എസി) രണ്ടാം പതിപ്പും നാളെ മുതൽ നടക്കും. പ്രശസ്ത ആനിമേറ്റർമാർ, കലാകാരന്മാർ, എഴുത്തുകാർ, ചിന്തകർ എന്നിവരെ ഒരുമിച്ച് കൊണ്ടുവരുന്ന ഇത്തരത്തിലുള്ള ആദ്യ പരിപാടിയാണിത്. മറ്റ് വ്യവസായ പ്രമുഖരും പങ്കെടുക്കും.

sharjah-childrens-reading-festival

യുഎഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ.സുൽത്താൻ ബിൻ മുഹമ്മദ് അല്‍ ഖാസിമിയുടെ പിന്തുണയോടെ ഫാമിലി അഫയേഴ്സ് സുപ്രീം കൗൺസിൽ ചെയർപേഴ്സൻ ഷെയ്ഖ ജവഹർ ബിൻത് മുഹമ്മദ് അൽ ഖാസിമിയുടെ രക്ഷാകർതൃത്വത്തിലാണ് പരിപാടി. 

∙30 പ്രഭാഷകർ; വൈവിധ്യമാർന്ന വിഷയങ്ങൾ

വായനോത്സവത്തിൽ 30 പ്രഭാഷകർ വിവിധ വിഷയങ്ങളിൽ പ്രസംഗിക്കും. കൂടാതെ 50 ചർച്ചകളും ഉണ്ടായിരിക്കുന്നതാണ്. അമേരിക്കയിലെ പ്രശസ്ത എഴുത്തുകാരായ ജെറി ക്രാഫ്റ്റ്, സ്റ്റാസി ബെയർ, മലേഷ്യൻ എഴുത്തുകാരനും പരിശീലകനുമായ യിങ് യിങ് എങ്, ജോർജിയൻ എഴുത്തുകാരൻ ഡോ.ലീഹ് ഷല്യാഷ്വിലി എന്നിവരാണ് പങ്കെടുക്കുന്ന വിദേശ എഴുത്തുകാരിൽ ചിലർ. അറബ് ലോകത്ത് നിന്ന് സിറിയൻ വിദ്യാഭ്യാസ വിചക്‌ഷണൻ ഡോ.താലിബ് ഉംറാൻ, അൾജീരിയൻ പണ്ഡിതൻ ഡോ.അൽ െഎദ് ജിലൂലി, ഒമാനി കവി വഫാ അൽ ഷംസി എന്നിവർ എത്തിച്ചേരും.

∙കുട്ടികളുടെ1,400 പരിപാടികൾ

കുട്ടികളുടെ മനംനിറയ്ക്കുന്ന 1400 പരിപാടികൾ 12 ദിവസവും അരങ്ങേറും. നാടകങ്ങൾ, ഷോകൾ, തത്സമയപരിപാടികൾ, എഴുത്തുകാരുമായുള്ള അഭിമുഖം തുടങ്ങിയവ ഇതിൽ പ്രധാനപ്പെട്ടവയാണ്. 12 രാജ്യങ്ങളിൽ നിന്നുള്ള 19 നാടകസംഘങ്ങളാണ് എത്തുക. 

∙ശിൽപശാലകൾ, ചർച്ചകൾ

ശിൽപശാലകൾ, ചർച്ചകൾ എന്നിവയടക്കം 132 പരിപാടികൾ വായനോത്സവത്തിൽ നടക്കും. 3ഡി മോണലിങ്, അനിമേഷൻ, കാരക്ടർ ക്രിയേഷൻ, കോമിക്സ് പോപ് ആർട്, കോസ്പ്ലേ ഹെൽമെറ്റ്സ് എന്നിവയിൽ പങ്കുചേരാൻ കുട്ടികൾക്ക് അവസരം ലഭിക്കും. 

∙കുക്കറി ഷോ; ഇന്ത്യയിൽ നിന്ന് നന്ദിത അയ്യർ

കൂടാതെ, കുക്കറി കോർണറിൽ 12 രാജ്യങ്ങളിൽ നിന്നുള്ള 25 ഷെഫുമാർ തത്സമയ പാചകം അവതരിപ്പിക്കും. ഇന്ത്യയിൽ നിന്ന് നന്ദിത അയ്യരാണ് എത്തുക.

∙ബുക് ഇല്ലസ്ട്രേഷൻ അവാർഡ്

12–ാമത് ഷാർജ കുട്ടികളുടെ ബുക് ഇല്ലസ്ട്രേഷൻ അവാർഡ് ഇതോടൊപ്പം നടക്കും. 48 രാജ്യങ്ങളിൽനിന്നുള്ള 507 എൻട്രികളാണ് ഇതിനായി ഇപ്രാവശ്യം ലഭിച്ചിട്ടുള്ളത്. കൂടാതെ, ഒാ‍ഡിയോ ബുക്ക് അവാർഡുമുണ്ടായിരിക്കും.

∙അനിമേഷൻ സമ്മേളനം

അനിമേഷൻ സമ്മേളനം നാളെ മുതൽ 5 വരെയാണ് അരങ്ങേറുക. 30 ശിൽപശാലകൾ, 20 പാനൽ ചർച്ചകൾ, 5 പ്രഭാഷണങ്ങൾ, 5 സംഗീത പരിപാടികൾ അടക്കം 60 പരിപാടികൾ നടക്കും. 12 രാജ്യങ്ങളിലെ 71 പ്രമുഖരാണ് ഇതിന് നേതൃത്വം നൽകുക.

English Summary:

15th Sharjah Children's Reading Festival will begin on Wednesday

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com