ഹാലിഫാക്സിലെ ഫുട്ബാൾ മാമാങ്കത്തിന് ആവേശ കൊടിയിറക്കം
Mail This Article
ഹാലിഫാക്സ് ∙ ഫുട്ബോൾ ആരാധകരെ ആവേശ കൊടുമുടിയേറ്റി എൻഎസ് ബ്ലാസ്റ്റേഴ്സ് പ്രീമിയർ ലീഗിന്റെ ശൈത്യകാല മത്സരങ്ങൾക്ക് വിരാമമായി. നോവ സ്കോഷ്യയിലെ ഫുട്ബോൾ പ്രേമികൾക്ക് ദൃശ്യവിരുന്നായി ഓരോ മത്സരവും. ഫുട്ബോളിന് വലിയ വളക്കൂറില്ലാത്ത നോവ സ്കോഷ്യയുടെ ചരിത്രത്തിൽ ആദ്യമായാണ് മലയാളി ഫുട്ബോൾ കളിക്കാർക്കും കളിപ്രേമികൾക്കും വേണ്ടി ഇത്തരം ഒരു ലീഗ് മത്സരം സംഘടിപ്പിക്കപ്പെടുന്നത്.
ഹാലിഫാക്സിലെ പ്രമുഖ മോർട്ടഗേജ് ബ്രോക്കറായ അർജുൻ ബാബു (അസ്സോസിയേറ്റ് മോർട്ഗേജ് ബ്രോക്കർ), JMJ ഡ്രൈവിംഗ് സ്കൂൾ എന്നിവരാണ് ബ്ലാസ്റ്റേഴ്സ് പ്രീമിയർ ലീഗ് സ്പോൺസർ ചെയ്തത്.
ആൻ ഗ്ലാഡിയേറ്റേഴ്സ്, നമസ്തെ വാരിയേഴ്സ്, സ്പൈസ്ഹബ് അവേഞ്ചേഴ്സ്, അഖിൽ ടൈറ്റൻസ് എന്നീ ടീമുകൾ ലീഗിൽ മാറ്റുരച്ചു. ആവേശകരമായ ഫൈനൽ മത്സരത്തിൽ ആൻ ഗ്ലാഡിയേറ്റേഴ്സ് ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് നമസ്തെ വാരിയേഴ്സിനെ പരാജയപ്പെടുത്തി ഒന്നാമത് ബ്ലാസ്റ്റേഴ്സ് പ്രീമിയർ കിരീടത്തിനു അർഹരായി.
ആൻ ഗ്ലാഡിയേറ്റേഴ്സിന്റെ അഭിരാം ലീഗിലെ ടോപ് സ്കോറർ സ്ഥാനത്തെത്തി ഗോൾഡൻ ബൂട്ടിനു അർഹനായി. തകർപ്പൻ സേവുകളിലൂടെ സ്പൈസ്ഹബ് അവേഞ്ചേഴ്സിന്റെ അരുൺ ശിവൻ ഗോൾഡൻ ഗ്ലോവ് പുരസ്കാരം നേടി. ടൂർണമെന്റിലെ മികച്ച കളിക്കാരനുള്ള ഗോൾഡൻ ബോൾ ആൻ ഗ്ലാഡിയേറ്റേഴ്സിലെ വീരു സ്വന്തമാക്കി.
ചടങ്ങിൽ അർജുൻ ബാബു, അതീത് എന്നിവർ സമ്മാന ദാനം നിർവഹിച്ചു. ഹാലിഫാക്സിന്റെ കായിക രംഗത്ത് നിർണായകമായ ഒരു കാൽവെയ്പ്പാണ് എൻഎസ് ബ്ലാസ്റ്റേഴ്സ് നടത്തിയിരിക്കുന്നത് എന്ന് ചടങ്ങിൽ സംസാരിച്ച എല്ലാവരും അഭിപ്രായപ്പെട്ടു. യുവാക്കൾക്ക് പ്രചോദനമാകുവാനും വരും തലമുറയെ ഫുട്ബാളിലേക്കും മറ്റു കായിക രംഗങ്ങളിലേക്കും ആകൃഷ്ടരാക്കാനും ഈ നീക്കങ്ങൾ തീർച്ചയായും ഉപകരിക്കും എന്ന് കരുതപ്പെടുന്നു.
നോവ സ്കോഷ്യയിലെ ഫുട്ബോൾ ക്ലബുകൾക്കായി നടത്തപ്പെടുന്ന എംഎസ്എംഎസ്.എൽ ടൂർണമെന്റിൽ ആദ്യമായി പങ്കെടുക്കാനും സെമി-ഫൈനൽ വരെ എത്താനും എൻഎസ് ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞു എന്നത് ഇതിനോടൊപ്പം തന്നെ ചേർത്ത് വായിക്കേണ്ട കാര്യമാണ്. ഒരു മലയാളി ഫുട്ബോൾ ക്ലബ്ബിനു തുടക്കത്തിലേ നേടാവുന്ന ഏറ്റവും അഭിമാനാർഹമായ നേട്ടമാണിത്. സെബിൻ, രാഹുൽ, എബി, വിമൽ, ഗോകുൽ എന്നിവർ അടങ്ങുന്ന ടീമാണ് എൻഎസ് ബ്ലാസ്റ്റേഴ്സിന്റെ അമരക്കാർ.