ADVERTISEMENT

അസ്ഥികൂടം പോലെ കട്ടിലിൽ ചുവരും ചാരിയിരിക്കുന്ന ഗുരുദേവനെ പതുക്കെ തന്റെ മടിയിലേക്കു ചായ്‌ച്ച്, പറ്റെ വെട്ടിയ കുറ്റിമുടിയിലൂടെയും താടിയിലൂടെയും, കൂരച്ച നെഞ്ചിലൂടെയും എല്ലുന്തിയ കൈകാലുകളിലൂടെയും വിരലോടിച്ച് ദേവി കണ്ണീർ വാർത്തു. 

പതിയും പത്നിയും ഒരുമിച്ചൊരു സാംസാരിക ജീവിതം നയിച്ചിട്ടില്ലെങ്കിലും അതിനേക്കൊളൊക്കെ എത്രയോ ഉയരത്തിലും ഔന്നത്യത്തിലുമുള്ള ആത്മബന്ധമാണ് അവർ തമ്മിലുണ്ടായിരുന്നതെന്ന് കാശിപൂരം ഉദ്യാനത്തിലെ ഇരുനിലക്കെട്ടിടത്തിന്റെ കൽച്ചുമരുകൾ പോലും സാക്ഷ്യം പറയുന്നതു കേൾക്കാമായിരുന്നു. 

പത്നീസംസർഗ്ഗമില്ലാത്തൊരു നഗ്നപാദൻ ! 

പതീസംസർഗ്ഗമില്ലാത്തൊരു ഏകാന്തപഥിക ! 

എന്നാലും ആ രണ്ട് അഭേദാത്മക്കളുടെ അകൈതവമായ ആത്മബന്ധം. അത് അറിയണമെങ്കിൽ; 

റാന്തൽ വിളക്കിനു ചാരെ ഇരകളെ കാത്തിരിക്കുന്ന ഗൗളികളോട്, 

അലമാരയുടെ ഇളമ്പുകളിൽനിന്നും അന്നം തേടിയിറങ്ങുന്ന പാറ്റകളോട്, 

ഉത്തരത്തിൽ വലകെട്ടിപാർക്കുന്ന എട്ടുകാലികളോട്, 

മൺകൂടുകളിൽ സമാധി പൂണ്ടിരിക്കുന്ന വേട്ടാവെളിയന്റെ പുഴുക്കളോട്, 

വെട്ടം പരത്തി പറന്നു നടക്കുന്ന മിന്നാമിനുങ്ങുകളോട്, 

കൈനീട്ടവുമായി പറന്നെത്തുന്ന പച്ചത്തുള്ളൻമാരോട്, 

ജാലകച്ചാരെ വിരുന്നുവരുന്ന നിശാശലഭങ്ങളോട്, 

ഇരുട്ടിൽ പറന്നുല്ലസിക്കുന്ന നരിച്ചീറുകളോട്, 

ചോദിച്ചുനോക്കൂ. 

അപ്പോഴറിയാം;

‌മാംസനിബദ്ധമല്ലാത്ത സ്നേഹമെന്താണെന്ന്. 

മാംസനിബദ്ധമല്ലാത്ത പ്രണയമെന്താണെന്ന്. 

മാംനിബദ്ധമല്ലാത്ത ജീവിതമെന്താണെന്ന്. 

ശുദ്ധമായ ആത്മീയത, ശുദ്ധമായ പ്രകൃതി തന്നെയാണെന്നു, ജീവിതം കൊണ്ടു തെളിയിച്ച രണ്ട് പച്ച മനുഷ്യർ ! 

അവരുടെ ജീവിതങ്ങളുടെയും വചനങ്ങളുടെയും പുസ്തകമാണ് ദൈവനഗ്നൻ. ചന്ദ്രശേഖർ നാരായണിന്റെ ശ്രീരാമ കൃഷ്ണ പരമഹംസരുടെ നോവൽ രൂപത്തിലുള്ള ജീവിതകഥ. 

വിവാഹ സമയത്ത് പരമഹംസർക്ക് 23 വയസ്സും വധുവായിരുന്ന ശാരദാദേവിക്ക് 5 വയസ്സുമായിരുന്നു. അവിടെനിന്നാണ് അവരുടെ യാത്ര തുടങ്ങിയത്. അവരെ തമ്മിൽ അകറ്റിയ ശക്തികളെ അതിജീവിച്ച് അസാധ്യമായ സ്വപ്നത്തെ പിന്തുടർന്ന് ശാരദാ ദേവി പരമഹംസന്റെ അരികിൽ എത്തുക തന്നെ ചെയ്തു. 

ശ്രീരാമകൃഷ്ണ പരമഹംസന്റെ ജീവിത വിജയത്തിന്റെ ഹേതു ദേവി കൂടിയാണ്. അത് ഒരിക്കൽ ഈ ലോകം അറിയാതിരിക്കില്ല. 

എന്റെ വ്യക്തിപ്രഭാവം മാത്രമാണ് ദാമ്പത്യജീവിതത്തെ വിജയത്തിന്റെ കൊടുമുടിയിൽ എത്തിച്ചതെന്നാണ് ആളുകൾ വിശ്വസിക്കുന്നത്. തത്തുല്യമായ ഒരു പങ്ക് ദേവിയും അർഹിക്കുന്നുണ്ടെന്നതാണ് വാസ്തവം. ദേവിയുടെ സ്വഭാവ നൈർമല്യവും സഹധർമം പാലിക്കാൻ അനുവർത്തിച്ച സഹിഷ്ണുതയും ആദർശധീരതയും. 

അതിനെക്കുറിച്ച് ആരും അങ്ങനെ അധികം എഴുതിയിട്ടില്ല. ഇനിയും വായിച്ചിട്ടില്ലാത്ത ആ ഹൃദയൈക്യത്തിന്റെ ആത്മീയ രേഖയാണ് ദൈവനഗ്നൻ. 

ദക്ഷിണേശ്വരത്തെ ഭവതാരിണീ ക്ഷേത്രത്തിലെ ഒരു ശാന്തിക്കാരൻ. പരമ ദരിദ്രൻ. തന്റേതെന്ന് പറയാൻ ഒന്നുമില്ല. വീടോ കുടിയോ സ്ഥാവര ജംഗമങ്ങളോ ധനമോ സ്വാധീനമോ ശക്തിയോ എന്തിന്,  സ്വന്തം ശരീരം പോലും നഷ്ടപ്പെട്ടുപോയ ഒരു അരക്കിറുക്കൻ. 

പക്ഷേ, ആ തേജസ്സ്, ഓജസ്സ്, വാക്ക്, നോക്ക്, ഭാവം, സ്പർശം, രുചി, കേൾവി, ഗന്ധം, അർധനഗ്നത. ഇതെല്ലാം മറ്റൊരാളിലും ഇതേവരെ കണ്ടിട്ടില്ല. അനുഭവിച്ചിട്ടില്ല. ആർക്കും ആർജിക്കാനും കഴിയുമെന്നു തോന്നുന്നില്ല. അതെല്ലാം അവിടെ മാത്രമുള്ളതാണ്. നാശമില്ലാത്തതാണ്. നിത്യമുക്തമാണ്.                                                        

നരേന്ദ്ര നാഥ ദത്ത ഇങ്ങനെ അനുഭവ സാക്ഷ്യം പറഞ്ഞ ഗുരുദേവന്റെ ജീവിതം വചനാമൃതങ്ങളോടെയാണ് നോവലിസ്റ്റ് ഇവിടെ അവതരിപ്പിക്കുന്നത്. കേവലം ഒരു നോവൽ എന്നതിനേക്കാൾ, ആത്മീയ യാത്ര. എണ്ണമറ്റ കഥകൾ. ഉപ കഥകൾ. ആത്മതേജസ്സ് സ്ഫുരിക്കുന്ന സാക്ഷ്യങ്ങൾ. ജീവചരിത്രവും തത്ത്വചിന്തയും നോവലും സംഗമിക്കുന്ന, അത്യന്തം വായനാക്ഷമമായ കൃതി. കേവലം ഒരു വ്യാഴവട്ടക്കാലം മാത്രം ഒരുമിച്ചു ജീവിച്ചിട്ടും ശാരദാ ദേവിയുടെയും പരമഹംസരുടെയും വൈവാഹിക ജീവിതത്തിന്റെ കാണാപ്പുറങ്ങൾ. 

English Summary:

Uncover the Untold Love Story of Sri Ramakrishna Paramahamsa and Sharada Devi: A Spiritual Journey

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com